ശിവകാര്ത്തികേയന് നായകനായി വേഷമിട്ട ‘അയലാന്’ ആഗോളതലത്തില്‍ ആകെ 50 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകന് ശിവകാര്ത്തികേയന് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും ശിവകാര്ത്തികേയന് നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംവിധാനം ആര് രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്ത്തികേയന് ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാന് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. ശിവകാര്ത്തികേയന് നായകനാകുന്ന മറ്റൊരു വമ്പന്‍ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ് എന്ന റിപ്പോര്‍ട്ടും ആരാധകരെ വലിയ ആവേശത്തിലാക്കുന്ന ഒന്നാണ്. എസ്കെ 21 എന്നാണ് ശിവകാര്ത്തികേയന് ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്റെ നായികയായെത്തുന്നത്.