സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിലെ ട്രെയിലര്‍ റിലീസ് ചെയ്തു. മനോഹരമായൊരു കുടുംബ ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആന്‍ ആഗസ്റ്റിന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹരികുമാര്‍ ആണ്. ഒരിടവേളക്ക് ശേഷം ആന്‍ അഗസ്റ്റില്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ ആക്കിയിരിക്കുന്നത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കടകന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റില്‍ പ്രഖ്യപിച്ച് കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞു. തിരിച്ചും മറിച്ചും നോക്കിയാല്‍ മാത്രം കാര്യങ്ങള്‍ മനസിലാകുന്ന ഒരു വ്യത്യസ്തമായ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. ബ്രില്യന്റ് പോസ്റ്റര്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സജില്‍ മമ്പാടിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ബോധിയും എസ്‌കെ മാമ്പാടും ചേര്‍ന്നാണ്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍.
ദീപാവലി അവധിക്കു പിന്നാലെ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4685 ആയി. ശനിയാഴ്ച പവന്‍ വില 400 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ചയും ദീപാവലി ദിനമായ ഇന്നലെയും വിലയില്‍ മാറ്റമുണ്ടായില്ല. അതേയമയം സംസ്ഥാനത്ത് വെള്ളിവില വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 63.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 509.60 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 637 രൂപയും, ഒരു കിലോഗ്രാമിന് 63, 700 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്പെഷ്യല്‍ ദീപാവലി റീച്ചാര്‍ജ് ഓഫറുമായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും വിയും. ഒരു വര്‍ഷം വരെ കാലാവധിയുള്ള 2999 രൂപയുടെ ഫോര്‍ ജി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള റീച്ചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. പ്രതിദിനം 2.5 ജിബി ഡേറ്റ വഴി ഒരു വര്‍ഷം 912 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 75 ജിബി ഡേറ്റ അധികമായി നല്‍കും. കൂടാതെ ജിയോ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും സാധിക്കും. ഒക്ടോബര്‍ 31നകം 1449 രൂപയുടെ റീച്ചാര്‍ജ് എടുക്കുന്നവര്‍ക്കാണ് വി ദീപാവലി ഓഫര്‍ നല്‍കുന്നത്. പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 50 ജിബി ഡേറ്റ അധികമായി ലഭിക്കും. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറുമണിവരെ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ജിയോയ്ക്ക് സമാനമായി മറ്റു ആനുകൂല്യങ്ങളും ഇതില്‍ ലഭിക്കും. ഒരു വര്‍ഷത്തേയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഉപയോഗിക്കാമെന്നതാണ് മറ്റൊരു ഓഫര്‍.
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ ബലേനോ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി വരുന്നു. 22.94 കിലോമീറ്റര്‍ വരെ മൈലേജ് ഈ കാര്‍ നല്‍കുന്നു. മാരുതി ഇപ്പോള്‍ പുതിയ ബലേനോയെ സിഎന്‍ജി രൂപത്തിലും കൊണ്ടുവരികയാണ്. ഇതോടെ മൈലേജ് കൂടുതല്‍ വര്‍ദ്ധിക്കും. കാരണം അടുത്ത മാസത്തോടെ ബലേനോ സിഎന്‍ജി പുറത്തിറങ്ങിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബലേനോ സിഎന്‍ജിയുടെ ഡിസൈനില്‍ മാറ്റമില്ല. അതില്‍ സിഎന്‍ജി കിറ്റ് മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യൂ. ഇതിന്റെ വില നിലവിലെ പെട്രോള്‍ മോഡലിനേക്കാള്‍ 70,000 രൂപ കൂടുതലായിരിക്കും. സിഎന്‍ജി കിറ്റ് സ്ഥാപിക്കുന്നതിനാല്‍ എന്‍ജിന്‍ ശക്തിയിലും ടോര്‍ക്കിലും നേരിയ വ്യത്യാസം ഉണ്ടായേക്കാം.
പല മേഖലകളില്‍ വ്യാപരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍. എന്നോ മണ്‍മറഞ്ഞുപോയ ഒരു നോവല്‍. ഇവയെല്ലാം സന്ധിക്കുന്ന കഥാന്ത്യത്തില്‍ ഹനനം പൂര്‍ണ്ണമാവുന്നു. ഏറെ ഗൗരവമുള്ള ഒരു മെഡിക്കല്‍ വിഷയത്തെ ജനപ്രിയ കഥാപരിസരത്തുനിന്ന് ഡോക്ടര്‍കൂടിയായ എഴുത്തുകാരന്‍ അവതരിപ്പിക്കുമ്പോള്‍ നോവലിന് പ്രസക്തിയേറുന്നു. വ്യത്യസ്തമായ ആഖ്യാനസവിശേഷതകളോടുകൂടിയ ക്രൈം ത്രില്ലര്‍. ‘ഹനനം’. നിഖിലേഷ് മേനോന്‍. മാതൃഭൂമി ബുക്‌സ്. വില 218 രൂപ.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സാധാരണഗതിയില്‍ ഹൃദ്രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യ ഘടകം മുതല്‍ സ്‌ട്രെസ്- വിഷാദം പോലുള്ള മാനസികാരോഗ്യ ഘടകങ്ങള്‍ വരെ ഇതിന് കാരണമാകുന്നു.സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതിന് പ്രമേഹം വലിയ രീതിയില്‍ കാരണമാകാറുണ്ട്. ഇത് കൂടാതെ ഒരിക്കല്‍ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള സ്ത്രീകളില്‍ അടുത്തൊരു ഹൃദയാഘാതത്തിനുള്ള സാധ്യതയും ഹൃദയം അപകടപ്പെടാനുള്ള സാധ്യതയും പ്രമേഹം വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം കൂടുതലും കാണുന്നത് സ്ത്രീകളിലാണ്. ഇതും ഇവരില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവവിരാമം കടന്നവരിലാണ് ഇതിനുള്ള സാധ്യത കൂടുന്നത്. ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഹൃദയത്തെ പെട്ടെന്ന് അപകടത്തിലാക്കാറുണ്ട്. സ്ത്രീകളിലാണ് താരതമ്യേന ബിപി പ്രശ്‌നങ്ങളും കൊളസ്‌ട്രോളും അധികവും കാണാറ്. ആര്‍ത്തവവിരാമം കടന്ന സ്ത്രീകളാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. വീട്ടുജോലികള്‍ കാര്യമായും ചെയ്യുന്നത് ഇന്നും മിക്ക വീടുകളിലും സ്ത്രീകള്‍ തന്നെയാണ്. എന്നാലിത് വ്യായാമത്തിന്റെ ഗുണം ചെയ്യണമെന്നില്ല. സ്ത്രീകള്‍ പുരുഷന്മാരോളം വ്യായാമം ചെയ്യുന്നുമില്ല. ഇതും ക്രമേണ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം. സ്ത്രീകളെ അപേക്ഷിച്ച് മദ്യപാനവും പുകവലിയും കൂടുതലുള്ളത് പുരുഷന്മാരില്‍ തന്നെയാണ്. എങ്കിലും സ്ത്രീകളിലും ഈ ദുശ്ശീലങ്ങള്‍ കാണുന്നുണ്ട്. ഇതും ക്രമേണ ഇവരെ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.73, പൗണ്ട് – 93.43, യൂറോ – 81.60, സ്വിസ് ഫ്രാങ്ക് – 82.54, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.32, ബഹറിന്‍ ദിനാര്‍ – 219.46, കുവൈത്ത് ദിനാര്‍ -266.58, ഒമാനി റിയാല്‍ – 214.83, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.36.