yt cover 15

https://dailynewslive.in/ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ജോയിക്കായുളള തെരച്ചിലിന് ഇന്നലേയും ഫലമുണ്ടായില്ല. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും സംയുക്തമായാണ് ഇന്നലെ പരിശോധന നടത്തിയത്. ഫയര്‍ഫോഴ്സിന്റെ സ്‌കൂബാഡൈവിംഗ് സംഘത്തിന്റെ തെരച്ചില്‍ ഇന്നലെ വൈകുന്നേരത്തോടെ തല്‍ക്കാലികമായി അവസാനിപ്പിച്ചു. അതേസമയം, നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘം ഇന്നലെ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. നേവി ടീമിന്റെ പരിശോധന ഇന്ന് ആരംഭിക്കും.

https://dailynewslive.in/ തിരുവനന്തപുരത്തെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ കാണാതായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കളക്ടര്‍ക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നോട്ടീസിലുണ്ട്. കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും. തോട് വൃത്തിയാക്കാന്‍ റയില്‍വേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ജോയിക്കായുളള തെരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്.

https://dailynewslive.in/ ആമയിഴഞ്ചാന്‍ അപകടത്തില്‍ രക്ഷാ ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ദുഷ്‌കരമായ സാഹചര്യത്തിലാണ് ദൗത്യസംഘം തെരച്ചില്‍ നടത്തുന്നത്. സ്‌കൂബ സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതില്‍ പൊതുജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ആമയിഴഞ്ചാന്‍ തോടിലെ മാലിന്യത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി തര്‍ക്കം. എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞപ്പോള്‍ കോര്‍പറേഷനെ മാത്രം പഴിക്കേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടിയും വ്യക്തമായി. അതേസമയം റയില്‍വേ കനാലില്‍ വന്‍തോതില്‍ മാലിന്യം തള്ളിയെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചു. പരിശോധനയില്‍ ഗുരുതര വീഴ്ച കണ്ടെത്തിയെന്നും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

https://dailynewslive.in/ ആമയിഴഞ്ചാന്‍ തോട് വ്യത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനും റെയില്‍വേയും തമ്മില്‍ തര്‍ക്കം. തോട് വ്യത്തിയാക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ ആരോപണങ്ങള്‍ തളളിയ റെയില്‍വേ എഡിആര്‍എം എം ആര്‍ വിജി, റെയില്‍വേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോര്‍പ്പറേഷനാണെന്ന നിലപാടിലാണ്. അനുവാദം ചോദിച്ചിട്ടും നല്‍കിയില്ലെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണെന്നും ഭാവിയിലും ടണല്‍ വൃത്തിയാക്കാന്‍ കോര്‍പറേഷന് ഒരു തടസവും ഉണ്ടാവില്ലെന്നും റെയില്‍വേ വിശദീകരിക്കുന്നു. അതേസമയം എഡിഎംആറിന്റെ വാദങ്ങള്‍ തള്ളിയ മേയര്‍ ആര്യ രാജേന്ദ്രന്‍ പിറ്റ് ലൈനിന് താഴെയുള്ള മാലിന്യങ്ങളുടെ ചുമതല റെയില്‍വേയ്ക്ക് തന്നെയാണെന്നും ഭാവിയില്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച് റെയില്‍വേ മറുപടി പറയേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മാലിന്യനീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രക്ഷാപ്രവര്‍ത്തനം വിജയത്തിലെത്തട്ടേയെന്ന് പറഞ്ഞ സതീശന്‍ അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് മറുപടി പറയുന്ന മന്ത്രിയുടെ അലക്കിത്തേപ്പ് മഴക്കാല പൂര്‍വശുചീകരണത്തിലില്ലെന്ന് ആരോപിച്ചു. ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്ന ആരോഗ്യമന്ത്രിക്ക് പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ ആമയിഴഞ്ചാന്‍ തോടില്‍ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ വി ഡി സതീശന്‍ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അപകടത്തില്‍ ഒരാളെ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്ന് മന്ത്രി വിമര്‍ശിച്ചു. റെയില്‍വേയ്ക്കെതിരെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. അപകടം നടന്ന സ്ഥലത്ത് കോര്‍പറേഷനോ സര്‍ക്കാരിനോ ഇടപെടാന്‍ റെയില്‍വേ അനുമതി നല്‍കിയിട്ടില്ലെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

https://dailynewslive.in/ സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ 6 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

https://dailynewslive.in/ കെഎസ്ആര്‍ടിസിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രീത് അനലൈസര്‍ ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.

https://dailynewslive.in/ പി എസ് സ്സി കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതില്‍ നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും, പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹം അറിയണമെന്നും അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രമോദ് വ്യക്തമാക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും, പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം വാര്‍ത്താ കുറിപ്പ് ഇറക്കിയത്. പാര്‍ട്ടിയെ ഒരു വിഭാഗം തെറ്റിധരിപ്പിച്ചുവെന്നും, പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണമെന്നും പ്രമോദ് വ്യക്തമാക്കി.

https://dailynewslive.in/ പിഎസ്സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്. പ്രമോദ് തന്റെ നല്ല സുഹൃത്താണെന്നും പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും പണം വാങ്ങി എന്നൊരു പരാതി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. തന്റെ പേര് എങ്ങനെ വന്നു എന്നതില്‍ വ്യക്തതയില്ലെന്നും തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പി.എസ്.സി കോഴയില്‍ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം പിഎസ്സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പ്രമോദ് കോട്ടൂളി ഉള്‍പ്പെട്ട പിഎസ്സി കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പരാതി കിട്ടിയെന്ന് വ്യക്തമാക്കിയ മന്ത്രി റിയാസ്, അത് പൊലീസിന് എന്തുകൊണ്ട് കൈമാറിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മാഫിയയാണ് എല്ലാത്തിനും പിന്നിലെന്നും ഇന്ന് നഗരത്തില്‍ കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

https://dailynewslive.in/ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നുമായിരുന്നു സികെ പത്മനാഭന്റെ വിമര്‍ശനം. ഇന്ദിരാഗാന്ധിയെ ഭാരത മാതാവായി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രീതിയെ അംഗീകരിക്കാനാകില്ലെന്നും സികെ പത്മനാഭന്‍ പറഞ്ഞിരുന്നു. എന്നാല്‍ സികെ പത്മനാഭന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത താന്‍ കണ്ടില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

https://dailynewslive.in/ കണ്ണൂര്‍ പയ്യന്നൂര്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ 10 പേര്‍ക്കെതിരെ മര്‍ദ്ദനത്തിനാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. റാഗിംഗ് വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല. റാഗിങ്ങില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗണ്‍ സ്റ്റാന്‍ലിയുടെ ഇന്ത്യയിലെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി തൃശൂര്‍ സ്വദേശിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ തട്ടിയത് ഒരുകോടി 96 ലക്ഷം രൂപ. മൂന്നു മാസത്തിനുള്ളില്‍ 25 തവണയായി പണം നല്‍കിയെന്ന് തട്ടിപ്പിന് ഇരയായ ആള്‍ വ്യക്തമാക്കി. ബ്ലോക്ക് ട്രേഡിങ്ങിന്റെ പേരിലായിരുന്നു സാമ്പത്തികാപഹരണം.

https://dailynewslive.in/ ചിന്നക്കനാല്‍ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം. രാത്രിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ ഒറ്റയാന്‍ സിംഗുകണ്ടം സ്വദേശി ശ്യാമിന്റെ വീടിന്റെ കതക് തകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. ആള്‍ത്താമസം ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികളും നശിപ്പിച്ചു. രാത്രിയില്‍ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാല്‍ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകള്‍ അറിഞ്ഞത്.

https://dailynewslive.in/ കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടിലെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ബഹിഷ്‌കരിക്കാന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ദേശീയപാതാ വികസന പ്രവൃത്തി കാരണം റോഡില്‍ നിറയെ ചെളിയും വെള്ളക്കെട്ടുമായതിനാല്‍ ബസ് ഓടിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

https://dailynewslive.in/ കണ്ണൂരില്‍ പെട്രോള്‍പമ്പ്് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പില്‍, പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാര്‍ പമ്പ് ജീവനക്കാരന്‍ അനില്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്.കണ്ണൂര്‍ എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിച്ചേക്കും.

https://dailynewslive.in/ മകന്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും ഗെയിമിങ് ആപ്ലിക്കേഷനുകള്‍ മകനില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് എറണാകുളം ചെങ്ങമനാട്ട് അസാധാരണ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചു വയസുകാരന്റെ പിതാവ് വ്യക്തമാക്കി. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മരണകാരണമായതെന്ന് സംശയിക്കുന്ന ഗെയിം ഏതെന്ന് കണ്ടെത്താനായിട്ടില്ല.

https://dailynewslive.in/ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ് ആയിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു.

https://dailynewslive.in/ പെരിഞ്ഞനത്ത് ബൈക്കിന്റെ ചക്രത്തില്‍ സാരി കുടുങ്ങിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടില്‍ സുനിലിന്റെ ഭാര്യ നളിനിയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം.

https://dailynewslive.in/ മലയാളി നഴ്സ് ഇസ്രായേലില്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിനാണ് മരിച്ചത്. ഒഴിവ് സമയത്ത് കടല്‍ കാണാന്‍ പോയപ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

https://dailynewslive.in/ യുഎഇയിലെ ഫുജൈറയില്‍ ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളില്‍ ഒരെണ്ണം റെഡ് സിഗ്നല്‍ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു.

https://dailynewslive.in/ ബിഹാറില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. കുത്തിയൊഴുകിയെത്തിയ ബാഗ്മതി നദി ഒറ്റ ദിവസം കൊണ്ട് മുസഫര്‍പുരിലെ 18 പഞ്ചായത്തുകളെ വെള്ളത്തിനടിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്ത ഉത്തര്‍പ്രദേശില്‍ ആകെ മരണം 74 ആയി. 1300 ഓളം ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

https://dailynewslive.in/ വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം നേടാമെന്ന സുപ്രീം കോടതി വിധി ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ശരീഅത്ത് നിയമപ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിനുള്ള അവകാശം ‘ഇദ്ദ’ കാലയളവ് വരെ മാത്രമാണുള്ളതെന്നും അതുകൊണ്ടുതന്നെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നേതാക്കള്‍ വ്യക്തമാക്കി.

https://dailynewslive.in/ കുടുംബത്തില്‍ വിഷമങ്ങളുണ്ടാകുമ്പോള്‍ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോള്‍ നല്‍കാമെന്ന് ബോംബെ ഹൈക്കോടതി. വിദേശത്ത് പഠിക്കാന്‍ പോവുന്ന മകനെ യാത്രയാക്കാന്‍ പരോള്‍ ആവശ്യപ്പെട്ട് കൊലപാതകക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഈ മാസം 22 നാണ് മകന്‍ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതെന്നും മകനെ യാത്ര അയയ്ക്കാന്‍ പരോള്‍ അനുവദിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

https://dailynewslive.in/ ബിജെപിക്ക് ഭരിക്കാന്‍ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എന്‍ഡിഎ സഖ്യകക്ഷികള്‍ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി. ഉത്തരേന്ത്യയിലെ ബിജെപിയുടെ പരാജയം രാജ്യത്തെ അന്തരീക്ഷം മാറിയതിന് തെളിവാണെന്നും മമത വിലയിരുത്തി. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി-ടിഎംസി സംഘര്‍ഷം രൂക്ഷമായി, പലയിടത്തും തൃണമൂല്‍ അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രാജ്ഭവന് മുന്നില്‍ പ്രതിഷേധം തുടങ്ങി.

https://dailynewslive.in/ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി കവിഞ്ഞു. നരേന്ദ്രമോദിതന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ആഗോള രാഷ്ട്രീയനേതാക്കളെ പരിഗണിക്കുമ്പോള്‍ ഏറ്റവുംകൂടുതല്‍ എക്‌സ് ഫോളോവേഴ്‌സുള്ള രണ്ടാമത്തെ നേതാവാണ് നരേന്ദ്രമോദി. 13.17 ഫോളേവേഴ്സുള്ള ബറാക്ക് ഒബാമയാണ് മോദിക്ക് മുന്നിലുള്ള രാഷ്ട്രീയനേതാവ്.

https://dailynewslive.in/ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ട്രംപിന്റെ ചെവിക്ക് വെടിയേറ്റു. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയത്. അതേസമയം, സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന ഒരാളടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് റാലിയുടെ സദസ്സിലുണ്ടായിരുന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അക്രമിയെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ ചികിത്സതേടിയ ട്രംപ് ആശുപത്രി വിട്ടു.

https://dailynewslive.in/ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് പെന്‍സില്‍വേനിയ സ്വദേശിയും ഇരുപതുകാരനുമായ തോമസ് മാത്യു ക്രൂക്ക് ആണെന്ന് എഫ്.ബി.ഐ വ്യക്തമാക്കി പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്കില്‍ നിന്നുള്ളയാളാണ് തോമസ് മാത്യു ക്രൂക്ക്. വെടിവെപ്പിന് പിന്നാലെ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എഫ്.ബി.ഐ. വ്യക്തമാക്കി.

https://dailynewslive.in/ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ തരത്തിലുള്ള അക്രമങ്ങള്‍ക്ക് യു.എസ്സില്‍ സ്ഥാനമില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വിഷയത്തെ എല്ലാവരും അപലപിക്കേണ്ടതുണ്ടെന്നും ട്രംപുമായി ഫോണില്‍ സംസാരിച്ചെന്നും ബൈഡന്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സുഹൃത്തിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും എക്സില്‍ കുറിച്ചു.

https://dailynewslive.in/ ലോകവ്യാപകമായി വലതുപക്ഷ നേതാക്കളെയാണ് ഇടതുപക്ഷം ലക്ഷ്യംവെക്കുന്നതെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് നേഷന്‍ ഫസ്റ്റ് എന്ന ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ നിയമ വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയും കുറ്റവിമുക്തര്‍. 7 വര്‍ഷത്തേക്ക് ഇരുവരെയും ശിക്ഷിച്ച കീഴ്ക്കോടതി നടപടി അപ്പീല്‍ കോടതി റദ്ദാക്കി. എന്നാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഇവര്‍ ഉടന്‍ മോചിതരാകില്ല. ഇമ്രാന്‍ ഖാനെയും ഭാര്യ ബുഷറ ഖാനെയും ഏഴ് വര്‍ഷത്തേക്കായിരുന്നു ശിക്ഷിച്ചിരുന്നത്.

https://dailynewslive.in/ ക്യാന്‍സര്‍ ബാധിതായി ലണ്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ ചികിത്സക്കായി ഒരു കോടി രൂപ അനുവദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതിനാല്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കപില്‍ ദേവ് ഇന്നലെ പറഞ്ഞിരുന്നു.

https://dailynewslive.in/ സിംബാബ്വെക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 42 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 58 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ 18.3 ഓവറില്‍ 125ന് എല്ലാവരും പുറത്തായി. മുകേഷ് കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ ഇന്ത്യ 4-1നാണ് പരമ്പര സ്വന്തമാക്കിയത്.

https://dailynewslive.in/ സ്പെയിന്‍ യൂറോ കപ്പ് ചാമ്പ്യന്‍മാര്‍. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ യൂറോ കപ്പ് കിരീടം ചൂടിയത്. 47-ാം മിനിറ്റില്‍ നിക്കോ വില്യംസും 86-ാം മിനിറ്റില്‍ മൈക്കേല്‍ ഒയാര്‍സബലും സ്പെയിനു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ 73-ാം മിനിറ്റില്‍ കോല്‍ പാമറാണ് ഇംഗ്ലണ്ടിനായി ആശ്വാസ ഗോള്‍ നേടിയത്. സ്‌പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടമാണിത്. നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് സ്‌പെയിന്‍.

https://dailynewslive.in/ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസിന് വിംബിള്‍ഡണ്‍. തുടര്‍ച്ചയായ രണ്ടാം ഫൈനലിലും നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് അല്‍ക്കറാസ് കിരീടം നേടിയത്. 21 വയസിനിടെ അല്‍ക്കറാസ് നേടുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നേടിയ അല്‍ക്കറാസിന് ഇനി നേടാനുള്ളത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ്.

തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ച് എയര്‍ ഇന്ത്യ. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്. ഇതിലൂടെ യാത്രക്കാര്‍ക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാന്‍ സാധിക്കും. ലഗേജ് നഷ്ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ എയര്‍ലൈന്‍ ജീവനക്കാരുമായി ബന്ധപ്പെടാതെ ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം നല്‍കുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നായി എയര്‍ ഇന്ത്യ മാറി. ബാഗേജ് ട്രാക്ക് ചെയ്യുന്നതിനായുള്ള സംവിധാനത്തില്‍ നിലവിലെ ലൊക്കേഷന്‍, ട്രാന്‍സിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരല്‍ വിശദാംശങ്ങള്‍ എന്നിവ പോലുള്ള പ്രധാന വിവരങ്ങള്‍ ലഭിക്കും. ഇതില്‍, ചെക്ക്-ഇന്‍, സെക്യൂരിറ്റി ക്ലിയറന്‍സ്, എയര്‍ക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാന്‍സ്ഫര്‍, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ‘ട്രാക്ക് യുവര്‍ ബാഗ്’ ടാബിന് കീഴില്‍ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്. കണക്കുകള്‍ പ്രകാരം ഓരോ ദിവസവും ശരാശരി 1,456 ബാഗുകള്‍ ആണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നഷ്ടപ്പെടുന്നത്.

https://dailynewslive.in/ സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’ സിനിമയുടെ റിലീസ് തിയതി മാറിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് നിശ്ചയിച്ച റിലീസ് തിയതി ‘താങ്ക്സ് കാര്‍ഡ് എഴുതി തീരാനുള്ള താമസം കാരണം റിലീസ് ഓഗസ്റ് 15ലേക്ക് മാറ്റി ‘ എന്ന അടിക്കുറിപ്പോടെയാണ് വാഴയുടെ അണിയറ പ്രവര്‍ത്തകര്‍ പുതിയ തിയതി പുറത്തു വിട്ടത്. ഡബ്ളിയുബിടിഎസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’. ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് താരങ്ങള്‍.

https://dailynewslive.in/ സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം ‘ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. ആഗസ്റ്റ് 9-നാണ് ചിത്രം തീയറ്ററുകളിലെത്തുക. സംഗീതം:രാഹുല്‍ രാജ്, എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹന്‍ലാല്‍’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ ‘ബഡായി ബംഗ്ലാവി’ ന്റെയും രചിതാവായ സുനീഷ് വാരനാട് ആണ്. സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.

https://dailynewslive.in/ 20 ലക്ഷം എസ്യുവി വില്‍പ്പനയുടെ നാഴികക്കല്ല് ആഘോഷിക്കുന്നതിയി ടാറ്റ മോട്ടോഴ്‌സ് അവരുടെ എസ്യുവി മോഡല്‍ ലൈനപ്പിലെ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി, ഹാരിയര്‍, സഫാരി എന്നിവയ്ക്ക് പ്രത്യേക കിഴിവുകള്‍ പ്രഖ്യാപിച്ചു. ഹാരിയറിനു 14.99 ലക്ഷം രൂപയും സഫാരിക്ക് 15.49 ലക്ഷം രൂപയുമാണ് പുതുക്കിയ പ്രാരംഭ വില. കൂടാതെ, രണ്ട് മോഡലുകളുടെയും തിരഞ്ഞെടുത്ത വേരിയന്റുകളില്‍ വാങ്ങുന്നവര്‍ക്ക് 1.4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. 1991-ല്‍ തങ്ങളുടെ ആദ്യ എസ്യുവിയായ സിയറ പുറത്തിറക്കിയതിന് ശേഷം 20 ലക്ഷം എസ്യുവികളാണ് ടാറ്റ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്യുവിയുടെ 7 ലക്ഷം യൂണിറ്റുകള്‍ ടാറ്റ മോട്ടോഴ്‌സ് വിറ്റു. ടാറ്റയുടെ 7 ഇന്‍ 7 സെലിബ്രേഷന്‍ ഓഫറിന്റെ ഭാഗമായി ഇപ്പോള്‍ ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാകും. ഇലക്ട്രിക് ഓഫറുകളായ ടാറ്റ നെക്‌സോണ്‍ ഇവിക്കും പഞ്ച് ഇവിക്കും 1.3 ലക്ഷം രൂപ വരെ കിഴിവുകള്‍ നല്‍കുന്നു. ഈ ആനുകൂല്യങ്ങള്‍ വേരിയന്റ് അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും 2024 ജൂലൈ 31 വരെ നടത്തിയ ബുക്കിംഗുകള്‍ക്ക് മുകളില്‍ പറഞ്ഞ ഓഫറുകള്‍ സാധുതയുള്ളതാണെന്നും ശ്രദ്ധിക്കേണ്ടതാണ്.

https://dailynewslive.in/ ലളിതമായ ഭാഷയിലൂടെ സംഗീതാത്മകമായി സത്യം വിളിച്ചുപറയുന്ന ജോണ്‍ ഹോര്‍മിസിന്റെ ‘വര്‍ഷങ്ങള്‍ക്കു മുമ്പ്…’ എന്ന രചന നല്ല സാഹിത്യകൃതിയാണ്. അന്നത്തെ കൗമാരപ്രായത്തിലെ മധുരവും കൈപ്പും ഇടകലര്‍ന്ന അനുഭവങ്ങള്‍ നിറഞ്ഞ പ്രണയകഥ, ശാസ്ത്ര സാങ്കേതിക നേട്ടങ്ങളിലൂടെ കുതിച്ചുയരുന്ന ഇന്നത്തെകാലത്തും വായനക്കാനെ സ്പര്‍ശിക്കുന്നു. ദൈവമാകാതെ കേവലമര്‍ത്യനായി ജീവിച്ചിടുകയാണ് മാനവധര്‍മ്മം എന്ന് ഈ നോവല്‍ വിളിച്ചോതുന്നു. അദ്ദേഹത്തിന്റെ ചിന്തയുടെ മൂര്‍ച്ച എല്ലാ വായനക്കാര്‍ക്കും ഇഷ്ടപെടും. ‘വര്‍ഷങ്ങള്‍ക്കു മുമ്പ്’. ജോണ്‍ ഹോര്‍മിസ്. ക്ലിക്ക് കമ്മ്യൂണിക്കേഷന്‍സ്. വില 285 രൂപ.

https://dailynewslive.in/ ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. വാഴപ്പഴത്തില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഹൃദയത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു. വാഴപ്പഴം പോലുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതായി യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിന്‍, റൈബോഫ്ലേവിന്‍, ബി 6 തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. വാഴപ്പഴത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലായതിനാല്‍ വിളര്‍ച്ചയുള്ളവര്‍ക്ക് ഇത് നല്ലതാണ്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ എണ്ണത്തില്‍ കുറവുണ്ടാകുന്ന അവസ്ഥയാണ് അനീമിയ. ഇത് ക്ഷീണം, ശ്വാസം മുട്ടല്‍, വിളര്‍ച്ച എന്നിവയിലേക്ക് നയിക്കുന്നു. വാഴപ്പഴത്തില്‍ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) ആണുള്ളത്. പഴുക്കാത്ത വാഴപ്പഴത്തില്‍ 30 ജിഐ ആണുള്ളത്. എന്നാല്‍, പഴുത്ത വാഴപ്പഴത്തിന് 60 ജിഐ ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വര്‍ദ്ധനവിന് കാരണമാകില്ല എന്നാണ് ഇതിനര്‍ത്ഥം. അസിഡിറ്റി മാത്രമല്ല, മലബന്ധം കുറയ്ക്കാനും വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നാരുകളാല്‍ സമ്പുഷ്ടമായ വാഴപ്പഴം ഗുണം ചെയ്യും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഫണ്‍ ഫുഡ് എന്ന കുടുംബബിസിനസ്സിലേക്ക് 2002 ലാണ് വിരാജ് ഭാല്‍ കടന്നുവരുന്നത്. ഇതൊരു ഭക്ഷ്യസംസ്‌കരണ ബിസിനസ്സ് ആയിരുന്നു. ഏകദേശം 6 വര്‍ഷത്തെ മികച്ച വിജയത്തിന് ശേഷം വിരാജും പിതാവ് രാജീവ് ബഹലും 2008 ല്‍ 110 കോടി രൂപയ്ക്ക് ഫണ്‍ ഫുഡ്‌സ് ജര്‍മ്മനിയിലെ ഒരു കമ്പനിക്ക് വിറ്റു. തുടര്‍ന്ന് 2009ല്‍ വിരാജ് റസ്റ്റോറന്റ് ബിസിനസ്സിലേക്ക് കടന്നു. പക്ഷേ, ഇതൊരു തെറ്റായ തീരുമാനമായിരുന്നെന്ന് കാലം അധികം വൈകാതെ തെളിയിച്ചു. 2013 ആയപ്പോഴേക്കും ബിസിനസ്സ് നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കടുത്ത സാമ്പത്തിക ബാധ്യത അദ്ദേഹം നേരിട്ടു. അവസാനം സ്വന്തം വീടുവരെ വിറ്റാണ് ബാധ്യതകളില്‍ നിന്ന് കുറച്ചൊക്കെ കരയകയാന്‍ അദ്ദേഹത്തിന് സാധിച്ചത്. പിന്നീട് ചെറിയ തുകകള്‍ ചേര്‍ത്ത് വെച്ച് വീണ്ടും 2013 ല്‍ ഭക്ഷ്യസംസ്‌കരണ ബിസിനസ്സ് വീണ്ടും തുടങ്ങി. ഈ പുതിയ നീക്കത്തിന് വീബ എന്നാണ് അദ്ദേഹം പേര് നല്‍കിയത്. പ്രാഥമികമായി ബി 2 ബി ബിസിനസ്സിലേക്കാണ് വീബ ശ്രദ്ധ കേന്ദ്രീകരിച്ചത്. സോസുകളുടേയും സുഗന്ധവ്യജ്ഞനങ്ങളുടേയും ഒരു വലിയ നിര തന്നെ വീബയില്‍നിന്നും ഉണ്ടായി. ആദ്യത്തെ ആറ് മാസത്തിനുളളില്‍ തന്നെ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മുന്‍നിര ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ നിന്നും വലിയ തോതില്‍ ഓഡറുകള്‍ ലഭിച്ചതോടെ വീബയുടെ തലവര തെളിഞ്ഞു. ഡോമിനോസ്, ബര്‍ഗര്‍ കിങ്ങ്, പിസ്സ ഹട്ട്, KFC ഇതെല്ലാം വീബയുടെ പ്രധാനക്ലയന്റുകളില്‍ ചിലരാണ്. രാജ്യത്തെ 700ലധികം നഗരങ്ങളില്‍ വിപുലമായ വിതരണ ശൃംഖല ഇന്ന് വീബയ്ക്കുണ്ട്. വിദേശരാജ്യങ്ങളിലേക്കും വീബയുടെ ഉത്പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ട്. ഇന്ന് വീബയുടെ സാമ്പത്തിക വരുമാനം ഏകദേശം 811 കോടി രൂയാണ്. പല സംരംഭകരും ചെറിയ തിരിച്ചടികളില്‍ പോലും അടിയറവ് പറയുന്നു. എന്നാല്‍ പരാജയത്തില്‍ നിന്നും പഠിക്കുകയും മുന്നേറാനുളള വഴികള്‍ തേടുന്ന ചിലരുണ്ട്.. അവര്‍ക്കാണ് ഈ ലോകം വിജയത്തിന്റെ തിലകം ചാര്‍ത്തുക.. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *