പതിവ് രീതിയിലുള്ള ലെതര്‍ കേയ്‌സുകളോട് ഇത്തവണ വിട പറയാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന് വേണ്ടി പുതിയതരം കേയ്‌സ് മെറ്റീരിയല്‍ നിര്‍മ്മിച്ചതോടെയാണ് ലെതര്‍ കേയ്‌സുകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ആപ്പിള്‍ എത്തിയത്. ഇനി കമ്പനി പുറത്തിറക്കാനിരിക്കുന്ന മറ്റ് ഹാന്‍ഡ്‌സെറ്റുകളിലും ലെതര്‍ കേയ്‌സുകള്‍ നല്‍കിയേക്കില്ലെന്നാണ് സൂചന. സാധാരണയായി മൃഗത്തൊലി ഉപയോഗിച്ചുള്ള ലെതര്‍ കേയ്‌സുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരുന്നത്. ഇത്തവണ കാര്‍ബണ്‍ സാന്നിധ്യം കുറഞ്ഞ പ്രകൃതി സൗഹൃദ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് കേയ്‌സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കേയ്‌സുകളെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം, മജിന്‍ബു ഒഫീഷ്യല്‍, ഡ്യുവാന്‍ റുയി എന്നീ ടിപ്പ്സ്റ്റര്‍മാര്‍ കേയ്‌സുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 2013 മുതലാണ് ഐഫോണ്‍ സീരീസുകളില്‍ ലെതര്‍ കേയ്‌സുകള്‍ കമ്പനി പുറത്തിറക്കിയത്. 2013-ല്‍ പുറത്തിറക്കിയ ഐഫോണ്‍ 5എസ് ലെതര്‍ കേയ്‌സുകളോടെയാണ് വിപണിയില്‍ എത്തിയത്. പിന്നീട് ഓരോ ഘട്ടങ്ങളിലായി അലൂമിനിയം ബട്ടനുകള്‍, മാഗ്‌സേഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലെതര്‍ കേയ്‌സുകള്‍ കമ്പനി പുറത്തിറക്കുകയായിരുന്നു. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് ലെതര്‍ കേയ്‌സുകളോട് ആപ്പിള്‍ വിട പറയുന്നത്.