ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് പുതിയ നീക്കവുമായി രംഗത്ത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സിനെ വേര്‍പെടുത്തി ലിസ്റ്റഡ് കമ്പനിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സിനെ വേര്‍പെടുത്താനാണ് തീരുമാനം. അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് എയര്‍പോര്‍ട്ട് ബിസിനസ് വിഭാഗമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ്. 2025-ന്റെ അവസാനമോ, 2026-ന്റെ ആദ്യമോ ലിസ്റ്റിംഗ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലിസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ അദാനി ഗ്രൂപ്പില്‍ നിന്ന് ഓഹരി വിപണിയിലേക്ക് എത്തുന്ന പതിനൊന്നാമത്തെ കമ്പനിയായി അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് മാറും. അദാനി എന്റര്‍പ്രൈസസില്‍ നിന്ന് ഹൈഡ്രജന്‍, എയര്‍പോര്‍ട്ട്, സെന്റര്‍ തുടങ്ങിയ ബിസിനസുകള്‍ 2025-നും 2028-നും ഇടയില്‍ വേര്‍പ്പെടുത്തുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പ് സൂചനകള്‍ നല്‍കിയിരുന്നു. രാജ്യത്തെ എട്ടോളം എയര്‍പോര്‍ട്ടുകളിലായി ഗതാഗത, ചരക്ക് നീക്ക ബിസിനസിനാണ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് നേതൃത്വം നല്‍കുന്നത്. നിലവില്‍, നവി മുംബൈ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.