രുചികരമായ മിക്ക ഭക്ഷണങ്ങളും അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. എന്നാല്‍ ഇതില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. മിക്കവരും ഗ്ലൂട്ടന്‍ ഇന്‍ടോളറന്‍സ് മൂലം പ്രയാസപ്പെടുന്നവരാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് ആളുകളെ രോഗിയാക്കും. ന്യൂസീലന്‍ഡ് ഓട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഗ്ലൂട്ടന്‍ ശരീരഭാരം കൂട്ടാന്‍ ഇടയാക്കുമെന്നു കണ്ടു. ഇത് എലികളില്‍ ഓര്‍മശക്തിയെയും ബാധിക്കുമെന്ന് പഠനം പറയുന്നു. മനുഷ്യന്‍ ഒരു ദിവസം കഴിക്കുന്ന ശരാശരി ഗ്ലൂട്ടന്റെ അളവില്‍ അതായത് 4.5 ശതമാനം ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം ദിവസവും എലികള്‍ക്കു നല്‍കി ഇവയുടെ തലച്ചോറിന്റെ ഹൈപ്പോതലാമിക് ഭാഗത്ത് ഇന്‍ഫ്‌ലമേഷന്‍ ഉണ്ടായതായി കണ്ടു. തലച്ചോറിന്റെ ക്ഷതത്തിനും ശരീരഭാരം കൂട്ടാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഇന്‍ഫ്‌ലമേഷന്‍ കാരണമാകും. സീലിയാക് ഡിസീസിലുള്ളതുപോലെ പ്രതിരോധപ്രതികരണവുമായി ബന്ധപ്പെട്ടാകാം ഇന്‍ഫ്‌ലമേഷന്‍ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതേ ഇന്‍ഫ്‌ലമേഷന്‍ മനുഷ്യനിലും വരാമെന്നും അവര്‍ പറയുന്നു. ബിയര്‍, ബിസ്‌കറ്റ്, ബ്രഡ്, കേക്കുകള്‍, സെറീയല്‍സ്, ഗ്രേവി, പാസ്ത, സോസുകള്‍, ഡ്രസ്സിങ്ങുകള്‍, പേസ്ട്രി, നൂഡില്‍സ് എന്നിവ ഒഴിവാക്കുക. പകരം പ്രോബയോട്ടിക്‌സുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലബാക്ടീരിയകള്‍ ഉദരത്തിലുണ്ടാകാനും വായു, വയറിനു കനം, മലബന്ധം ഇവയെല്ലാം കുറയ്ക്കാനും സഹായിക്കും. കൊഴുപ്പു കുറഞ്ഞ നാരുകള്‍ ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. വിളര്‍ച്ച, ഉയര്‍ന്ന കൊളസ്‌ട്രോള്‍, വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും അഭാവം തുടങ്ങിയ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. ഗ്ലൂട്ടന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഏതൊക്കെ എന്ന് മനസ്സിലാക്കി അവ ഒഴിവാക്കുക.