qw 1

ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരീസാണ് ‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’. അഹാന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രെയിലറിനും ലഭിച്ചത് മികച്ച പ്രതികരണമാണ്. ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസ് പറയുന്നത്. അവര്‍ക്കിടയില്‍ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചര്‍ച്ചയാകുന്നുണ്ട്. ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേര്‍ത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് ‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’. സംവിധായകന്‍-അഭിലാഷ് സുധീഷ്. മീരാ നായരും നവാഗതയായ കാര്‍ത്തി വിഎസും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം യൂട്യൂബര്‍ അരുണ്‍ പ്രദീപും, സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ രാജഗോപാലും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ ‘ജയിലറു’ടെ ചിത്രീകരണത്തിന് ചെന്നൈയില്‍ തുടക്കമായിരുന്നു. തമന്ന ‘ജയിലറി’ല്‍ നായികയായേക്കുമെന്നാണ് വാര്‍ത്തകള്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. എന്നാല്‍ ഓഗസ്റ്റ് 15ന് ആവും രജനീകാന്ത് എത്തുക. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെയും 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയര്‍ന്നത് 640 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 40 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 35 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്.

നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ എല്‍.ഐ.സി 682.88 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021ലെ സമാനപാദലാഭം 24.36 കോടി രൂപയായിരുന്നു. മൊത്തം പ്രീമിയം വരുമാനം 81,721 കോടി രൂപയില്‍ നിന്ന് 98,352 കോടി രൂപയിലെത്തി. മൊത്തം 36.81 ലക്ഷം വ്യക്തിഗത പോളിസികളാണ് കഴിഞ്ഞപാദത്തില്‍ എല്‍.ഐ.സി വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തിലെ 23.07 ലക്ഷത്തേക്കാള്‍ 59.56 ശതമാനമാണ് വര്‍ദ്ധന. എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 41.02 ലക്ഷം കോടി രൂപയാണ്. 2021 ജൂണ്‍പാദത്തില്‍ 38.13 ലക്ഷം കോടി രൂപയായിരുന്നു. എല്‍.ഐ.സിയുടെ ആദ്യവര്‍ഷ പ്രീമിയം വിപണിവിഹിതം 63.25 ശതമാനത്തില്‍ നിന്ന് 65.42 ശതമാനത്തിലേക്കും ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആഗോളതലത്തില്‍ ഒലയുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കും. ചുവന്ന നിറത്തിലെ കാറിന്റെ മുന്‍ചക്രം മാത്രം കാണിച്ചുള്ള ഒരു ഷോര്‍ട്ട് വിഡിയോ പങ്കുവച്ച് ഒല സിഇഒ ഭവീഷ് അഗര്‍വാളാണ് പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒല ഇലക്ട്രിക് കാര്‍ എത്തും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ബ്രാന്‍ഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കാണിക്കുന്ന ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും മുമ്പ് തന്നെ ഒല ഇലക്ട്രിക് സൂചന നല്‍കിയിരുന്നു.

സ്വതന്ത്ര്യത്തിനു വേണ്ടിയുള്ള ചെറുത്തു നില്പുകളില്‍ ഏറ്റവും പഴക്കമവകാശപ്പെടാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില്‍ ദേശീയ പ്രസ്ഥാനങ്ങളോട് അണി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ കഥ. ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കേരളവും’. പി എ വാര്യര്‍. ഡിസി ബുക്‌സ്. വില 117 രൂപ.

നമ്മുടെ പല വീടുകളിലും പല വീട്ടുപകരണങ്ങളിലും കണ്ടുവരുന്ന ഒന്നാണ് സിന്തറ്റിക് രാസവസ്തുക്കള്‍. പെട്ടെന്നൊന്നും എങ്ങും ലയിച്ച് ഇല്ലാതായിപ്പോകാത്ത ഈ രാസപദാര്‍ത്ഥങ്ങള്‍ ‘ഫോറെവര്‍ കെമിക്കല്‍സ്’ എന്നാണറിയപ്പെടുന്നത്. എന്നാല്‍ സിന്തറ്റിക് രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് കരള്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. അടുക്കളയില്‍ നമ്മളുപയോഗിക്കുന്ന നോണ്‍സ്റ്റിക് പാത്രങ്ങള്‍ മുതല്‍ ടാപ്പിലൂടെ വാട്ടര്‍, ഷാംപൂ, ക്ലീനിങ് ഉത്പന്നങ്ങള്‍ എന്നിവയില്‍ വരെ സിന്തറ്റിക്ക് രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഈ കെമിക്കലുകള്‍ പതിവായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 4.5 മടങ്ങ് കരള്‍ ക്യാന്‍സറിന് സാധ്യത കൂടുമെന്നാണ് ലോസാഞ്ചലസിലെ സത്തേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. കരള്‍ രോഗങ്ങളില്‍ തന്നെ ഏറ്റവും ഗുരുതരമായിട്ടുള്ളതാണ് കരള്‍ കാന്‍സര്‍. കെമിക്കലുകള്‍ കരളിലെത്തിയ ശേഷം കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും പിന്നീട് ഇത് കരള്‍വീക്കത്തിലേക്ക് പോവുകയും ഇത് കാന്‍സറസായി മാറുകയും ചെയ്യുമെന്ന് പഠനം വിശദീകരിക്കുന്നു. നമ്മള്‍ നിത്യജീവിതത്തിലുപയോഗിക്കുന്ന പല സാധനങ്ങളും ക്രമേണ ഈ രോഗത്തിലേക്ക് നമ്മെ നയിക്കാമെന്ന വിവരം പങ്കുവയ്ക്കുന്ന ആദ്യ പഠനമായിരിക്കും ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.63, പൗണ്ട് – 96.68, യൂറോ – 81.72, സ്വിസ് ഫ്രാങ്ക് – 84.57, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.75, ബഹറിന്‍ ദിനാര്‍ – 211.29, കുവൈത്ത് ദിനാര്‍ -259.73, ഒമാനി റിയാല്‍ – 206.92, സൗദി റിയാല്‍ – 21.21, യു.എ.ഇ ദിര്‍ഹം – 21.68, ഖത്തര്‍ റിയാല്‍ – 21.87, കനേഡിയന്‍ ഡോളര്‍ – 62.33.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *