ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലും ജിക്യുജി പാര്‍ട്‌ണേഴ്‌സ് വാങ്ങിക്കൂട്ടിയത് 6,000 കോടിയിലേറെ രൂപയുടെ അദാനി ഓഹരികള്‍. അദാനി ഗ്രൂപ്പ് കമ്പനികളുടെ പ്രൊമോട്ടര്‍മാരും ജിക്യുജി പാര്‍ട്‌ണേഴ്‌സും സംയുക്തമായി 19,400 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞപാദത്തില്‍ വാങ്ങിയത്. പ്രൊമോട്ടര്‍മാര്‍ 12,780 കോടി രൂപ ഒഴുക്കിയപ്പോള്‍ ജിക്യുജി പാര്‍ട്‌ണേഴ്‌സ് ചെലവിട്ടത് 6,625 കോടി രൂപയാണ്. ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്‍ നയിക്കുന്ന അമേരിക്കന്‍ നിക്ഷേപ സ്ഥാപനമാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സ്. കഴിഞ്ഞവര്‍ഷം ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ രക്ഷകനായി ജിക്യുജി പാര്‍ട്‌ണേഴ്‌സ് വന്‍തോതില്‍ നിക്ഷേപവുമായി എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് വരെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ജിക്യുജിയുടെ മൊത്ത നിക്ഷേപം 80,000 കോടി രൂപയായിരുന്നു. അതേസമയം, അദാനി പോര്‍ട്‌സില്‍ നിന്ന് 22 കോടി രൂപയുടെയും അദാനി പവറില്‍ നിന്ന് 35 കോടി രൂപയുടെയും നിക്ഷേപം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.