ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇവി വിഭാഗത്തിലും ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. പഞ്ച് ഇവിക്കും ഇസി3ക്കും വെല്ലുവിളിയായി ഇന്‍സ്റ്റര്‍ ഇവി 2026ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്ഇ1ഐ എന്ന കോഡില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റര്‍ ഇവി ഹ്യുണ്ടേയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഇവിയായിരിക്കും. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ക്രേറ്റ ഇവി കൂടി എത്തുന്നതോടെ ആരംഭിക്കുന്ന ഹ്യുണ്ടേയുടെ മത്സരം ഇന്‍സ്റ്റര്‍ ഇവി കൂടി വരുന്നതോടെ വേറെ ലെവലാവും. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റയോട് മത്സരിക്കാനാണ് ഹ്യുണ്ടേയ്യുടെ നീക്കം. വിദേശ വിപണികളിലെ ബജറ്റ് വാഹനമായ കാസ്പറിനെ അടിസ്ഥാനമാക്കിയാണ് ഇന്‍സ്റ്ററിന്റെ വരവ്. വീല്‍ ബേസില്‍ 180എംഎം വലിപ്പം കൂടുതലുള്ളത് കൂടുതല്‍ വലിയ ബാറ്ററിയെ ഉള്‍ക്കൊള്ളാന്‍ സഹായിക്കും. 3,825എംഎം നീളമുള്ള ഇന്‍സ്റ്റര്‍ ഇവിക്ക് ടാറ്റ പഞ്ച് ഇവിയേക്കാളും(3,857എംഎം) സിട്രോണ്‍ ഇസി3യേക്കാളും(3,981 എംഎം) നീളം കുറവാണ്. 97ബിഎച്ച്പി, 115ബിഎച്ച്പി കരുത്തുകളിലുള്ള രണ്ട് മോട്ടോര്‍ ഓപ്ഷനുകള്‍. രണ്ടും പരമാവധി 147എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. 42കിലോവാട്ട്അവര്‍, 49കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ആദ്യത്തേതിന് 300കിമിയും രണ്ടാമത്തേതിന് 355 കിമിയുമാണ് റേഞ്ച്. ഇന്‍സ്ട്രുമെന്റ് പാനലിനും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റിനുമായി 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും പ്രതീക്ഷിക്കാം.