ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ നാലിന് തുറക്കും. പുണെയിലെ കൊറേഗാവ് പാര്‍ക്കിലാണ് ആപ്പിളിന്റെ പുതിയ സ്റ്റോര്‍ തുറക്കുന്നത്. ബംഗളൂരുവിലെ ഹെബ്ബാലില്‍ മൂന്നാമത്തെ സ്റ്റോര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത സ്റ്റോര്‍ കമ്പനി പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസിന്റെ അവതരണ പരിപാടി നടക്കുന്നതിന് മുന്നോടിയായി പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. 1000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിലാണ് സ്റ്റോര്‍ ആരംഭിക്കുന്നത്. ഇന്ത്യ വലിയ വിപണിയാണ് എന്നതിലുപരിയായി യു.എസിലേക്കുള്ള കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ ചൈനയെ പിന്തള്ളി ഐഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമതെത്തി. 2023 ഏപ്രിലില്‍ മുംബൈയിലെ ബി.കെ.സി കോംപ്ലക്സിലാണ് ആപ്പിള്‍ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചത്. അതേ വര്‍ഷം തന്നെ ഡല്‍ഹിയിലെ സാകേതിലും സ്റ്റോര്‍ ആരംഭിച്ചു.