തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടിയതിൽ പ്രതികരണവുമായി എസിപി എച്ച് ഷാജി. പ്രതികളുടെ പുറകെ പോലീസിന് 8000 കിലോമീറ്റർ ഓളം സഞ്ചരിക്കേണ്ടി വന്നു. പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ ആയി ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന കുറ്റം, സംഘടിത കുറ്റകൃത്യo എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീധന പീഡന വകുപ്പ് കൂടി ചുമത്തണം എന്ന ഷഹാനയുടെ കുടുംബത്തിന്റെ ആവശ്യം, കൂടുതൽ പരിശോധനകൾക്ക് ശേഷം തീരുമാനിക്കുമെന്നും എ സി പി അറിയിച്ചു.
ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ ഭർത്താവ് നൗഫൽ, ഭർത്താവിൻ്റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരാണ് പോലീസ് പിടിയിലായത്. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ഷഹാന ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികൾ മൂന്നുപേരും ഒളിവിൽ പോയി. പോലീസ് വളരെയധികം ബുദ്ധിമുട്ടിയാണ് ഇവരെ കണ്ടെത്തിയത്. ഇവർ മൊബൈൽ ഫോണോ, ബാങ്ക് അക്കൗണ്ടുകളോഉപയോഗിച്ചിരുന്നില്ല. പോത്തൻകോട് പൊലീസിൽ ഷഹാനയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയാണ് പ്രതികളെ കണ്ടെത്തിയത്.