ലോകത്തിലെ മുന്‍നിര ടെക് കമ്പനിയായ ആപ്പിള്‍ എഐ സാങ്കേതികവിദ്യ സംയോജിപ്പിച്ച സ്മാര്‍ട്ട് കണ്ണടകള്‍ വികസിപ്പിക്കുന്നു. ഈ സ്മാര്‍ട്ട് കണ്ണടകള്‍ വിവിധ ഫ്രെയിം ഡിസൈനുകളിലും നിറങ്ങളിലുമായി ഈ വര്‍ഷാവസാനത്തോടെ തന്നെ അവതരിപ്പിക്കാനാണ് സാധ്യത. മികച്ച ക്യാമറ ഫീച്ചറുകളും ഈ സ്മാര്‍ട്ട് കണ്ണടയ്ക്കുണ്ടാകും. ആപ്പിളിന്റെ ഡിസൈന്‍ ടീം കുറഞ്ഞത് നാല് വ്യത്യസ്ത ഫ്രെയിം ശൈലികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ റെക്ടാംഗുലര്‍ ഫ്രെയിം, സ്ലിം റെക്ടാംഗുലര്‍ മോഡല്‍, വലിയ ഓവല്‍ അല്ലെങ്കില്‍ വൃത്താകൃതിയിലുള്ള ഡിസൈന്‍, ചെറിയ ഓവല്‍ ഫ്രെയിം എന്നിവയാണ് പരിഗണനയില്‍ ഉള്ളത്. ക്ലാസിക് റേ-ബാന്‍ വേഫെയറുകളുടെ സമാന മാതൃകയില്‍ നിന്നുള്ള പ്രചോദനവും ചില ഡിസൈനുകളില്‍ കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, സാധാരണ പ്ലാസ്റ്റിക്കിന് പകരം കൂടുതല്‍ ദൃഢവും ആഡംബരപരവുമായ അസിറ്റേറ്റ് പോലുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് കണ്ണടകള്‍ നിര്‍മ്മിക്കാനും ആപ്പിള്‍ ആലോചിക്കുന്നു.
സ്മാര്‍ട്ട് കണ്ണടകള്‍ വികസിപ്പിച്ച് ആപ്പിള്‍
