mid day hd

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളത്തിൽ നിന്നും ഉദ്യോഗസ്ഥരെ അയക്കും. കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. ദൗത്യം ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു.

 

 

 

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു. മണ്ണിടിച്ചിലുണ്ടായ ഇടത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്തുമെന്ന് ഉത്തര കന്നഡ എസ്പിയും ജില്ലാ കളക്ടറും വ്യക്തമാക്കി.

 

 

 

 

 

സംസ്ഥാനത്തെ പുതിയ തീരദേശ ഹൈവേ പദ്ധതി ഡിപിആര്‍ ഇല്ലാത്ത പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയം യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. ടൂറിസം വികസനമെന്ന പേരിൽ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. എന്ത് ആവശ്യത്തിനാണ് ഇങ്ങനെ ഒരു റോഡ് എന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

തീരസംരക്ഷണത്തിനായി കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിന്‍റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. ചെല്ലാനത്തു സ്ഥാപിച്ചതു പോലെ എടവനക്കാടും ടെട്രൊപോഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സമരം പ്രഖ്യാപനത്തിനുള്ള നീക്കങ്ങളിലാണ് നാട്ടുകാർ.

 

 

 

 

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം മാത്രമെന്ന് മന്ത്രി പി രാജീവ്. പരമാവധി ശിക്ഷ നൽകണമെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാൻ ആകില്ലെന്ന് ഇരയുടെ അമ്മ പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, തന്റെ മകൾക്ക് നീതി കിട്ടണമെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും അവർ വ്യക്തമാക്കി.

 

 

 

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്.

 

 

തൃശൂര്‍ ജില്ലയുടെ പുതിയ കളക്ടറായി അര്‍ജുൻ പാണ്ഡ്യൻ ചുമതലയേറ്റു. ഇടുക്കി സ്വദേശിയായ അര്‍ജുൻ പാണ്ഡ്യൻ 2017 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജില്ലയുടെ സമഗ്രവികസനത്തിനായി നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടാവുമെന്ന് ചുമതലയേറ്റ അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു. കൃഷ്ണതേജ ഡപ്യൂട്ടേഷനില്‍ ആന്ധ്ര കേഡറിലേക്ക് പോയതോടെയാണ് തൃശൂരില്‍ പുതിയ കളക്ടറെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

 

 

 

 

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

 

 

 

തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ക്ഷേത്രത്തിൽ വൻ മോഷണം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തിതുറന്ന മോഷ്ടാക്കൾ ഓട്ടു വിളക്കുകളും തൂക്കു വിളക്കുകളും അടക്കം അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കവർന്നു. മോഷണം പതിവാണെന്നും പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ക്ഷേത്രഭരണസമിതി ആവശ്യപ്പെട്ടു.

 

 

 

മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകൾ വന്നതായി കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. എന്നാൽ സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് സൈബർ സെൽ വഴി കണ്ടെത്തി. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോൾ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചുവെന്നും കളക്ടർ വ്യക്തമാക്കി.

 

 

 

കനത്ത മഴയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും പടരുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് 18 ദിവസത്തിനിടെ 60 പേര്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. രണ്ട് ലക്ഷത്തിലേറെ പേര്‍ പനിക്ക് ചികില്‍സ തേടി. മഴ കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

 

 

 

 

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രനെ മെംബർ സ്ഥാനത്തു നിന്നും ഹൈക്കോടതി അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗമായ കോൺഗ്രസ് പ്രതിനിധി ആൻസി തോമസ് നൽകിയ കേസിലാണ് നടപടി. വരുന്ന ആറു വർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

 

 

 

വയനാട്ടിൽ കനത്ത മഴയിൽ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ നേപ്പാള്‍ കുടുംബത്തെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ രക്ഷിച്ചു. മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപത്തെ വാടക വീട്ടില്‍ കുടുങ്ങിയ മായ, ഹരീഷ് ഇവരുടെ മൂന്നുവയസ്സുള്ള മകന്‍ പ്രശാന്ത് എന്നിവരെയാണ് ജെസിബിയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. കബനിപ്പുഴ കരകയറിയതിനെ തുടര്‍ന്നാണ് ഹരീഷും കുടുംബവും താമസിക്കുന്ന പുരയിടവും വെള്ളത്തിലായത്.

 

 

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായാണ് സൂചന.

 

 

 

എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. വൈകീട്ട് നാല് മണിക്കാണ് സംസ്കാരം.

 

 

 

മലപ്പുറം താനൂർ മൂലക്കലിൽ മിനിവാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. താനൂർ ഉണ്ണിയാൽ സ്വദേശി കിഴക്കന്റെ പുരക്കൽ അൻഷിദ് ആണ് മരിച്ചത്. 22 വയസായിരുന്നു. അപകട സമയത്ത് അൻഷിദിന്‍റെ കൂടെയുണ്ടായിരുന്ന ബാസിതിന് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

ഇടുക്കി പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷാണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ തേയിലക്കൊളുന്ത് അരക്കുന്നതിനുള്ള യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടം. യന്ത്രത്തിൽ തലയിടിച്ച് രാജേഷിന് ഗുരുതമായി പരുക്കേറ്റു. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

 

 

ദേശീയപാത ആമ്പല്ലൂർ സിഗ്നൽ ജങ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി മൂച്ചിക്കാട് വീട്ടിൽ ഷാഹുൽ ഹമീദിൻ്റെ മകൻ നൗഫലാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് മരണം 20 ആയി. 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിർദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.

 

 

 

മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചു. പണ്ടര്‍പൂർ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തുപേവാഡിയില്‍ വെച്ച് വാഹനം കിണറ്റില്‍ വീണത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 

 

 

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. അഞ്ഞൂറിലധികം പേർക്ക് പരിക്കുണ്ട്. ദേശീയ ടെലിവിഷൻ ഓഫീസ് ആക്രമിച്ച് തീയിട്ടു. രാജ്യമെങ്ങും ഇന്റർനെറ്റ് നിരോധനം ഏർപ്പെത്തിയിരിക്കുകയാണ്. സർക്കാരിന്‍റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച വിദ്യാർത്ഥികൾ, സംവരണ നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി.

 

 

 

 

യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിൻ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചുമതയേറ്റു. ശൈഖ് ഹംദാനൊപ്പം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റു. ശൈഖ് ഹംദാന്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായി സത്യപ്രതിജ്ഞ ചെയ്‌തു.

 

 

 

കുവൈത്തില്‍ കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും അനുഭവപ്പെടു. ഇന്നലെ രാവിലെ മുതല്‍ കുവൈത്ത് സിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രൂപംകൊണ്ട പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയ്ക്കാനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ജാഗ്രത വേണമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *