കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 5,840 രൂപയായി. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് സ്വര്‍ണ വില കേരളത്തില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ആറ് ദിവസംകൊണ്ട് പവന്‍ വിലയിലുണ്ടായത് 1,880 രൂപയുടെ വര്‍ധനയാണ്. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,670 ഡോളര്‍ വരെ ഉയര്‍ന്ന് സര്‍വകാല റെക്കോഡിട്ട ശേഷം 2,660.80 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലവര്‍ധന ക്രമാതീതമായി വര്‍ധിക്കുന്നത്. കേരളത്തില്‍ ഒരു പവന്‍ ആഭരണത്തിന് പണിക്കൂലിയും മറ്റ് ചാര്‍ജുകളും ചേര്‍ത്ത് 61,136 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടി വരും.