പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി എംഎൽഎ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ സിറ്റി പൊലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടത്തിയിരുന്നു. അതിനെ തുടർന്നാണ് ബിജെപി എംഎൽഎക്കെതിരെ കേസെടുത്തത്. ബഷീർബാഗിലെ കമ്മീഷണർ ഓഫീസിൽ പ്രതിഷേധിച്ചവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പദ്ധതി വൈകിപ്പിക്കുന്നത് ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകി. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ്. സാമൂഹികാഘാത പഠനവും ജിയോ ടാഗ് സർവേയും തീരുമാനിച്ചിരുന്നതാണ് .എല്ലാ കാലത്തും അനുമതി നിഷേധിക്കാൻ കഴിയില്ലെന്നും കേന്ദ്രാനുമതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടെ ആരുമില്ലെങ്കിലും മോദി സർക്കാറിനെതിരെ ഒറ്റയ്ക്ക് പോരാടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും പാർട്ടിയേൽപ്പിച്ച സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പാർട്ടി ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെ ഒരാൾ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പല മുതിർന്ന നേതാക്കളും ആവശ്യപ്പെടുന്നത്. എന്നാൽ ഇതുവരെ രാഹുൽ ഗാന്ധി ഒരഭിപ്രായവും പറഞ്ഞിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ ഉടമകൾക്ക് പരാതി. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുക്കുന്നത് . ഇതുരെ ഒരു ചർച്ചയും ഇക്കാര്യത്തിൽ തങ്ങളുമായി നടത്തിയിട്ടില്ല എന്ന് സമരസമിതി പരാതിപ്പെടുന്നു.എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചു ഈ വർഷം അവസാനത്തോടെ ഭൂമി ഏറ്റെടുക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്.
കൊല്ലം അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്‍റ് സജീവിനെ ബാങ്ക് ഭരണസമിതി തിരിച്ചെടുത്തു. വ്യാജ വിലാസമുണ്ടാക്കി ബാങ്ക് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പാസ് വേഡ് കൈക്കലാക്കിയായിരുന്നു സജീവൻ തട്ടിപ്പ് നടത്തിയത്. എന്നാൽ മാനുഷിക പരിഗണന വച്ചാണ് തിരിച്ചെടുത്തത് എന്നാണ് സി പി ഐ എമ്മും സി പി ഐയും ചേർന്ന് ഭരിക്കുന്ന ബാങ്ക് അധികൃതരുടെ വിശദീകരണം.