തെന്നിന്ത്യന്‍ നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് മീന സിനിമയില്‍ അവതരിപ്പിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആനന്ദപുരം ഡയറീസ്’. തമിഴ് നടന്‍ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി കെ എസ് ചിത്ര ആലപിച്ച ‘ആര് നീ കണ്‍മണി…’ എന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. ‘ഇന്നീ ജീവിതം…’, ‘സത്യമേവ ജയതേ…’, ‘കണ്ണിലൂറുമൊരു…’ തുടങ്ങിയ ചിത്രത്തിലെ മറ്റ് ഗാനങ്ങളുടെ ലിറക്കല്‍ വീഡിയോയും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാന്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍, ആല്‍ബര്‍ട്ട് വിജയന്‍, ജാക്സണ്‍ വിജയന്‍ എന്നിവര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്സണ്‍ വിജയന്‍, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്‍, അശ്വിന്‍ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യന്‍, യാസിന്‍ നിസാര്‍, മിഥുന്‍ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.