സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി.
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് കോടതി സ്വമേധയാ കേസെടുത്തത് .സംഭവത്തില്‍ ബൈജു കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഈ സാചചര്യത്തിലാണ് സ്വമേഥയാ എടുത്ത കേസ് നടപടികൾ ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചത്.
കഴിഞ്ഞ മെയ് 9 നായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമർശം. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനെത്തുടര്‍നാണ് ഹൈക്കോടതി ബൈജുവിനെതിരെ സ്വമേധയാ കേസ് എടുത്തത്. തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. വിവാദ പരാമർശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമർശങ്ങൾ എന്നുമാണ് ബൈജു കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
രണ്ടു വട്ടം കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ബൈജു കോടതിയിലെത്തി മാപ്പപേക്ഷിക്കുകയായിരുന്നു. പൊതുജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാക്കാനാണോ ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു . ജനശ്രദ്ധ നേടാൻ ഇത്തരം കാര്യങ്ങളല്ല വിളിച്ചു പറയേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു .