സാംസങ്ങും ഷവോമിയും ഹുവാവെയും ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ വിപണിയില്‍ ആപ്പിളും ശക്തിപ്രാപിക്കുന്നു. പോയവര്‍ഷത്തെ അവസാന പാദമായ ഒക്ടോബര്‍ -ഡിസംബര്‍ കാലയളവില്‍ ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന ടോപ് ഫൈവ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി. വിപണിവിഹിതത്തിന്റെ പത്ത് ശതമാനവും ഇക്കാലയളവില്‍ ആപ്പിള്‍ പിടിച്ചു. ഓണ്‍ലൈന്‍ റീടെയ്‌ലര്‍മാര്‍ 24 മാസം വരെ പലിശരഹിത ഇ.എം.ഐ പ്ലാനുകള്‍ അവതരിപ്പിച്ചത്, ഇടത്തരം വരുമാനക്കാരും ആപ്പിള്‍ ഫോണുകള്‍ സ്വന്തമാക്കുന്നതിലേക്ക് നയിച്ചു. 2026ഓടെ ആഗോള തലത്തില്‍ ആപ്പിളിന്റെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. യു.എസും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 2023ല്‍ ഒമ്പത് ദശലക്ഷം യൂണിറ്റ് ആപ്പിള്‍ ഡിവൈസുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2024ല്‍ ഇത് 12 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. 34 ശതമാനം വളര്‍ച്ചയാണ് ഒറ്റ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ കമ്പനി സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങിയതും കമ്പനിക്ക് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയല്‍ 35 ശതമാനത്തിലേറെ ലാഭമുയര്‍ത്താനും ആപ്പിളിന് പോയ വര്‍ഷം കഴിഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ എയര്‍പോഡും ഐപാഡും ഉള്‍പ്പെടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.