അടുത്ത 20 വർഷവും എൻ.ഡി.എ. സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ചുവെന്നും വരുന്ന അഞ്ച് വർഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. അതേസമയം മോദി കള്ളം പറയുന്നത് നിർത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

 

 

 

പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് നിർദ്ദേശം നൽകിയത്.

 

 

 

കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐ കാമ്പസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

എസ് എഫ് ഐ പ്രവർത്തിക്കുന്നത് ഭീകര സംഘടനകളെ പോലെയാണെന്ന്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ക്യാമ്പസുകളിൽ എസ് എഫ് ഐ ഗുണ്ടായിസം വ്യാപിപ്പിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നു. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സി പി എം പാഠം പഠിച്ചിട്ടില്ല തെറ്റുതിരുത്താനും അവർ തയ്യാറല്ല. മുഖ്യമന്ത്രി മൗനം വെടിയണം. അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൽസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

 

 

എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വൈസ് ചാൻസലർ നിര്‍ദ്ദേശം നൽകി.

 

 

 

കാര്യവട്ടം കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്. കൂടാതെ 20 കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസുകാരന് നേർക്ക് കല്ലെറിഞ്ഞെന്നും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്റെ തുടർച്ചയായി എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രിയിൽ സ്റ്റേഷൻ ഉപരോധം നടന്നത്.

 

 

സ്‌കൂള്‍ കായികമേളയില്‍ വലിയ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ പരിപാടിയായി നടത്തും. എല്ലാവര്‍ഷവും കായികമേള നടക്കും. ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ കലകളും മത്സര ഇനമാവുമെന്ന് മന്ത്രി വ്യക്തമാക്കി.

 

 

 

 

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെന്‍ഷന്‍.

 

 

 

 

പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഹൈക്കോടതി നിർദേശം നല്‍കി.

ഏലൂരിൽ എന്തുകൊണ്ടാണ് ആരോഗ്യ സർവേ നടത്താത്തതെന്നും ഹൈക്കോടതി ചോദിച്ചു. 2008 ൽ ഏലൂർ മേഖലയിൽ ആരോഗ്യ സർവേ നടത്തിയിരുന്നു. പ്രദേശത്ത് മലിനീകരണം തുടരുന്നതിനാൽ വീണ്ടും ആരോഗ്യ സർവേ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

 

 

 

 

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന എം എൽ എ മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

 

 

 

 

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ തിരുവല്ല നഗരസഭയിലെ ജീവനക്കാർ വിശദീകരണം നൽകി. റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം.

റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. സംഭവത്തിൽ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

 

 

 

 

 

അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്നും, അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ പറഞ്ഞു. അതോടൊപ്പം സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നെന്ന് മാന്നാറിൽ മൃതദേഹം കുഴിച്ചെടുത്ത സോമൻ പറഞ്ഞു. സെപ്റ്റിക് ടാങ്കിനു മുകളിൽ പഴയ വീടിന്റെ അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ പറഞ്ഞു.

 

 

 

 

മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മരണത്തിൽ വെളിപ്പെടുത്തലുകളുമായി അനിലിൻ്റെ ബന്ധു സുരേഷ്. 2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല.

 

 

 

സിനിമാ സംബന്ധിയായ പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. അഭിനേതാക്കളോട് മോശമായ രീതിയില്‍ പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്നതും മരണവീട്ടില്‍ പോലും താരങ്ങളെ ക്യാമറയുമായി പിന്തുടരുന്നതും അടക്കമുള്ള സമീപനമാണ് നിര്‍മ്മാതാക്കള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നല്‍കി.

 

 

 

 

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

 

 

കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായി. തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആന്റണി എം വട്ടോളി ആണ് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായത്.

 

 

 

ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി സൂചന. തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ.

 

 

 

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

 

 

കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാറുകുടിയിൽ, മൂന്നാം വാർഡ് അംഗം ഡെറ്റി ഫ്രാൻസിസ്, പത്താം വാർഡ് അംഗം വിനീത് ടി. ജോസഫ്, 14-ാം വാർഡ് അംഗം ജിജി പുതിയപറമ്പിൽ എന്നിവരെയാണ് അയോഗ്യരാക്കിയത്. ആർഎംപി ടിക്കറ്റിൽ മത്സരിച്ച നാലു പേരും പാർട്ടി വിപ്പ് ലംഘിച്ച് 2020-ലെ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനാണ് നടപടി.

 

 

 

വ്യാജ ആര്‍.സി ബുക്ക് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. മലപ്പുറം തിരൂരങ്ങാടി ആര്‍.ടി.ഓഫീസില്‍ നിന്ന് തയ്യാറാക്കിയ വ്യാജ ആര്‍.സി ബുക്കിലെ ഇപ്പോഴത്തെ ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വഞ്ചന, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

 

 

 

കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് സ്ഥാപിച്ച സിസിടിവി ക്യാമറയും തകർന്നു. ഗുരുവായൂർ ദർശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

 

 

 

 

ചാവക്കാട് കറുകമാട് മുല്ലപുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെ മീൻ പിടിക്കാൻ പോയവരാണ് പുഴയിൽ മൃതദേഹം കണ്ടത്. കയ്യും കാലും പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

 

 

 

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമാണ് ആവശ്യം.

 

 

നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികൾ ജന്തർ മന്തറിൽ നിന്ന് പാര്‍ലമെൻ്റിലേക്ക് മാർച്ച് നടത്തും. നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികളുമായി ചർച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എൻഎസ്‌യു എഐഎസ്എഫ്, എഐഎസ്എ, സമാജ് വാദി ഛാത്ര് സഭ, എസ്എഫ്ഐ, എംഎസ്എഫ് എന്നീ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിലാണ് മാർച്ച്. എന്നാൽ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നൽകിയിട്ടില്ല.

 

 

 

 

 

വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്നും, നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞു. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

മതസംഘടനകൾ നടത്തുന്ന മതപരിവർത്തനം ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

 

 

 

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം. സംഭവത്തിൽ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിൽ നിന്നും ജയ്പൂരിലേക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് 20 അം​ഗ സംഘം മർദിച്ചത് എന്നാണ് ഡ്രൈവർ പറയുന്നത്.

 

 

 

ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരക്കിലും 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 

 

 

യുഎപിഎ കേസിൽ ജയിലിൽ കിടക്കുന്ന എംപിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ച് കോടതി. ബാരാമുള്ളയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ഷെയ്ഖ് അബ്ദുൽ റാഷിദിനാണ് സത്യപ്രതിജ്ഞ ചെയ്യാൻ രണ്ട് മണിക്കൂർ പരോൾ അനുവദിച്ചത്. നിലവിൽ ഇദ്ദേഹം തിഹാർ ജയിലിലാണ് കഴിയുന്നത്. ജൂലൈ അഞ്ചിനാണ് സത്യപ്രതിജ്ഞ.

 

 

ഗ്വാട്ടിമാലയുടെ അതിർത്തിക്കടുത്തുള്ള തെക്കൻ മെക്സിക്കൻ സംസ്ഥാനമായ ചിയാപാസിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 19 മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോർണി ജനറൽ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളുണ്ടെന്നും എല്ലാവരും കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആയുധധാരികളായിരുന്നുവെന്നും അധികൃതർ പറഞ്ഞു. മയക്കുമരുന്ന് കാർട്ടലുകൾ തമ്മിലുള്ള ആക്രമണമാണ് മരണത്തിന് കാരണമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *