ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, പലഹാരങ്ങള്‍ എന്നിവയില്‍ വ്യാപമായി ഉപയോഗിക്കുന്ന ‘അസ്പാര്‍ട്ടേം’ അര്‍ബുദകാരിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണവിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്നതാണ് അസ്പാര്‍ട്ടേം. ഇപ്പോഴിതാ, എത്ര അളവില്‍ അസ്പാര്‍ട്ടേം കഴിക്കുന്നതാണ് സുരക്ഷിതമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡബ്ല്യൂ എച്ച് ഒയുടെ മറ്റൊരു വിദഗ്ധ സമിതി. പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ് ഇത്, പഞ്ചസാരയ്ക്ക് സമാനമായ കലോറിയും ഇതിലടങ്ങിയിട്ടുണ്ട്. 951 എന്ന അഡിറ്റീവ് നമ്പര്‍ ഉള്ള പാനീയങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ അസ്പാര്‍ട്ടേം അടങ്ങിയിട്ടുണ്ട്. ഓരോരുത്തരുടെയും ശരീരഭാരം കണക്കാക്കിയാണ് അസ്പാര്‍ട്ടേമിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു കിലോയ്ക്ക് 40 മില്ലീഗ്രാം വരെ എന്ന കണക്കിലാണ് അസ്പാര്‍ട്ടേം ഉപയോഗിക്കാവുന്നത്. അതായത്, 70 കിലോയുള്ള ഒരു വ്യക്തി 14 കാന്‍, അതായത് ഏകദേശം അഞ്ച് ലിറ്ററിലധികം ശീതളപാനീയങ്ങള്‍ കുടിക്കുമ്പോഴാണ് അപകടകരമായ അളവില്‍ അസ്പാര്‍ട്ടേം ശരീരത്തിലെത്തുന്നത്. ദിവസവും ശരീരത്തിലെത്തുന്ന അസ്പാര്‍ട്ടേമിന്റെ കണക്ക് അറിയുക അത്ര എളുപ്പമല്ല. അതുകൊണ്ട് കൃത്രിമ മധുരം ചേരുവയായുള്ളവ കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. മനുഷ്യരില്‍ മൂന്ന് പഠനങ്ങളാണ് ഇതുസബന്ധിച്ചുള്ളത്. ഈ മൂന്ന് പഠനങ്ങളും അസ്പാര്‍ട്ടേമും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് എത്തിയത്. 11 വര്‍ഷത്തോളമെടുത്ത് യൂറോപ്പില്‍ നടത്തിയ ഒരു പഠനത്തില്‍ ഡയറ്റ് സോഫ്റ്റ് ഡ്രിങ്ക് അമിതമായി കഴിക്കുന്നത് ലിവര്‍ കാന്‍സര്‍ സാധ്യത ആറ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമാണെന്നാണ് പറയുന്നത്. യുഎസ്സിലെ പഠനം, ആഴ്ച്ചയില്‍ രണ്ടിലധികം കാന്‍ ഡയറ്റ് സോഡ കുടിക്കുന്നവര്‍ക്ക് ലിവര്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. യുഎസ്സില്‍ തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ ഒരിക്കലും പുകവലിക്കാത്ത ദിവസവും രണ്ടോ അതിലധികമോ കൃത്രിമ മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ ലിവര്‍ കാന്‍സര്‍ റിസ്‌ക്ക് കൂടിയതായി കണ്ടെത്തി.