എയര്‍ ഇന്ത്യയുടെ 5 പ്രധാന മെട്രോ റൂട്ടുകളില്‍ ഡിസംബര്‍ 1 മുതല്‍ എല്ലാ ആഭ്യന്തര നാരോബോഡി സര്‍വീസുകള്‍ക്കും വിസ്താരയുടെ എയര്‍ബസ് 320 നിയോ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. തിരക്കേറിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇന്‍ഡിഗോ മെട്രോ റൂട്ടുകളില്‍ ‘ഇന്‍ഡിഗോ സ്‌ട്രെച്ച്’ എന്ന പേരില്‍ ആരംഭിച്ച ബിസിനസ് ക്ലാസ് സര്‍വീസിനെ നേരിടാന്‍ കൂടിയാണിത്. വിസ്താരയുടെ ഏറ്റവും മികച്ച വിമാനങ്ങളായിരിക്കും ഈ റൂട്ടില്‍ നാരോബോഡി സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക. വിസ്താര വിമാനങ്ങള്‍ ‘എഐ2’ എന്ന ഫ്‌ലൈറ്റ്‌കോഡ് ഉപയോഗിക്കുന്നതിനാല്‍ ഈ റൂട്ടുകളിലെ എല്ലാ നാരോബോഡി എയര്‍ ഇന്ത്യ സര്‍വീസുകളുടെയും കോഡ് ഈ രീതിയിലായിരിക്കും. ഇതോടെ ഈ റൂട്ടുകളിലെ എല്ലാ എയര്‍ ഇന്ത്യ സര്‍വീസുകളിലും ബിസിനസ് ക്ലാസ് (8 സീറ്റ്), പ്രീമിയം ഇക്കോണമി (24 സീറ്റ്), ഇക്കോണമി (132 സീറ്റ്) എന്നിവയുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് മുംബൈ, ബെംഗളൂരു, ഹൈദരാബാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ ഒന്ന് വീതം വൈഡ്‌ബോഡി (വലിയ വിമാനം) സര്‍വീസ് തുടരും.