ഹീറോ മോട്ടോകോര്‍പ്പ് കരിസ്മ XMR അടിസ്ഥാനമാക്കി നിര്‍മിച്ച ഒരു പ്രത്യേക പതിപ്പ് മോട്ടോര്‍സൈക്കിളായ സെന്റിനിയല്‍ അവതരിപ്പിച്ചു. കമ്പനിയുടെ സ്ഥാപകനായ ഡോ. ബ്രിജ്മോഹന്‍ ലാല്‍ മുഞ്ജാലിന്റെ 101-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ഹീറോ വേള്‍ഡ് 2024-ല്‍ പ്രഖ്യാപിച്ച ഈ ബൈക്കിന്റെ 100 പതിപ്പുകള്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളൂ. കരിസ്മയ്ക്ക് സമാനമായി, കാര്‍ബണ്‍ ഫൈബര്‍ ബോഡിയും ഹാഫ് ഫെയറിംഗും ബൈക്കിലുണ്ട്. ബൈക്കിന്റെ 100 യൂണിറ്റുകള്‍ കമ്പനിയുടെ ജീവനക്കാര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഓഹരി ഉടമകള്‍ക്കും മാത്രമായി ലേലം ചെയ്യും. ലേലത്തുക പിന്നീട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ജര്‍മ്മനിയിലെ ഹീറോ ടെക് സെന്ററിനൊപ്പം ഇന്ത്യയിലെ ഹീറോ സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്നാണ് ഹീറോ സെന്റനിയല്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. വില്ബേഴ്സിന്റെ പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് സസ്പെന്‍ഷനും ഡാംപിംഗ് കണ്‍ട്രോളോടുകൂടിയ 43 എംഎം യുഎസ്ഡി ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഇതിലുണ്ട്. അക്രപോവിച്ചിന്റെ ടൈറ്റാനിയം എക്സ്ഹോസ്റ്റ് സിസ്റ്റം, വ്യതിരിക്തമായ പെയിന്റ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയും ഈ ബൈക്കില്‍ ലഭിക്കുന്നു.