ഇന്ന് മഹാശിവരാത്രി. കുംഭ മാസത്തിലെ കറുത്ത പക്ഷ ചതുർത്ഥി നാളിലാണ് ശിവരാത്രി ആഘോഷം. ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വ്രതാനുഷ്ഠാനത്തോടെ ഭക്തർ ശിവനെ ഭജിക്കും കോവിഡ് ഇടവേളക്കുശേഷം എത്തുന്ന ശിവരാത്രിയ്ക്കായി ഭക്തർ ആലുവയിൽ എത്തിത്തുടങ്ങി. തിരക്ക് കണക്കിലെടുത്ത് ബലി തർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ഇക്കുറി ആലുവ മണപ്പുറത്തെ കുറിച്ചുള്ള ‘പൂഴിയിട്ടാൽ വീഴാത്ത മണപ്പുറം’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് കണക്കുകൂട്ടൽ.കൊവിഡ് നിയന്ത്രണങ്ങൾ ഇക്കുറി ആലുവ മണപ്പുറത്തില്ല. ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും. ഒരേസമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി 210 പ്രത്യേക സര്‍വ്വീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യൽ പെര്‍മിറ്റും നല്‍കും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേയും അധിക സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോയും അറിയിച്ചു.