റോഡു പണിത് ആറു മാസത്തിനകം തകര്‍ന്നാല്‍ എന്‍ജിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു വര്‍ഷത്തിനകം റോഡു തകര്‍ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടണം. അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കെ റയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി വൈകിപ്പിക്കുകയാണെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗത്തില്‍ പരാതി ഉന്നയിച്ച് കേരളം. കേരളത്തിന്റെ റെയില്‍, റോഡ് ഗതാഗത വികസനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിലും ഗതാഗത സൗകര്യങ്ങള്‍ക്കു സഹായം വേണമെന്നു മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു.
യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി വികസിച്ചെന്ന് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോല്‍പ്പിക്കുന്നത്. 2019 ലും ഇന്ത്യ യുകെയെ പിന്തള്ളി അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.
രാഷ്ട്രീയം പറയേണ്ടിടത്ത് പറയുമെന്ന് നിയുക്ത സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നന്നായി ചെയ്തിട്ടുണ്ട്. മന്ത്രി, സ്പീക്കര്‍ പദവികള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സഭയ്ക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമെ പ്രവര്‍ത്തിക്കൂ. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു.
സ്പീക്കര്‍ എം.ബി രാജേഷ് ഇന്ന് രാജിവയ്ക്കും. ചൊവ്വാഴ്ച രാവിലെ 11 നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ചേരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്പീക്കര്‍ രാജിവയ്ക്കുന്ന ഒഴിവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചുമതലകള്‍ നിര്‍വഹിക്കും.
വിമാനയാത്രയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയതിന് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രതിനിധി തന്നോടു ക്ഷമാപണം നടത്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ക്ഷമാപണം എഴുതിത്തരാത്തതുകൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തതെന്ന് ജയരാജന്‍ പറഞ്ഞു. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സുഖം. സാമ്പത്തികമായും ആരോഗ്യപരമായും ലാഭം. നല്ല ഉറക്കവും കിട്ടും. ജയരാജന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണം തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച സുപ്രധാനമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള കൂപ്പണ്‍ വിതരണം വൈകും. ആവശ്യക്കാരുണ്ടെങ്കില്‍ മാത്രമേ കൂപ്പണ്‍ ഇറക്കൂ. കൂപ്പണുകള്‍ വേണ്ടെന്ന് സി ഐ ടി യു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ നിലപാടെടുത്തു.
എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി ചാക്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി എ.കെ ശശീന്ദ്രനാണ് പേര് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് എംഎല്‍എ പിന്താങ്ങി. അഡ്വ. പി.എം സുരേഷ് ബാബു, പി.കെ രാജന്‍ മാസ്റ്റര്‍, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി.ജെ കുഞ്ഞുമോന്‍ ട്രഷററാണ്.
പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇടുക്കി മാങ്കുളത്ത് ജനവാസ മേഖലയില്‍ ആക്രമണം നടത്തിയ പുലിയെ ആദിവാസി യുവാവ് വെട്ടിക്കൊന്നു. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലനാണ് പുലിയെ വെട്ടിക്കൊന്നത്. കൈക്കും കാലിനും പരിക്കേറ്റ ഗോപാലനെ അടിമാലി താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയംരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കില്ലെന്നു വനംവകുപ്പ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷ ജീവനക്കാരെ മര്‍ദിച്ചതിന് ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൂടി കേസെടുത്തു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അശ്വിന്‍, സജില്‍ മഠത്തില്‍, രാജേഷ്, നിഖില്‍, ഷബീര്‍, ജിതിന്‍ രാജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അരുണാണു മുഖ്യപ്രതി.
ലക്ഷദ്വീപിനു സമീപം ചക്രവാതച്ചുഴി നിലവിലുള്ളതിനാല്‍ കേരളത്തില്‍ നാലു ദിവസം മഴയ്ക്കു സാധ്യത.