യൂറോപ്യന്‍ യൂണിയനുമായി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തില്‍ ആപ്പിളിന് കനത്ത തിരിച്ചടി. അയര്‍ലന്റുമായുണ്ടാക്കിയ പ്രത്യേക നികുതി കരാറിലൂടെ ആപ്പിള്‍ കമ്പനി പണം സമ്പാദിച്ചെന്നും ഈ തുക തിരിച്ചടക്കണമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തവിട്ടത്. ഉത്തരവ് പ്രകാരം ആപ്പിള്‍ ഏതാണ്ട് 1,440 കോടി ഡോളര്‍ അയര്‍ലന്റിന് നല്‍കണം. 2016 ല്‍ യൂറോപ്യന്‍ കമ്മീഷന്‍ കോംപറ്റീഷന്‍ മേധാവി മാര്‍ഗരറ്റ് വെസ്റ്റാഗര്‍, അയര്‍ലന്റും ആപ്പിളും നിയമവിരുദ്ധമായ നികുതി കരാറുണ്ടാക്കിയതായി ആരോപിച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതിയില്ലാത്ത വരുമാനം ഒരു ഐറിഷ് സബ്സിഡറിയിലേക്ക് മാറ്റുന്നതിന് അനുമതിയുണ്ടായിരുന്നു. ഈ പണം പിന്നീട് അയര്‍ലന്റില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കമ്പനിയിലേക്ക് മാറ്റുകയും ടാക്സ് ഹെവന്‍ ബര്‍മുഡ പോലുള്ള മറ്റെവിടെയെങ്കിലും നികുതി ചുമത്തുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഇതിനെതിരെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് 2014 ല്‍ അയര്‍ലന്റ് ഇതിലെ പഴുതുകള്‍ അടച്ചു. അതുവരെ ആപ്പിള്‍ കമ്പനി നികുതി വെട്ടിപ്പിലൂടെ വന്‍തുകയുണ്ടാക്കിയതായാണ് കണ്ടെത്തിയത്.