ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ ഇടിവ്. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ സ്വര്‍ണം ഇറക്കുമതി 17.38 ശതമാനം കുറഞ്ഞ് 2,400 കോടി ഡോളറായി. ആഭ്യന്തര ഡിമാന്‍ഡിലുണ്ടായ കുറവാണ് ഇറക്കുമതിയെ ബാധിച്ചത്. 2021-22ലെ സമാനകാലത്ത് ഇറക്കുമതി 2,900 കോടി ഡോളറിന്റേതായിരുന്നു. ഒക്ടോബറില്‍ മാത്രം ഇറക്കുമതി 27.47 ശതമാനം താഴ്ന്ന് 370 കോടി ഡോളറിലെത്തി. കഴിഞ്ഞമാസം വെള്ളി ഇറക്കുമതി 34.80 ശതമാനം ഇടിഞ്ഞ് 58.5 കോടി ഡോളറായി. ഏപ്രില്‍-ഒക്ടോബറില്‍ വെള്ളി ഇറക്കുമതി 152 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 480 കോടി ഡോളറായിട്ടുണ്ട്. പ്രതിവര്‍ഷം ശരാശരി 800-900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ദ്ധനയ്ക്ക് മുഖ്യകാരണങ്ങളിലൊന്ന് സ്വര്‍ണം ഇറക്കുമതി വര്‍ദ്ധനയാണ്. ഏപ്രില്‍-ഒക്ടോബറില്‍ ജെം ആന്‍ഡ് ജുവലറി കയറ്റുമതി 1.81 ശതമാനം ഉയര്‍ന്ന് 2,400 കോടി ഡോളറാണ്.