ഓറിയന്റ് സിമന്റ് ലിമിറ്റഡിനെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്സ്. 8,100 കോടി രൂപയുടെ ഓഹരി മൂല്യം കണക്കാക്കിയാണ് ഇടപാട്. 46.8 ശതമാനം ഓഹരിയാണ് അംബുജ സിമന്റ്സ് സ്വന്തമാക്കിയത്. ചന്ദ്രകാന്ത് ബിര്‍ലയുടെ നേതൃത്വത്തിലുള്ള സി.കെ ബിര്‍ല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഓറിയന്റ് സിമന്റ്സ്. വര്‍ഷത്തില്‍ 8.5 ദശലക്ഷം ടണ്‍ ഉത്പാദക ശേഷിയുള്ള കമ്പനിയാണിത്. പ്രതിവര്‍ഷം 100 ദശലക്ഷം ടണ്‍ ശേഷിയിലേക്ക് വളരണമെന്ന അദാനി സിമന്റ്സിന്റെ ലക്ഷ്യത്തോട് അടുക്കുന്ന നടപടിയാണിത്. ഇന്ത്യയിലെ സിമന്റ് വിപണിയിലെ അദാനിയുടെ വിഹിതം ഇതോടെ രണ്ട് ശതമാനം വര്‍ധിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളതും തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുമായ ഓറിയന്റ് സിമന്റിന്റെ പ്ലാന്റുകള്‍ക്കൊപ്പം രാജസ്ഥാനിലെ ലൈം സ്റ്റോണ്‍ ഖനിയും അദാനി ഏറ്റെടുത്തു. ഓഹരി നിയന്ത്രണ സ്ഥാപനമായ സെബിയുടെ അംഗീകാരം ലഭിച്ചാലേ ഇടപാട് പൂര്‍ത്തിയാകൂ. നിലവില്‍ കാല്‍ഭാഗത്തോളം വിപണി വിഹിതം സ്വന്തമാക്കിയ അദാനി ഗ്രൂപ്പാണ് സിമന്റ് വിപണിയിലെ രണ്ടാം സ്ഥാനക്കാര്‍. 31 ശതമാനം വിപണി വിഹിതവുമായി ബിര്‍ളയുടെ അള്‍ട്രാടെക് സിമന്റാണ് മുന്നിലുള്ളത്.