പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് നടപ്പു സാമ്പത്തിക വര്‍ഷം (2024-25) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 63.2 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 84.5 കോടി രൂപയേക്കാള്‍ 25 ശതമാനം കുറവാണിത്. കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ 172.9 കോടി രൂപയായി. മുന്‍ വര്‍ഷത്തെ 184.7 കോടി രൂപയില്‍ നിന്ന് വരുമാനം 6.4 ശതമാനം ഇടിഞ്ഞതായും കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 117 കോടി രൂപയില്‍ നിന്ന് 91.3 കോടി രൂപയായും കുറഞ്ഞു. അതേസമയം, വണ്ടര്‍ലാ ഹോളിഡേയ്സിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പാദവരുമാനവും എബിറ്റ്ഡയുമാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ പാദത്തില്‍ 10.2 ലക്ഷം പേരാണ് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ വിവിധ പാര്‍ക്കുകളില്‍ സന്ദര്‍ശനം നടത്തിയത്. തൊട്ടുമുന്‍ വര്‍ഷത്തിലിത് 11 ലക്ഷമായിരുന്നു. കൊച്ചി പാര്‍ക്കില്‍ 2.75 ലക്ഷം സന്ദര്‍ശകരെത്തിയപ്പോള്‍ ബംഗളൂരു പാര്‍ക്കില്‍ 3.58 ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത്. ഹൈദരാബാദ് പാര്‍ക്കില്‍ 2.99 ലക്ഷം പേരും സന്ദര്‍ശകരായെത്തി. ഇക്കഴിഞ്ഞ മേയ് 24ന് ആരംഭിച്ച ഭുവനേശ്വര്‍ പാര്‍ക്കില്‍ ജൂണ്‍ 30 വരെ 70,000 പേരാണ് എത്തിയത്. ഹൈദരാബാദ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചതു മുതലുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണ് കഴിഞ്ഞ പാദത്തില്‍ നേടിയത്. കൊച്ചി പാര്‍ക്കിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണ് ജൂണ്‍ പാദത്തിലേത്. വണ്ടര്‍ലാ ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ജൂണ്‍ പാദത്തില്‍ 1,680 രൂപയായി. മുന്‍ വര്‍ഷവുമായി നോക്കുമ്പോള്‍ മൂന്ന് ശതമാനം വര്‍ധനയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 35 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് വണ്ടര്‍ല ഹോളിഡേയ്സ്.