ഒരു വ്യക്തിക്ക് പ്രതിദിനം ശരാശരി 50 മുതല്‍ 100 വരെ മുടി കൊഴിയാം. ഇങ്ങനെ മുടി കൊഴിയുമ്പോള്‍ അവയുടെ സ്ഥാനത്ത് പുതിയ മുടി വളരുന്നു. ഇതുമൂലം മുടി കൊഴിച്ചിലിനും വളര്‍ച്ചയ്ക്കും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തും. മുടി കൊഴിയുന്നതിന് ആനുപാതികമായി മുടി വളരാതിരിക്കുകയോ തലയോട്ടിയിലെ പ്രത്യേക ഭാഗത്ത് മാത്രം കൊഴിയുകയോ ചെയ്താല്‍ വൈദ്യ പരിശോധന നടത്താവുന്നതാണ്. നിങ്ങളുടെ മുടി കൊഴിച്ചില്‍ സാധാരണമല്ല എന്നതിന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. നിങ്ങളുടെ തലയിണയില്‍ വളരെയധികം മുടി വീണു കിടക്കുന്നതായോ തല കഴുകുമ്പോള്‍ വളരെയധികം മുടി കൊഴിയുകയോ ചെയ്താല്‍ അത് അസാധാരണമായി കണക്കാക്കപ്പെടുന്നു. തലയുടെ മുകള്‍ ഭാഗത്ത് മാത്രം തുടര്‍ച്ചയായി മുടി കുറയുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. മുടിയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോള്‍ ഹെയര്‍ ലൈനില്‍ വലിയ വിടവ് ഉണ്ടെങ്കില്‍ അതും മുടികൊഴിച്ചിലിന്റെ സൂചനയാണ്. തലയോട്ടിയിലെ താരന്‍, മറ്റ് ഫംഗല്‍ ഇന്‍ഫെക്ഷന്‍ എന്നിവ മൂലവും മുടി കൊഴിച്ചില്‍ ഉണ്ടാകാം. മുടി കൊഴിച്ചിലിനൊപ്പം തലയോട്ടിയില്‍ വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടെങ്കില്‍ അതും ഗുരുതരമായ പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. മുടിയുടെ അമിതമായ വരള്‍ച്ചയും, അറ്റം പൊട്ടുന്നതുമൊക്കെ അസാധാരണമായ മുടി കൊഴിച്ചിലിനെ സൂചിപ്പിക്കുന്നു. പലപ്പോഴും മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും പ്രധാന കാരണം കുടുംബ പാരമ്പര്യമാണ്. പിസിഒഎസ്, ഗര്‍ഭാവസ്ഥ, ആര്‍ത്തവവിരാമം എന്നിവയുടെ സമയത്തും അസാധാരണമായ മുടി കൊഴിച്ചില്‍ നേരിടേണ്ടിവരാം. തൈറോയ്ഡ് , സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, പോഷകാഹാരക്കുറവ് തുടങ്ങിയവ കാരണവും അമിതമായ മുടി കൊഴിച്ചില്‍ പ്രശ്നം നേരിടേണ്ടിവരും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാന്‍സര്‍ ചികിത്സ, വിഷാദരോഗം തുടങ്ങിയവയ്ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും അസാധാരണമായ മുടികൊഴിച്ചില്‍ ഉണ്ടാകാം. അമിതമായ സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകുന്നു. മുടി മുറുക്കിക്കെട്ടുന്ന ഹെയര്‍ സ്റ്റൈലുകള്‍ മുടി കൊഴിച്ചില്‍ പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം.