https://dailynewslive.in/ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ബിജെപിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കിയ നടപടി പ്രതിപക്ഷം ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധി ഹിന്ദുക്കള്‍ക്കെതിരായി പ്രസംഗിച്ചുവെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ പരാമര്‍ശങ്ങള്‍ നീക്കിയത്. എന്നാല്‍ സത്യം തുടച്ച് നീക്കാനാകില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. സ്പീക്കര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ്. രാഹുല്‍ ഗാന്ധിയുടെ ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും, ആര്‍എസ്എസിനെതിരായ പരാമര്‍ശവും സ്പീക്കര്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു . അഗ്‌നിവീര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പഴയ പെന്‍ഷന്‍ പദ്ധതി തുടങ്ങി രാഹുല്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും സജീവമാണ്. സര്‍ക്കാര്‍ പുതിയതായിരിക്കും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പകര്‍ച്ചപ്പനി വ്യാപിക്കുന്നതിനിടെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കേരളത്തിന്റെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്ന് ടി.വി. ഇബ്രാഹിം കുറ്റപ്പെടുത്തി. എന്നാല്‍ ആരോഗ്യവകുപ്പ് പനിപിടിച്ചു കിടക്കുകയായിരുന്നെങ്കില്‍ കൊണ്ടോട്ടിയില്‍ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണെന്നും, വള്ളികുന്നില്‍ ആരും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോള്‍ ചികിത്സയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ പറയുമ്പോള്‍ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടുമെന്നും തിരുവന്തപുരം നഗര മധ്യത്തില്‍ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥയെന്നും സതീശന്‍ പറഞ്ഞു. മഴക്കാലപൂര്‍വ്വ ശുചീകരണം ഏറ്റവും മോശമായ വര്‍ഷമാണിതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മഴ പെയ്താല്‍ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്ളതുകൊണ്ടാണ് മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായുള്ള യോഗങ്ങള്‍ പലതും ചേരാന്‍ കഴിയാഞ്ഞതെന്നും മന്ത്രി പറഞ്ഞു. യോഗം ചേരുന്നതിന് മാത്രമാണ് കമ്മീഷന്റെ വിലക്ക് ഉണ്ടായിരുന്നതെന്നും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മറുപടി നല്‍കി. സംസ്ഥാനത്ത് മലിന ജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നതെന്നും പൊതുജനാരോഗ്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധയില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

https://dailynewslive.in/ വടക്കന്‍ മലബാറിലെ ട്രെയിന്‍ യാത്രാക്ലേശം രൂക്ഷമാണെന്ന് നിയമസഭയില്‍ ഇ.കെ. വിജയന്റെ ശ്രദ്ധക്ഷണിക്കല്‍. കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതാണ് കാരണം. ഇങ്ങനെയെങ്കില്‍ വാഗണ്‍ ട്രാജഡിക്കാണ് സാധ്യതയെന്നും വന്ദേ ഭാരത് വന്നശേഷം മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ റെയില്‍ യാത്രയില്‍ ഗുരുതര പ്രശ്‌നങ്ങളെന്ന് മന്ത്രി വി.അബ്ദുറഹ്‌മാനും പറഞ്ഞു. കേരളത്തിലെ റെയില്‍ സംബന്ധിച്ച കാര്യങ്ങളില്‍ കാലാകാലങ്ങളിലായി കേന്ദ്ര സര്‍ക്കാരുകള്‍ മന്ദഗതിയിലാണെന്നും, കൂടുതല്‍ കോച്ചുകളും സ്റ്റോപ്പുകളും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കേരളത്തില്‍ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് അംഗങ്ങളുടെ കൂടി സത്യപ്രതിജ്ഞ പൂര്‍ത്തിയായി. ഹാരീസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ഹാരീസ് ബീരാന്‍ രാജ്യസഭയില്‍ എത്തുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീര്‍. ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സംസ്ഥാന പൊലീസ് മേധാവി ദര്‍വേഷ് സാഹിബ് ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ് വന്‍വിവാദമായതോടെ ഒത്ത് തീര്‍പ്പിനായി ശ്രമം നടക്കുന്നതായി സൂചന. പരാതിക്കാരനായ പ്രവാസിക്ക് മുഴുവന്‍ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നല്‍കാനാണ് ശ്രമം. ഇതിനിടെ ബാധ്യത മറച്ചുവെച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയെന്ന് പരാതിക്കാരന്‍ ഉമര്‍ ഷെരീഫ് വ്യക്തമാക്കി.

https://dailynewslive.in/ തിരുവല്ലയിലെ സിപിഎം നേതാവ് സി.സി. സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇടപെട്ടെന്ന് ആരോപണം. സജിമോന്‍ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തിരുവല്ലയിലെ ഒരു പുരോഹിതന്‍ വഴി ഇ.പി. ഇടപെട്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയ സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ തിരിച്ചെത്തിച്ചതെന്നാണ് ആരോപണം.

https://dailynewslive.in/ പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ തര്‍ക്കവും വിവാദവും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സിപിഎം. സി.സി. സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതും തുടര്‍ന്നുള്ള തര്‍ക്കവും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കും. ഇ.പി ജയരാജന്‍ ഇടപെട്ടാണ് പുറത്താക്കല്‍ നടപടി റദ്ദാക്കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

https://dailynewslive.in/ കഴിഞ്ഞ ദിവസത്തെ ഡ്രൈ ഡേയില്‍ വിവിധയിടങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വില്‍പ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരന്‍ (59) എന്നയാള്‍ അറസ്റ്റിലായി.

https://dailynewslive.in/ സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനം വിലക്കി. വടക്കന്‍ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

https://dailynewslive.in/ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്ന് ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് വി വസീഫ്. സംഘടനാ പരിപാടികള്‍ക്കാണ് പാലക്കാടെത്തിയത്. താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും വി വസീഫ് പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി വസീഫ്.

https://dailynewslive.in/ ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പുതുമ വരുത്തി എന്‍.സി.ഇ.ആര്‍.ടി. മാര്‍ക്കിനപ്പുറം വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാവും റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡുകള്‍ തയ്യാറാക്കുന്നത്.ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ ഇക്കൊല്ലം എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രസ് കാര്‍ഡ് നടപ്പിലാക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

https://dailynewslive.in/ എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയില്‍. കേസിലെ മുഖ്യ ആസൂത്രകനായ സുഹൈല്‍ ഷാജഹാനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. സുഹൈല്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായി ആണെന്നാണ് വിവരം. എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ രണ്ടുപേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ബോംബ് എറിഞ്ഞ ജിതിന്‍ ഇയാള്‍ക്ക് സഹായം ഒരുക്കിയ ടി.നവ്യ എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ തിരുവനന്തപുരം വെണ്‍പാലവട്ടത്ത് സ്‌കൂട്ടറില്‍ നിന്നും സിമി എന്ന യുവതി വീണുമരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച സഹോദരി സിനിക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തില്‍ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെണ്‍കുഞ്ഞും സിനിയും ചികിത്സയിലാണ്.

https://dailynewslive.in/ ഏകീകൃത കുര്‍ബാന വിഷയത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം. ഞായറാഴ്ചകളിലും കടം കൊണ്ട ദിവസങ്ങളിലും ഒരു കുര്‍ബാന സിനഡ് കുര്‍ബാനയായി നടത്താനാണ് തീരുമാനം. ഒരു ഇടവകയില്‍ ഒരു പള്ളിയില്‍ മാത്രമാകും സിനഡ് കുര്‍ബാന നടത്തുക. ഉപാധികളോടെയാവും സിനഡ് കുര്‍ബാന അര്‍പ്പണമെന്നും അല്‍മായ മുന്നേറ്റം പ്രതിനിധികള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

https://dailynewslive.in/ കൊടുമണ്‍ കാന വിവാദത്തില്‍ മന്ത്രി വീണ ജോര്‍ജ്ജിനും കോണ്‍ഗ്രസിനും ആശ്വാസം. പുറമ്പോക്ക് സര്‍വേയില്‍ സ്ഥലം കൈയ്യേറിയിട്ടില്ലെന്ന് കോണ്‍ഗ്രസും മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവും പറഞ്ഞു.മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവിനെതിരെ ശക്തമായ പ്രതിഷേധവുമായി നേരത്തെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്‍ ആദ്യം മന്ത്രിയുടെ ഭര്‍ത്താവിനെതിരെ നിലപാടെടുത്തെങ്കിലും പിന്നീട് നിലപാട് മാറ്റി.

https://dailynewslive.in/ മസ്റ്ററിംഗിനായി ഗ്യാസ് ഏജന്‍സികളില്‍ തിരക്ക്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ മസ്റ്ററിംഗ് നിര്‍ബന്ധം ആണെന്ന വിവരം അറിഞ്ഞതോടെ ഒട്ടേറെ പേരാണ് ഏജന്‍സികളില്‍ നേരിട്ട് എത്തി ബയോ മെട്രിക് രജിസ്റ്റര്‍ ചെയ്യുന്നത്. അവസാന തിയ്യതി പറഞ്ഞിട്ടില്ലെങ്കിലും എത്രയും വേഗം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ആണ് വിതരണ കമ്പനികളില്‍ നിന്നുള്ള നിര്‍ദേശമെന്ന് ഏജന്‍സി പ്രതിനിധികള്‍ പറഞ്ഞു.

https://dailynewslive.in/ ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല എന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് ഹില്‍ പാലസ് പൊലീസിന് പരാതി നല്‍കിയത്. ആര്‍ഡിഎക്‌സ് നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം.

https://dailynewslive.in/ കോഴിക്കോട് കൊടുവള്ളി ഹയര്‍സെക്കന്ററി സ്‌കൂളിലുണ്ടായ റാഗിംങില്‍ 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാര്‍ഥിയുടെ മുതുകില്‍ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാര്‍ത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമാണ് റാഗിംങിന്റെ പേരില്‍ ഏറ്റുമുട്ടിയത്.

https://dailynewslive.in/ സോളാര്‍ ഉപഭോക്താക്കള്‍ കെഎസ്ഇബി ക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി. ഇനി വില്‍ക്കുന്ന ഓരോ യൂണിറ്റിനും 3 രൂപ 15 പൈസ നല്‍കാനാണ് റഗുലേറ്ററി കമ്മീഷന്‍ തീരുമാനം. 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ നല്‍കിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാവുക. നേരത്തെ ഇത് 2 രൂപ 69 പൈസയായിരുന്നു.

https://dailynewslive.in/ കണ്ണൂരില്‍ ബുക്ക് ഡിപ്പോയുടെ മേല്‍ക്കൂരയിലെ ഓട് വീണ് അധ്യാപകന് പരിക്കേറ്റു. അങ്ങാടിക്കടവ് സ്‌കൂളിലെ അധ്യാപകന്‍ ബെന്നിക്കാണ് തലയില്‍ ഓട് വീണ് പരിക്കേറ്റത്. പയ്യാമ്പലത്തെ ജില്ലാ ബുക്ക് ഡിപ്പോയുടെ 80 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലെ ഓടാണ് താഴേക്ക് വീണത്. അപകടവസ്ഥയിലായ കെട്ടിടത്തിലാണ് ബുക്ക് ഡിപ്പോയും അംഗനവാടിയും പ്രവര്‍ത്തിക്കുന്നത്.

https://dailynewslive.in/ കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വെളിപ്പടുത്തലുമായി പ്രിന്‍സിപ്പല്‍. കോളേജിന് പുറത്തുനിന്ന് എത്തിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞാണ് തന്നെ മര്‍ദ്ദിച്ചതെന്നും കൈപിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും പുറത്ത് മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനമെന്നും പ്രിന്‍സിപ്പല്‍ വിശദമാക്കി.

https://dailynewslive.in/ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മുമ്പും മോശമായി പെരുമാറിയിട്ടുണ്ടെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജ്. ഇന്ന് കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് എസ്എഫ്‌ഐ ആരോപണവുമായി രംഗത്ത് വന്നത്. പ്രിന്‍സിപ്പാലിനെയും സ്റ്റാഫ് സെക്രട്ടറിയെയും ഒരു കാരണവശാലും ക്യാമ്പസ്സില്‍ കയറ്റില്ലെന്നും സമരം ശക്തമാക്കാനാണ് തീരുമാനമെന്നും പറഞ്ഞ എസ്എഫ്‌ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെതിരെ ഭീഷണിയും മുഴക്കി.

https://dailynewslive.in/ ഇടുക്കിയില്‍ ഭൂസംരക്ഷണ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ദേവികുളം ഉടുമ്പന്‍ചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 14 നാണ് ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയത്. മൂന്നാര്‍ കേസുകള്‍ പരിഗണിക്കവേ അമിക്വസ് ക്യൂറിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

https://dailynewslive.in/ കന്യാകുമാരിയില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകുന്ന വിവേക് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം അറിയിച്ച് റെയില്‍വേ. ചൊവ്വാഴ്ച (2024 ജൂലൈ 2) വൈകുന്നേരം 5.25ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ (നമ്പര്‍ – 22503) ചൊവ്വാഴ്ച രാത്രി 8.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. പെയറിങ് ട്രെയിന്‍ വൈകുന്നതിനാലാണ് വിവേക് എക്‌സ്പ്രസിന്റെ യാത്ര മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റും വൈകി ആരംഭിക്കേണ്ടി വരുന്നതെന്നും റെയില്‍വെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

https://dailynewslive.in/ എസിപി വിളിച്ച യോഗത്തില്‍ എസ്‌ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെ തിരുവനന്തപുരം ഫോര്‍ട് അസിസ്റ്റന്റ് കമ്മീഷണര്‍ ശിക്ഷിച്ചു. സ്റ്റേഷന്‍ ജിഡി ചാര്‍ജ്ജുകാരന് 24 മണിക്കൂര്‍ ഡ്യൂട്ടിയും പാറാവുകാരന് 48 മണിക്കൂര്‍ ഡ്യൂട്ടിയുമാണ് ശിക്ഷ വിധിച്ചത്. എസ്‌ഐയും സിഐയും സ്ഥലത്തില്ലെന്ന വിവരം എസിപി യോഗം വിളിച്ചപ്പോള്‍ അറിയിച്ചില്ലെന്നതാണ് പൊലീസുകാര്‍ക്കെതിരായ നടപടിക്ക് കാരണം.

https://dailynewslive.in/ ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍. കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണന്‍കുട്ടിയുടെ മകനും പയ്യന്നൂരില്‍ ഫിറ്റ്‌നസ് സെന്റര്‍ ഉടമയുമായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി.

https://dailynewslive.in/ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മത്തിന് പോയ തീര്‍ത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരില്‍ തിരിച്ചെത്തി. കരിപ്പൂരില്‍ നിന്ന് മെയ് 21 ന് പുലര്‍ച്ചെ ആദ്യ ഹജ്ജ് വിമാനത്തില്‍ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്നലെ വൈകുന്നേരം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ തിരിച്ചെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

https://dailynewslive.in/ കണ്ണൂര്‍ പയ്യന്നൂരില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കവര്‍ന്നു. രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിന് അടുത്തുള്ള ഭണ്ടാരപ്പുരയിലെ മുറിയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുറിയില്‍ വെള്ളിയാഭരണങ്ങളും ഉണ്ടായിരുന്നുവെന്നും അത് കള്ളന്‍ കൊണ്ടുപോയിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

https://dailynewslive.in/ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ സാഹസിക യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് തെലങ്കാന രജിസ്‌ട്രേഷന്‍ വാഹനം മോട്ടോര്‍വാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്നായിരുന്നു യുവാവിന്റെ സാഹസിക യാത്ര. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. ദേവികുളത്ത് വെച്ച് മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടികൂടി.

https://dailynewslive.in/ വടകര ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേമുണ്ട സ്വദേശി അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. ചിറയുടെ ഒരുഭാഗത്തേക്ക് നീന്തി തിരികെ വരികയായിരുന്ന അഭിനവ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അഭിനവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ പെരുമ്പാവൂര്‍ വട്ടക്കാട്ട്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാള്‍ സംഭവശേഷം ഓടി രക്ഷപ്പെട്ടു.

https://dailynewslive.in/ പൂനെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇതോടെ മരണം അഞ്ചായി. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂര്‍ണ്ണമായും നിരോധിച്ചു.

https://dailynewslive.in/ സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്‌നീവീര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി മുന്‍ അഗ്‌നിവീറിന്റെ കുടുംബം. 2023 ഒക്ടോബറില്‍ സിയാച്ചിനില്‍ വെച്ച് വീരമൃത്യു വരിച്ച അഗ്‌നിവീര്‍ അക്ഷയ് ഗവാതെയുടെ അച്ഛന്‍ ലക്ഷ്മണ്‍ ഗവാതെ ആണ് തങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായം വ്യക്തമാക്കിയത്. അക്ഷയ് വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ആയി ലഭിച്ചെന്നും ഇതിനുപുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 50ലക്ഷം രൂപയും, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ വോട്ടിങ് യന്ത്രത്തെ ഇപ്പോഴും വിശ്വാസമില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ 80 മണ്ഡലങ്ങളിലും വിജയിക്കാന്‍ സാധിച്ചാലും വോട്ടിങ് യന്ത്രം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ചൈനയില്‍ പരീക്ഷണത്തിനിടെ അബദ്ധത്തില്‍ വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റ് തകര്‍ന്നുവീണു. ഒരു സ്വകാര്യ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിയാന്‍ലോങ്-3 എന്ന ബഹിരാകാശ റോക്കറ്റാണ് പൊട്ടിത്തെറിച്ച് കുന്നിന്‍ ചെരുവിലേക്ക് പതിച്ചത്. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലായിരുന്നു സംഭവം.

https://dailynewslive.in/ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് യുറഗ്വായും പനാമയും ക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിന് യുഎസ്എയെ കീഴടക്കിയ യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. മൂന്ന് കളികളില്‍ മൂന്നും ജയിച്ച് ഒമ്പത് പോയന്റോടെയായിരുന്നു യുറഗ്വായുടെ മുന്നേറ്റം. അതേസമയം ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് പനാമ ക്വാര്‍ട്ടറിലത്തിയത്.

https://dailynewslive.in/ ചെറുകിട സംരംഭങ്ങള്‍ക്കായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ക്കകം ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്നതാണ് ഇതിന്റെ രീതി. വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെയാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഡിജിറ്റല്‍ രീതിയില്‍ തന്നെ. ജിഎസ്ടി ഇന്‍വോയ്സിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. ജിഎസ്ടിഐഎന്‍, ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സിഐസി ഡാറ്റാബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്. നിലവിലുള്ള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സുഗമമായി വായ്പ നല്‍കാനാണ് എംഎസ്എംഇ സഹജ് വഴി ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യ രണ്ടു പുതിയ ഫോണുകളായ റെനോ 12 ഫൈവ് ജി, റെനോ 12 പ്രോ ഫൈവ് ജി വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കാമറയാണ് ഈ രണ്ടു ഫോണിന്റെയും പ്രത്യേകത. എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസര്‍ 2.0, എഐ സ്റ്റുഡിയോ, എഐ ക്ലിയര്‍ ഫേസ് എന്നിങ്ങനെ പേരുകളിലായിരിക്കും കാമറ. ഫോട്ടോ എഡിറ്റിംഗിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വരാനിരിക്കുന്ന റെനോ 12 സീരീസില്‍ എഐ സാങ്കേതികവിദ്യയാണ് ഏറ്റവും പുതിയ മാറ്റം. 50എംപി മെയിന്‍ സെന്‍സറും 50എംപി സെല്‍ഫി ഷൂട്ടറും ഉള്‍പ്പെടെ ആകര്‍ഷകമായ കാമറ ഫീച്ചറുകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യും. ജൂലൈ 12ന് ഓപ്പോ റെനോ 12 സീരിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒറ്റ സ്റ്റോറേജ് വേരിയന്റിലായിരിക്കും റെനോ 12 ഇറങ്ങാന്‍ സാധ്യത. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായിട്ടായിരിക്കും ഫോണ്‍ ഇറങ്ങുക. എന്നാല്‍ റെനോ 12 പ്രോ രണ്ടു സ്റ്റോറേജ് വേരിയന്റുകള്‍ അവതരിപ്പിച്ചേക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജും, 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള രണ്ടു വേരിയന്റുകള്‍ അവതരിപ്പിക്കും. 6.7 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിന്. മീഡിയാടെക് ഡൈമെന്‍സിറ്റി 8250 സ്റ്റാര്‍ സ്പീഡ് എഡിഷന്‍ എസ്ഒസി, ഡൈമെന്‍സിറ്റി 9200 പ്ലസ് സ്റ്റാര്‍ സ്പീഡ് എഡിഷന്‍ ചിപ്പ്‌സെറ്റ് എന്നിങ്ങനെയായിരിക്കും റെനോ 12നും റെനോ 12 പ്രോയ്ക്കും കരുത്തുപകരുക.

https://dailynewslive.in/ കമല്‍ഹാസന്‍ ഷങ്കര്‍ കൂട്ടുകെട്ടിന്റെ ചിത്രം ‘ഇന്ത്യന്‍ 2’വിലെ പുതിയ ഗാനം പുറത്തിറക്കി. ‘കലണ്ടര്‍ സോംഗ്’ എന്ന് പേരിട്ടിരിക്കുന്ന ട്രാക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സംഗീതവും രംഗങ്ങളും ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്. ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മിസ് യൂണിവേഴ്സ് 2017 ഡെമി-ലീ ടെബോയാണ് ഗാനത്തിന് ചുവട് വയ്ക്കുന്നത്. ഗാനം രചിച്ചിരിക്കുന്നത് സുവിയും ഐശ്വര്യ സുരേഷും ചേര്‍ന്നാണ് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത്. കബിലന്‍ വൈരമുത്തുവുമാണ് ഗാനം രചിച്ചിരിക്കുന്നത്. ജൂലൈ 12നാണ് ഇന്ത്യന്‍ 2 റിലീസാകുന്നത്. അതേ സമയം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ 2 വിദേശ വിതരണ അവകാശങ്ങള്‍ 65 കോടിക്കാണ് വിറ്റുപോയത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യന്‍ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക. നടന്‍ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദന്‍, ബോബി സിന്‍ഹ തുടങ്ങിയവരും വീരസേഖരന്‍ സേനാപതിയായി എത്തുന്ന നായകന്‍ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ട്.

https://dailynewslive.in/ തമിഴ് – മലയാളം സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രമിന്റെ ‘തങ്കലാന്‍’. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷയും ഏറെയാണ്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാവ് ജി.ധനഞ്ജയന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ സംഗീത സംവിധാനം പൂര്‍ത്തിയായെന്നും ട്രെയ്‌ലര്‍ ഉടനെ പുറത്തുവരുമെന്നും ജിവി പ്രകാശ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘തങ്കലാന്‍ പശ്ചത്താല സംഗീതം പൂര്‍ത്തിയായി, എന്റെ മികച്ചത് തന്നെ നല്‍കി. എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയ്‌ലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമ തങ്കലാന്‍ വേണ്ടി റെഡിയാകുക’- എന്നാണ് ജിവി പ്രകാശ് കുറിച്ചത്. കെജിഎഫിന്റെ പശ്ചാത്തലത്തിലാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

https://dailynewslive.in/ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം (ഇവി) റോഡ് ടെസ്റ്റിംഗ് ആരംഭിച്ചു. ഫെരാരിയുടെ ഇവി ടെസ്റ്റ് നടക്കുന്നത് ഇറ്റലിയില്‍ത്തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഏതെങ്കിലും ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിന് മുമ്പ് വാഹനത്തിന് 500,000 ഡോളറിലധികം (ഏകദേശം 4.17 കോടി രൂപ) ചിലവാകും. വികസിപ്പിച്ച ഓള്‍-വീല്‍-ഡ്രൈവ് കഴിവുകളെ സൂചിപ്പിക്കുന്ന, നാല് ചക്രങ്ങളില്‍ ഓരോന്നിലും ഒരു ഇലക്ട്രിക് മോട്ടോറുള്ള രണ്ട് സീറ്റുകളായിരിക്കും എന്ന് ചോര്‍ന്ന പേറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഫെരാരി രണ്ടാമത്തെ ഇവിയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാരനെല്ലോയിലെ അത്യാധുനിക പ്ലാന്റില്‍ ആയിരിക്കും പുതിയ ഫെരാരി ഇവി നിര്‍മ്മിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡുകള്‍, ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ (ഐസിഇ) കാറുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഈ ഫാക്ടറിക്ക് കഴിയും. ഇതോടെ ഫെരാരിയുടെ വാര്‍ഷിക ഉല്‍പ്പാദനം ഏകദേശം 20,000 യൂണിറ്റായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

https://dailynewslive.in/ അഭിനയചാതുരി കൊണ്ട് മലയാളമനസ്സില്‍ ഇടംപിടിച്ച ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള പുസ്തകം ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു. ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെകുറിച്ചാണ്. അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാലാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ഇടവേളകളില്ലാതെ’. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ പുസ്തകം എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തു. ‘ഇടവേളകളില്ലാതെ’. കെ സുരേഷ്. ലിപി പബ്ളിക്കേഷന്‍സ്. വില 200 രൂപ.

https://dailynewslive.in/ കാഴ്ചയില്‍ ചെറുതെങ്കിലും പോഷകഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകള്‍. ഒമേഗ ഫാറ്റി ആസിഡ്, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ ഇവയാല്‍ സമ്പന്നമായ ചിയ വിത്തുകള്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയും ലിപ്പിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തിയും ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ചിയ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സാവധാനത്തിലാകുകയും രക്തത്തിലേക്ക് ഗ്ലൂക്കോസിനെ സാവധാനം പുറന്തള്ളുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. ചിയ വിത്തില്‍ സോല്യുബിള്‍ ഫൈബറും ഇന്‍സോല്യുബിള്‍ ഫൈബറും അടങ്ങിയതിനാല്‍ ദഹനത്തിനു സഹായിക്കുന്നു. വെള്ളം വലിച്ചെടുക്കുമ്പോള്‍ ചിയ സീഡ് ജെല്‍ പോലുള്ള ഒരു വസ്തു ആയി മാറുന്നു. ഇത് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയര്‍ നിറഞ്ഞതായുള്ള തോന്നല്‍ ഉണ്ടാക്കുന്നു. ഇവയില്‍ ഒമേഗ ഫാറ്റി ആസിഡ് ധാരാളമുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ഉണ്ട്. ചിയ വിത്തുകള്‍ ഊര്‍ജം വളരെ സാവധാനത്തിലേ പുറന്തള്ളൂ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീന്‍ ഇവ ധാരാളം അടങ്ങിയ ഈ ചിയ വിത്തുകള്‍ എല്ലുകളുടെ ശക്തിയും സാന്ദ്രതയും വര്‍ധിപ്പിക്കുന്നു. കാത്സ്യം എല്ലുകളുടെ ഘടന മെച്ചപ്പെടുത്തുമ്പോള്‍, ഫോസ്ഫറസ് എല്ലുകളുടെ ധാതുത്വം മെച്ചപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണത്തിന് മഗ്നീഷ്യം സഹായിക്കുന്നു. എല്ലുകളുടെ കലകളെ നിര്‍മിക്കാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.51, പൗണ്ട് – 105.44, യൂറോ – 89.50, സ്വിസ് ഫ്രാങ്ക് – 92.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.50, ബഹറിന്‍ ദിനാര്‍ – 221.57, കുവൈത്ത് ദിനാര്‍ -272.40, ഒമാനി റിയാല്‍ – 216.97, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 60.80.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *