◾ഇന്ത്യ ലോകത്തിന്റെ മുന്‍നിരയിലേക്കെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റേയും നാവിക സേനയുടേയും അഭിമാനമായ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വിമാനവാഹിനി യുദ്ധക്കപ്പല്‍ നിര്‍മിച്ചത് പുത്തന്‍ സൂര്യോദയമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാത്ത പ്രതീകമാണിത്. മൂന്നു സമുദ്രങ്ങളില്‍ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവിക സേനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
◾നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിലാണ് പുതിയ പതാക പ്രകാശനം ചെയ്തത്. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയല്‍ ചിഹ്നത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നാലാം തവണയാണ് നാവികസേനയുടെ പതാക മാറ്റുന്നത്.
◾കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള പാതയ്ക്കുവേണ്ടി സ്ഥലമേറ്റെടുപ്പ് വൈകാതെ തുടങ്ങും. പണമില്ലാത്തതിനാല്‍ നാലില്‍ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തിനു കേന്ദ്ര മന്ത്രിസഭയുടെ അനുമതി വൈകിയതാണ് സ്ഥലം ഏറ്റെടക്കാന്‍ വൈകിയത്. കലൂര്‍ മുതല്‍ കാക്കനാട് വരെ 11.2 കിലോമീറ്ററാണു പുതിയ മെട്രോ പാത. 11 സ്റ്റേഷനുകളുണ്ടാകും. 1950 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സോണല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരത്ത് എത്തും. നാളെ രാവിലെ പത്തരയ്ക്ക് കോവളം ലീലാ റാവിസില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ സോണല്‍ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
◾സിപിഎം സംസ്ഥാന സെക്രട്ടേറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഇന്നു രാജിവച്ചേക്കും. പുതിയ മന്ത്രി ആരെന്നു തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്തു ചേരുന്നുണ്ട്.
◾നിയമസഭ കയ്യാങ്കളി കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണം. ഹര്‍ജിയില്‍ ഈ മാസം 26 ന് കോടതി വിശദമായ വാദം കേള്‍ക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശികയ്ക്കു പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്കു മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ഇവ സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തണം. ശമ്പളം മൂന്നില്‍ ഒരു ഭാഗം നല്‍കാനാണ് കോടതി ഉത്തരവ്. സര്‍ക്കാര്‍ ഇതിനായി 50 കോടി ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◾കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം തുടരാമെന്നു സംസ്ഥാന സര്‍ക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ആറു മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചു. ഏജന്‍സികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് വിലയിരുത്തിയ എജി അതേ ഏജന്‍സികളെകൊണ്ട് പഠനം തുടരാമെന്ന് നിയമോപദേശം നല്‍കി.
◾പഞ്ചസാര വില വര്‍ദ്ധിച്ചേക്കും. രണ്ട് ഘട്ടങ്ങളിലായി പഞ്ചസാര കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബറില്‍ ആരംഭിക്കുന്ന അടുത്ത സീസണില്‍ ആയിരിക്കും രണ്ട് ഘട്ടങ്ങളിലായി കയറ്റുമതി ചെയ്യുക. അടുത്ത സീസണിലേക്ക് ക്വാട്ട അനുവദിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് നായിക് നവരെ പറഞ്ഞു.
◾ഷവര്‍മ കടകള്‍ അടക്കമുള്ള ഭക്ഷ്യശാലകളില്‍ പരിശോധനയ്ക്കു നിര്‍ദേശം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
◾അടുത്ത തവണയും സെക്രട്ടറി സ്ഥാനത്തുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. താന്‍ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവര്‍ക്കു മരുന്ന് നല്‍കാനറിയാം. സിപിഐയെ തകര്‍ക്കാനുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ചിലരാണ്. അതിനെയെല്ലാം ശക്തമായി നേരിടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
◾ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി ഡോറിലൂടെ എല്‍കെജി വിദ്യാര്‍ത്ഥിനി റോഡിലേക്കു തെറിച്ചു വീണു. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആലുവ വഴുങ്ങാട്ടുശേരി അല്‍ഹിന്ദ് സ്‌കൂള്‍ ബസിലാണ് അപകടം ഉണ്ടായത്. പിറകിലുണ്ടായിരുന്ന ബസ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി.
◾വിഴിഞ്ഞത്ത് ഇന്നും മല്‍സ്യത്തൊഴിലാളികളുടെ സമരം. തുറമുഖത്തേക്ക് ഇരച്ചുകയറിയാണ് സമരം നടത്തിയത്. തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
◾മലപ്പുറം ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചില്‍ ഉണ്ടായത്.
◾മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പുരാവസ്തുക്കള്‍ എന്നപേരില്‍ സൂക്ഷിച്ച ശില്‍പങ്ങള്‍ അടക്കം ഉടമയ്ക്കു വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്. 900 സാധനങ്ങളാണ് വിട്ടുകൊടുക്കേണ്ടത്. ശില്‍പങ്ങളുടെ ഉടമ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◾മലപ്പുറത്തു ദേശീയ പാത വികസനത്തിനായി മരം മുറിച്ചപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ ചത്ത സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസ്. അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ ചത്തതിന് വനം വകുപ്പാണ് കേസെടുക്കുന്നത്.
◾ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അഭിനേതാക്കളെ അണിനിരത്തുന്ന ‘സ്ലേവ് മാര്‍ക്കറ്റ്’ എന്ന രാജ്യാന്തര ടെലിവിഷന്‍ സീരീസില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി താരം. നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഡോ. കലാമണ്ഡലം രാധികയാണ് അന്താരാഷ്ട്ര ടിവി സീരീസില്‍ അഭിനേതാവായത്. ഈജിപ്തിലെ കെയ്റോയിലാണ് ചിത്രീകരണം. എമ്മി അവാര്‍ഡു ജേതാവായ ട്യൂണീഷ്യന്‍ സംവിധായകന്‍ ലസാദ് ഒസാള്‍ട്ടിയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.
◾സിപിഎമ്മില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ആര്യങ്കാവ് പഞ്ചായത്തംഗം സലീമിനെതിരേ മേല്‍ കരിഓയില്‍ പ്രയോഗം നടത്തിയ അഞ്ചു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. സലീം പഞ്ചായത്ത് മെമ്പര്‍സ്ഥാനം രാജിവക്കണമെന്ന് ആവശ്യപ്പെട്ടാണ് കരിഓയില്‍ ഒഴിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ ദേഹത്തും കരിഓയില്‍ പതിച്ചു.
◾കണ്ണൂര്‍ വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലുള്ള 1650 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീര്‍ പൊലീസിന്റെ പിടിയിലായി.
◾വാളയാറില്‍ ദുരൂഹമായി സഹോദരിമാര്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
◾തൃശൂര്‍ ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ജോസഫ് ചാലിശേരിയെ മാറ്റി എം.പി വിന്‍സന്റിനെ നിയമിച്ച നടപടി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ മരവിപ്പിച്ചു. ഇന്നലെയാണ് ഡിസിസി നേതൃത്വം പുതിയ യുഡിഎഫ് കണ്‍വീനറെ നിയമിച്ചത്.
◾കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി അറസ്റ്റില്‍. അമ്പതിലേറെ കേസുകളില്‍ പ്രതിയായ ഉണ്ണിയെ തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയം പൊലീസാണ് പിടികൂടിയത്. മുണ്ടക്കയത്തെ തോപ്പില്‍ റബ്ബേഴ്സ് എന്ന സ്ഥാപനത്തില്‍ മോഷണം നടത്തിയിരുന്നു.
◾അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തെരഞ്ഞെടുത്തത് മദ്രാസ് ഹൈക്കോടതി ശരിവച്ചു. സിംഗിള്‍ ബഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കിയത്.
◾പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംഎല്‍എ ബല്‍ജീന്ദര്‍ കൗറിനെ ആംആദ്മി നേതാവ് കൂടിയായ ഭര്‍ത്താവ് തല്ലുന്ന വീഡിയോ വൈറലായി. രണ്ടു തവണ നിയമസഭാംഗമായ ഭര്‍ത്താവ് സുഖ്രാജ് സിംഗിനെതിരേ കേസെടുക്കുമെന്ന് പഞ്ചാബിലെ വനിതാ കമ്മീഷന്‍ പറഞ്ഞു. അടിക്കുന്നതിനിടെ സമീപമുണ്ടായിരുന്ന ചിലര്‍ സിംഗിനെ തള്ളിമാറ്റുന്നത് വീഡിയോയില്‍ കാണാം.
◾സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 680 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു, 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3830 രൂപയാണ്.
◾ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍. ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ 7.6 ശതമാനമായി തൊഴിലില്ലാത്തവരുടെ നിരക്ക് കുറഞ്ഞു. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ നിരക്ക് 12.6 ശതമാനമായിരുന്നു. എന്നാല്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി പുരുഷന്മാരുടേതിനേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ (ജനുവരി- മാര്‍ച്ച്) തൊഴിലില്ലായ്മ നിരക്ക് 8.2 ശതമാനമായിരുന്നു. പുരുഷന്മാരുടേത് 7.7 ശതമാനവും സ്ത്രീകളുടേത് 10.1 ശതമാനവുമായിരുന്നു.
◾ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന മെഗാ ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. ‘മയില്‍പ്പീലി ഇളകുന്നു കണ്ണാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് മൃദുല വാര്യരും ഹരിശങ്കറും ചേര്‍ന്നാണ്. ടിപ്സ് മലയാളം യുട്യൂബ് ചാനലിലൂടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. തിരുവോണ ദിനമായ സെപ്റ്റംബര്‍ 8 നാണ് ചിത്രത്തിന്റെ റിലീസ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സിജു വില്‍സന്‍ ആണ് നായകനാവുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.
◾പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബ്രഹ്‌മാസ്ത്ര’. തുടരെയുള്ള പരാജയങ്ങളില്‍ നിന്നുള്ള മുക്തിയെന്നോണം ബോളിവുഡ് പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രം കൂടിയാണിത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്റ്റംബര്‍ 9ന് തിയറ്ററുകളില്‍ എത്തും. അയാന്‍ മുഖര്‍ജിയാണ് സംവിധാനം. 410 കോടിയാണ് ‘ബ്രഹ്‌മാസ്ത്ര’യുടെ നിര്‍മ്മാണ ചെലവെന്നാണ് റിപ്പോര്‍ട്ട്. പബ്ലിസിറ്റിയും പ്രിന്‍ഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് വിവരം. ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും ഈ ചെലവ് കാണാനാകും. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ഹിന്ദി ചിത്രം വൈ ആര്‍ എഫിന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ്. 2018ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആമിര്‍ ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചെത്തിയ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് 310 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ജനപ്രിയ മോഡലായ സോണറ്റ് സബ്-കോംപാക്റ്റ് എസ്യുവിയുടെ ടോപ്പ്-ഓഫ്-ലൈന്‍ എക്‌സ്-ലൈന്‍ വേരിയന്റിനെ കിയ ഇന്ത്യ രാജ്യത്ത് അവതരിപ്പിച്ചു. 13.39 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം എത്തുന്നത്. വാഹനത്തിന്റെ വില 13.99 ലക്ഷം രൂപ വരെ ഉയരുന്നു. ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച സെല്‍റ്റോസ് എക്സ് ലൈനിന് സമാനമായ രീതിയാണ് കിയ സോനെറ്റ് എക്സ് ലൈനും പിന്തുടരുന്നത് . സോണറ്റ് എക്‌സ്-ലൈന്‍ നിലവിലുള്ള ടോപ്പ് വേരിയന്റായ സോനെറ്റ് ജിടിഎക്സ് പ്ലസിന് മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സ്‌പോര്‍ട്ടി സോനെറ്റ് എക്‌സ്-ലൈനില്‍ മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയര്‍ പെയിന്റ് കളര്‍, സ്‌പ്ലെന്‍ഡിഡ് സേജ് ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം, കറുപ്പ് ഹൈ ഗ്ലോസുള്ള ക്രിസ്റ്റല്‍ കട്ട് അലോയി വീലുകള്‍ എന്നിവയും ഉണ്ട്.
◾ഖജുരാഹോയെയും ഭേരാഗഡിനെയും കലാസൃഷ്ടികളെന്ന നിലയില്‍ അംഗീകരിക്കുമ്പോഴും സംസ്‌കൃതിയുടെ കരിന്തിരികത്തലിനെപ്പറ്റി ഗ്രന്ഥകാരന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ‘കലിംഗ ഹിമാലയങ്ങള്‍ക്കിടയില്‍’. ഡോ. എം ജി ശശിഭൂഷന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 195 രൂപ.
◾കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. കരള്‍ കോശങ്ങളുടെ നശീകരണം സംഭവിക്കാന്‍ ചില പ്രത്യേകതരം വൈറസുകള്‍ കാരണമാകുന്നു. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലെത്തുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍കൂടിയും രക്തത്തിലെ ഘടകങ്ങളില്‍കൂടിയുമാണ്. ചര്‍മ്മത്തിനും കണ്ണുകള്‍ക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു. ചില മുന്‍കരുതലുകളെന്നോണം ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക. ഉയര്‍ന്ന അളവില്‍ നല്ലയിനം മാംസ്യം, അന്നജം, മിതമായ അളവില്‍ കൊഴുപ്പ് എന്നിവ അടങ്ങുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. തൊലിയോടു കൂടിയ ധാന്യങ്ങളും കഴിക്കാം. ഓട്സിലെ ബീറ്റാഗ്ലൂക്കണ്‍ കരളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. തക്കാളി, പപ്പായ, തണ്ണിമത്തന്‍, മധുരനാരങ്ങ, കാരറ്റ് എന്നിവയില്‍ ലൈകോപീന്‍, ബീറ്റാകരോട്ടിന്‍ എന്നിവ കൂടിയ അളവിലുണ്ട്. ഇവ കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.80, പൗണ്ട് – 92.24, യൂറോ – 79.70, സ്വിസ് ഫ്രാങ്ക് – 81.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.23, ബഹറിന്‍ ദിനാര്‍ – 211.64, കുവൈത്ത് ദിനാര്‍ -258.71, ഒമാനി റിയാല്‍ – 207.28, സൗദി റിയാല്‍ – 21.23, യു.എ.ഇ ദിര്‍ഹം – 21.72, ഖത്തര്‍ റിയാല്‍ – 21.91, കനേഡിയന്‍ ഡോളര്‍ – 60.69.