രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളെല്ലാം ഒരു കുടക്കീഴിലേക്ക് എത്തുന്നു. ഡിജിറ്റല്‍ കൊമേഴ്സ് സഖ്യം എന്ന പേരിലാണ് ഈ കമ്പനികള്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. ആമസോണ്‍, സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേര്‍ണല്‍, മീഷോ, സ്വിഗ്ഗി, സെപ്റ്റോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഈ സംഘടനയുടെ അംഗങ്ങളാണ്. അതേസമയം, ഫ്ളിപ്കാര്‍ട്ട് ഈ സഖ്യത്തില്‍ ഇതുവരെ പങ്കാളികളായിട്ടില്ല. ടയര്‍ കമ്പനികളുടെ സംഘടനയായ ആത്മയുടെ രീതിയിലാകും ഈ സംഘടനയും പ്രവര്‍ത്തിക്കുക. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘കോവന്‍ അഡൈ്വസറി ഗ്രൂപ്പ്’ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയിലെ ഇന്റര്‍നെറ്റ്-ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.എം.എ.ഐ, എ.ഡി.ഐ.എഫ് എന്നിവയ്ക്ക് പുറമെയാണ് ഡിജിറ്റല്‍ കൊമേഴ്‌സ് മേഖലയ്ക്ക് മാത്രമായി ഈ പുതിയ സംഘടന നിലവില്‍ വന്നിരിക്കുന്നത്.
