Untitled design 20240709 171740 0000

മലയാള സംഗീത ചരിത്രത്തിൽ എക്കാലവും സ്വർണ ലിപികളിൽ എഴുതിയിരിക്കുന്ന ഒരു പേരാണ് എം കെ അർജുൻ മാസ്റ്ററുടെത്. അദ്ദേഹം സംഗീതം പകർന്ന എല്ലാ ഗാനങ്ങളും ഇന്നും ജനമനസ്സുകളിൽ തങ്ങിനിൽക്കുന്നു. അദ്ദേഹത്തെക്കുറിച്ച് അറിയാ കഥകളിലൂടെ കൂടുതൽ അറിയാം….!!!

മലയാള സിനിമ രംഗത്തെ പ്രതിഭാശാലിയായ സംഗീത സംവിധായകനായിരുന്നു മാളിയേയ്ക്കൽ കൊച്ചുകുഞ്ഞ് അർജ്ജുനൻ എന്ന എം.കെ. അർജ്ജുനൻ . അർജ്ജുനൻ മാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

1936 മാർച്ച് 1ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായി അർജ്ജുനൻ ജനിച്ചു. പതിനാലുപേർ ജനിച്ചെങ്കിലും രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന നാലുപേർ മാത്രമാണ് ബാക്കിയായത്. അവരിൽ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ആസ്പിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ഛൻ മരിക്കുമ്പോൾ കുറെ ജീവിതപ്രാരാംബ്ദങ്ങൾ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. അന്ന് അർജ്ജുനന് പ്രായം ആറുമാസം മാത്രം.

 

പകലന്തിയോളം മക്കൾക്ക് വേണ്ടി പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാൻ രണ്ടാം ക്ലാസ്സിൽ അർജ്ജുനൻ പഠനം നിർത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റ്‌ തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാൻ പാടുപെട്ടു. വീടുകളിൽ ജോലിക്കു നിന്നും, ചുമട്‌ എടുത്തും, കൂലിപ്പണി ചെയ്‌തുമാണ് ജീവിതം മുൻപോട്ടു നീക്കിയത്. വളരെയധികം ദുരിത പൂർണമായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അച്ഛൻ നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ തണൽ തന്നെയാണ് ഇല്ലാതായത്.

അന്ന്‌ ഫോർട്ട്‌ കൊച്ചിയിലുണ്ടായിരുന്ന രാമൻവൈദ്യൻ എന്നൊരു സാമൂഹികപ്രവർത്തകനാണ്‌ ഈ‍ ദുരിതങ്ങളിൽ നിന്നു എം.കെ. അർജ്ജുനനെ രക്ഷിച്ചത്‌. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക്‌ അർജ്ജുനനെയും ജ്യേഷ്ഠൻ പ്രഭാരകരനെയും രാമൻവൈദ്യനാണ്‌ കൊണ്ടുപോയത്‌. രണ്ടുപേരെങ്കിലും പട്ടിണിയിൽ നിന്നു രക്ഷപ്പെടുമല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ആ മക്കളെ യാത്രയാക്കി.

അർജുനനും സഹോദരനും ആശ്രമവുമായി പെട്ടെന്ന് തന്നെ ഇഴുകിചേർന്നു. ആശ്രമത്തിൽ എല്ലാ ദിവസവും ഭജനയുണ്ട്‌. അർജ്ജുനനും പ്രഭാകരനും അതിൽ എന്നും പങ്കുചേരുമായിരുന്നു. കുട്ടികളുടെ സംഗീതവാസന മനസ്സിലാക്കിയ നാരായണസ്വാമി അവർക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏർപ്പാടാക്കി. അങ്ങനെ ഏഴു വർഷം അവർ സംഗീത പഠനവും മറ്റുമൊക്കെയായി അവിടെ കഴിഞ്ഞു .

ആശ്രമത്തിൽ അന്തേവാസികൾ കൂടുതലായതോടെ ഇരുവർക്കും ഫോർട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു. വീണ്ടും കുടുംബഭാരം. സംഗീതകച്ചേരികൾ നടത്തിയും കൂലിവേല ചെയ്‌തും ഒരു വിധത്തിൽ മുന്നോട്ടു നീങ്ങി. ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവിൽ കാവൽക്കാരനായും അർജുനൻ ജോലി ചെയ്തു. സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കൻമാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാർണമോണിയവും അദ്ദേഹം അഭ്യസിച്ചു.

താൻ പഠിച്ച വിദ്യകൾ ഒന്നും തന്നെ അർജുനൻ പാഴാക്കിയില്ല. അവയെല്ലാം വേണ്ടവിധത്തിൽ ഉപയോഗിക്കാനായി പരമാവധി ശ്രമിച്ചു.ഹാർമോണിയം വായന തൊഴിലാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകൾക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള ‘കലാകൗമുദി ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം പകരാൻ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. “തമ്മിലടിച്ച തമ്പുരാക്കൾ…. എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകർന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതൽ അവസരങ്ങളായി. നിരവധി നാടകങ്ങൾക്ക്‌ ഈണം പകർന്നു. ഇതിനിടയ്ക്കു എം.കെ. അർജ്ജുനൻ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1964-ൽ ആയിരുന്നു വിവാഹം. ഭാര്യയുടെ പേര്‌ ഭാരതി. അഞ്ചുമക്കൾ ആണ് അദ്ദേഹത്തിന് ഉള്ളത്.

നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയിൽ അർജ്ജുനൻമാസ്റ്റർക്ക്‌ അവസരമൊരുക്കിയത്‌. ദേവരാജൻ മാഷിന്റെ സഹായിയായി നാടകഗാനങ്ങൾക്ക്‌ അദ്ദേഹം ഹാർമോണിയം വായിച്ചു. 1968-ൽ ‘കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ അർജ്ജുനൻമാസ്റ്റർക്കു കഴിഞ്ഞു.

ആയിടയ്ക്കാണ്‌ അർജ്ജുനൻ ശ്രീകുമാരൻ തമ്പിയുമായി പരിചയപ്പെടുന്നത്‌. ശ്രീകുമാരൻ തമ്പി ചിത്രമേള, വെളുത്തകത്രീന തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ദേവരാജൻ മാഷുമായി സ്വൽപം അകന്നു നിൽക്കുന്ന സമയവുമായിരുന്നു. പിൽക്കാലത്ത്‌ എം കെ അർജ്ജുനനുമായി ചേർന്ന്‌ നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത്‌ ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ ഗായകർക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ അധികവും ആലപിച്ചത്.

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ” എന്ന ചിത്രത്തിനായി രാജീവ് ആലുങ്കൽ രചിച്ച ഗാനങ്ങൾക്കാണ് എം.കെ.അർജുനൻ അവസാനമായി ഈണം നൽകിയത്.ശ്രീക്ക് മ്യൂസിക്കിനുവേണ്ടി എഴുതിയ മൂന്ന് പ്രണയഗാനങ്ങൾക്ക് 2019 ഡിസംബറിൽ എം.കെ.അർജ്ജുനൻ ഈണം നൽകിയിരുന്നു. അദ്ദേഹത്തിന്റെ അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി രോഗങ്ങൾ കാരണം ബുദ്ധിമുട്ടിയ അർജ്ജുനൻ മാസ്റ്റർ, 2020 ഏപ്രിൽ 6-ന് പുലർച്ചെ മൂന്നരയ്ക്ക് കൊച്ചിയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 84 വയസ്സായിരുന്നു.

മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പള്ളുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു. കോവിഡ്-19 മഹാമാരി കാരണം ലോക്ഡൗൺ നിലനിൽക്കുന്ന സമയമായതിനാൽ വളരെ ചെറിയൊരു ആൾക്കൂട്ടമേ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുകയുണ്ടായുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യ ഭാരതി, 2021 ജൂലൈ ഒന്നിന് കോവിഡ്-19 ബാധിച്ച് അന്തരിച്ചു.

അർജുനൻ മാസ്റ്റർ ഈണം പകർന്ന ഗാനങ്ങളിലൂടെ ഇന്നും അദ്ദേഹം എല്ലാവരുടെയും മനസ്സിൽ അത്യന്തം ശോഭയോടെ തന്നെ ജീവിവിച്ചിരിക്കുന്നു. പ്രാരാബ്ധങ്ങളിലൂടെ കടന്നുപോയി പിന്നീട് നല്ലൊരു ജീവിതത്തിലേക്ക് എത്തിയപ്പോഴും മനസ്സിന്റെ നന്മ അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചിരുന്നു. മലയാളികൾക്ക് മറക്കാനാവാത്ത ഒരു വ്യക്തിത്വം തന്നെയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒരിക്കൽ എങ്കിലും കേട്ടിട്ടുണ്ടെങ്കിൽ നമ്മൾ അദ്ദേഹത്തെ മറക്കില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *