പെണ്‍കുട്ടികളില്‍ ആര്‍ത്തവം ആരംഭിക്കുന്ന പ്രായം കഴിഞ്ഞ 55 വര്‍ഷങ്ങളില്‍ കുറഞ്ഞ് വരുന്നതായി അമേരിക്കയില്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ആര്‍ത്തവം ആരംഭിക്കുമെങ്കിലും ഇത് ശരിയായ ക്രമത്തിലാകാന്‍ പലര്‍ക്കും ദീര്‍ഘകാലം എടുക്കുന്നുണ്ടെന്നാണ് ആപ്പിള്‍ റിസേര്‍ച്ച് ആപ്പ് വഴി നടത്തിയ പഠനം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ഹാര്‍വാഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ചേര്‍ന്നാണ് പഠനം നടത്തിയത്. ആദ്യ ആര്‍ത്തവത്തിന്റെ ശരാശരി പ്രായം 1950-69കളില്‍ 12.5 വര്‍ഷമായിരുന്നത് 2000-2005 കാലഘട്ട ത്തില്‍ 11.9 വര്‍ഷമായി കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലയളവില്‍ തന്നെ 11 വയസ്സിന് മുന്‍പ് തന്നെ ആര്‍ത്തവം ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ ശതമാനം 8.6 ല്‍ നിന്ന് 15.5 ആയി വര്‍ധിച്ചു. ഒന്‍പത് വയസ്സിന് മുന്‍പ് തന്നെ ആര്‍ത്തവം തുടങ്ങുന്ന പെണ്‍കുട്ടികളുടെ ശതമാനം 0.6ല്‍ നിന്ന് 1.4 ശതമാനമായും വര്‍ധിച്ചു. ആര്‍ത്തവം ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന്റെ ക്രമം സാധാരണ തോതിലായവരുടെ എണ്ണം 74 ശതമാനത്തില്‍ നിന്ന് 56 ശതമാനമായി കുറഞ്ഞതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ആര്‍ത്തവം എപ്പോള്‍ ആരംഭിക്കുന്നു, അതിന്റെ ക്രമം എന്നിവയെല്ലാം പ്രത്യുത്പാദനപരമായ ആരോഗ്യത്തിന്റെ മാത്രം അടയാളമല്ല. ആര്‍ത്തവം സാധാരണയിലും നേരത്തെ ആരംഭിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, അകാല മരണം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ക്രമത്തിലാകാന്‍ കൂടുതല്‍ സമയം എടുക്കുന്നത് വന്ധ്യതയുടെ സൂചനയുമാകാം. ശരീരത്തിന്റെ ഘടന, ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, സമ്മര്‍ദ്ദം, എന്‍ഡോക്രൈന്‍ സംവിധാനത്തെ തടസ്സപ്പെടുത്തുന്ന പാരിസ്ഥിതിക ഘടകങ്ങള്‍, വായുവിലെ മാലിന്യങ്ങള്‍ എന്നിവയെല്ലാം നേരത്തെ ആര്‍ത്തവം തുടങ്ങുന്നതിനെ സ്വാധീനിക്കാമെന്നും ഗവേഷകര്‍ പറയുന്നു. 71,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തിന്റെ ഫലം ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan