അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. വെസ്റ്റേണ്‍ ഭക്ഷണക്രമം പാലിക്കുന്നവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായി കണ്ടെത്തിയത്. വെസ്റ്റേണ്‍, പ്രൂഡന്റ്, മെഡിറ്ററേറിയന്‍ തുടങ്ങിയ ഡയറ്റുകള്‍ പിന്തുടരുന്നവരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 15,296 പുരുഷന്മാരില്‍ 17 വര്‍ഷമായി നടത്തിവന്ന പഠനത്തില്‍ ഇവരില്‍ 609 പേര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളതായി കണ്ടെത്തി. ഇതില്‍തന്നെ വെസ്റ്റേണ്‍ ഡയറ്റ് പിന്തുടര്‍ന്നവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായുള്ളതെന്ന് കണ്ടെത്തിയത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ പാലുത്പന്നങ്ങള്‍, സംസ്‌കരിച്ച മാംസം, ശുദ്ധീകരിച്ച ധാന്യങ്ങള്‍, മധുരപലഹാരങ്ങള്‍, കലോറി അധികമുള്ള പാനീയങ്ങള്‍ എന്നിവ സൗകര്യനുസരണം മാറിമാറി കഴിക്കുന്നതാണ് വെസ്റ്റേണ്‍ ഭക്ഷണക്രമം. അതേസമയം പ്രൂഡന്റ് ഡയറ്റും മെഡിറ്ററേറിയന്‍ ഡയറ്റും പ്രോസ്റ്റേറ്റ് കാന്‍സറിനെ ബാധിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഉപേക്ഷിക്കുന്നതാണ് തീവ്രമായ പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്. സ്പെയിനിലെ മാഡ്രിഡില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനത്തിനു പിന്നില്‍. ബിജെയു ഇന്റര്‍നാഷണല്‍ എന്ന ഓണ്‍ലൈന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.