ജര്‍മന്‍ ആഗോള ബ്രാന്‍ഡായ അഡിഡാസും (ജര്‍മന്‍ അത്ലറ്റിക് അപ്പാരല്‍ ആന്‍ഡ് ഫുട്വെയര് കോര്പറേഷന്) ജര്‍മനി ദേശീയ ഫുട്ബോള്‍ ടീമുമായി വേര്‍പിരിയുന്നു. 77 വര്‍ഷമായി ജര്‍മന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സര്‍മാരാണ് അഡിഡാസ്. മറ്റൊരു ആഗോള ബ്രാന്‍ഡായ നൈക്കിക്കാണ് പുതിയ ടീം കിറ്റ് കരാര്‍. 2027 മുതല്‍ നൈക്കിയായിരിക്കും ജര്‍മനിയുടെ കിറ്റ് സ്പോണ്‍സര്‍മാര്‍. 2018ലാണ് അഡിഡാസുമായി അവസാനമായി ജര്‍മന്‍ ടീം എട്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി 2026ല്‍ അവസാനിക്കും. 2026ലെ ലോകകപ്പില്‍ ജര്‍മന്‍ ടീം അഡിഡാസ് സ്പോണ്സര്ഷിപ്പിലുള്ള ജേഴ്സിയടക്കമുള്ളവ അവസാനമായി ധരിക്കും. ലോകകപ്പിനു ശേഷം നൈക്കിയായിരിക്കും ജേഴ്സി ഇറക്കുക. 2027 മുതല്‍ 2034 വരെയാണ് നൈക്കിയുമായി ടീം കരാറിലെത്തിയത്. ജര്‍മന്‍ ഫുട്ബോളിലെ പല ചരിത്ര നേട്ടങ്ങളിലും പങ്കാളിയായാണ് അഡിഡാസിന്റെ പടിയിറക്കം. പുരുഷ ടീം നാല് ലോകകപ്പുകളും മൂന്ന് യൂറോ കപ്പുകളും അഡിഡാസ് ജേഴ്സിയിലാണ് കളിച്ചു നേടിയത്. വനിതാ ടീം രണ്ട് ലോകകപ്പുകളും എട്ട് യൂറോ കിരീടങ്ങളും ഇതേ സ്പോണ്സര്ഷിപ്പില് സ്വന്തമാക്കി. അതേസമയം വിഷയം ജര്‍മനിയില്‍ വലിയ രാഷ്ട്രീയ വിവാദത്തിനു കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മന്‍ കമ്പനിയെ മാറ്റി അമേരിക്ക ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന കമ്പനിക്ക് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.