കേരളത്തില്‍ നിന്ന് ഓസ്ട്രേലിയയിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബേന്‍ എന്നിവിടങ്ങളിലെല്ലാം കേരള ഉത്പന്നങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നിട്ടുണ്ട്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് 32-40 വില വര്‍ധിച്ചു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വാടക അടക്കം ചെലവ് വലിയ തോതില്‍ ഉയര്‍ന്നിരുന്നു. അടുത്തിടെയാണ് വിദ്യാര്‍ത്ഥി വീസ ഫീസ് 125 ശതമാനത്തിലേറെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ (710 ഡോളര്‍) ആയിരുന്ന വീസ ഫീ 1,33,510 രൂപയിലേക്ക് (1,600 ഡോളര്‍) ആണ് ഉയര്‍ത്തിയത്. ഒറ്റയടിക്ക് 74,265 രൂപയാണ് കൂട്ടിയത്. പുതിയ വര്‍ധനയോടെ യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ചെലവേറിയതായി ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര. സെപ്റ്റംബര്‍ 30 വരെയുള്ള ഒരു വര്‍ഷം ഓസ്‌ട്രേലിയയിലേക്ക് 5.5 ലക്ഷം കുടിയേറ്റക്കാര്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധന.