ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇന്നലെ ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ രണ്ടാം വട്ടം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 59 പന്തില്‍ 76 റണ്‍സെടുത്ത വിരാട് കോലിയുടേയും 31 പന്തില്‍ 47 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റേയും മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വാനോളം പ്രതീക്ഷ നല്‍കിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഹെന്റിച്ച് ക്ലാസന്‍ പുറത്തായതോടെ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ ദക്ഷിണാഫ്രിക്കക്ക് സാധിച്ചുള്ളൂ. 3 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യ കൈവിട്ടുപോയ കളി തിരിച്ചു കൊണ്ടു വരുന്നതില്‍ ഇന്ത്യയെ സഹായിച്ചു. ബുംറയും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ടി20 ലോകകപ്പിലെ മോശം ബാറ്റിങ് ഫോം മറികടന്ന് നിര്‍ണായക സമയത്ത് മികച്ച ഫോമിലേക്കുയര്‍ന്ന് 59 പന്തില്‍ 76 റണ്‍സെടുത്ത ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിയെ തന്നെയാണ് ഫൈനലിലെ താരമായി തിരഞ്ഞെടുത്തത്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്‌സായിരുന്നു. കിരീടം നേടിയതിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി വിരാട് കോലി പ്രഖ്യാപിച്ചു. അതേസമയം 8 കളികളില്‍ നിന്ന് 15 വിക്കറ്റെടുത്ത് ഇന്ത്യയെ ലോകകപ്പ് കിരീടം നേടുന്നതിന് മികച്ച പങ്ക് വഹിച്ച ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്റിന്റെ താരം.
വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും. ബാര്‍ബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയര്‍ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.
ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ഇന്ത്യയുടെ വിജയമുറപ്പിച്ച സൂര്യകുമാര്‍ യാദവിന്റെ അവസാന ഓവറിലെ അത്ഭുത ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി പ്രത്യേകം അഭിനന്ദിച്ചു.