◾സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് നാലായിരം രൂപ. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉല്‍സവബത്ത. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ചവര്‍ക്കും ആയിരം രൂപ ഉല്‍സവബത്ത. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും. 13 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
◾തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടി അഞ്ചു വയസുള്ള കുഞ്ഞടക്കം അഞ്ചു പേര് മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന് ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍ അകപ്പെട്ട് മരിച്ചത്. ശക്തമായ മഴ പെയ്യവേ, പുലര്‍ച്ചെ നാല് മണിയോടെ സംഗമം കവലക്കു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്.
◾മന്ത്രിസഭയിലേക്കു സിപിഎം പഴയ മന്ത്രിമാരെ പരിഗണിക്കില്ല. പുതിയ രണ്ടുപേരെ മന്ത്രിമാരാക്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. അതിനു മുമ്പേ, മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വവുമായി ധാരണയിലെത്തും. നിയമസഭാ സമ്മേളനം തീരുന്നതോടെ എംവി ഗോവിന്ദന് മന്ത്രി സ്ഥാനം രാജിവക്കും.
KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com
◾ബഫര്‍ സോണ്‍ സംബന്ധിച്ച് 2019 ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ മലയോര ജനത ക്ളേശിക്കേണ്ടിവരുമെന്നു പ്രതിപക്ഷം. ഉത്തരവ് റദ്ദാക്കാതെത്തന്നെ പുതിയ വിജ്ഞാപനത്തിലൂടെ പ്രശ്നങ്ങളെ മറികടക്കാമെന്നു വനംമന്ത്രി ശശീന്ദ്രന്. നിയമസഭയിലാണ് ഇരുകൂട്ടരും ഇക്കാര്യത്തില്‍ തര്‍ക്കിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം വിശ്വാസത്തിലെടുക്കാന്‍ പ്രയാസമാണെന്നു പ്രതിപക്ഷ എംഎല്‍എ സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
◾വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരേ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നു ഹര്‍ത്താല്‍. വൈകുന്നേരം ആറുവരെ വിഴിഞ്ഞം, വെങ്ങന്നൂര്‍, കോട്ടുകാല്‍ വില്ലേജുകളില്‍ കടകള്‍ അടച്ചിട്ട് കരിദിനം ആചരിക്കുകയാണ്. തുറമുഖ നിര്‍മാണം തടസപ്പെടുത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഇതേസമയം, തുറമുഖ നിര്‍മാണംമൂലം തീരത്തെ സ്ഥലവും കുടിലും നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ കരയിലും കടലിലുമായി സമരം തുടര്‍ന്നു.
◾വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്തരുതെന്ന് കേരളാ ഹൈക്കോടതി. തുറമുഖ പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കാനാവില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പരാതിയുണ്ടെങ്കിലും പദ്ധതി തടസപ്പെടുത്തുന്ന പ്രതിഷേധം അനുവദിക്കരുതെന്നും കോടതി.
ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കാഷ്മീര്‍ പരാമര്‍ശത്തിനെതിരായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചെന്ന് ഡല്‍ഹി പോലീസ്. എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
◾കോടിയേരി ബാലകൃഷ്ണനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോയി. തിരുവന്തപുരം വിമാനത്താവളത്തില്‍നിന്ന് അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ബന്ധുക്കളും അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും ഒപ്പമുണ്ടായിരുന്നു.
◾നിയമസഭയില്‍ ഭരണകക്ഷി എംഎല്‍എ എംപിമാര്‍ക്കെതിരേ ഉന്നയിച്ച ചോദ്യം പട്ടികയില്‍ വന്നതു പിഴവാണെന്നു ചൂണ്ടിക്കാട്ടി സ്പീക്കര്‍ എം.ബി. രാജേഷ്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വികസനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതു തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഭരണകക്ഷി എംഎല്‍എയുടെ നിര്‍ദേശം. നിമയസഭയുടെ പരിഗണനയില്‍ വരരുതാത്ത ചോദ്യം എങ്ങനെ പട്ടികയില്‍ വന്നെന്ന് എല്ലാവരും അദ്ഭുതപ്പെട്ടു. ഇത്തരം വീഴ്ച അരുതെന്ന് സ്പീക്കര്‍ റൂളിംഗ് നല്കി.
◾തന്നെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് ആരും കരുതേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ ഒപ്പിടൂ. കണ്ണൂര്‍ വിസിക്കെതിരായ പരാതിയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
◾കെ റെയിലിനെ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ കെഎസ്അര്ടിസിയെ തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഗതാഗതമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ തള്ളി. കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണം 38 ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി കുറഞ്ഞു. ഇതനുസരിച്ചു വരുമാനവും കുറഞ്ഞു. 192.72 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരവ്. 229.32 കോടി രൂപയാണ് ചെലവ്. ഓരോ മാസവും 96.65 കോടി രൂപയാണു കമ്മി. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെന്ഷന് ഇന്നു മുതല്‍ വിതരണം ചെയ്യും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയാല്‍ പിടിച്ചു നില്ക്കാനാകും. പക്ഷേ യൂണിയനുകള്‍ സമ്മതിക്കുന്നില്ല. മന്ത്രി ശശീന്ദ്രന് വിശദീകരിച്ചു.
◾കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
◾കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ശബരിമലയിലേക്കു പരമ്പരാഗത കാനനപാതയിലൂടെ തീര്‍ത്ഥാടകരെ വിലക്കിയതു റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി മടക്കി. ഹൈക്കോടതിയെ സമീപിക്കാനാണു നിര്‍ദേശം. കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
◾കൊല്ലം ശക്തികുളങ്ങരയില്‍ റോഡരികില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ടു തലയോട്ടികള്‍ കണ്ടെത്തി. അടച്ചുപൂട്ടിയ ആശുപത്രിക്ക് സമീപത്തെ റോഡരികില്‍ നിന്നാണതലയോട്ടികള് കണ്ടെത്തിയത്. കവറിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതിനു സമാനമായ കുറിപ്പുകള്‍ ഉണ്ടായിരുന്നെന്നു പൊലീസ് പറയുന്നു.
◾സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്കിയ ഉത്തരവിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.
◾വാഹനങ്ങളുടെ പുക മലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ഇരുചക്രവാഹനങ്ങളില്‍ ബി എസ്-6 ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി എസ് 3 വരെ വര്‍ധനയില്ല. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി എസ് 3 വരെ 110 രൂപയും മറ്റുള്ളവയ്ക്ക് 130 രൂപയും നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപയാണ് (ഒരു വര്‍ഷം) ഫീസ്. പഴയനിരക്ക് 150 ആയിരുന്നു.
◾കല്ല്യാണ സദ്യക്കു രണ്ടാം വട്ടവും പപ്പടം കിട്ടാത്തതിന് കൂട്ടത്തല്ല്. അടിച്ചു പപ്പടമാക്കിയത് മൂന്നുപേരെയാണ്. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതു കൂട്ടത്തല്ലില്‍ കലാശിച്ചത്. ഓഡിറ്റോറിയം ഉടമ മുരളീധരന്(65), ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
◾ഹാഥ്റാസ് കലാപ കേസില്‍ പോലീസ് ജയിലിലടച്ച മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ യുപി സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. സെപ്റ്റംബര്‍ ഒമ്പതിനു ജാമ്യ ഹര്‍ജി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സിദ്ദിഖ് കാപ്പനൊപ്പം ജാമ്യം ലഭിക്കാത്ത പ്രതികളില്‍ രണ്ടുപേരും കലാപക്കേസില്‍ പ്രതികളാണെന്നാണ് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
◾പത്തനംതിട്ട നഗരത്തില്‍ ഭാര്യയെ വെട്ടി പരിക്കേല്പിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. തട്ട സ്വദേശി അമ്പിളിയെയാണ് ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ വെട്ടിയത്. ഭര്‍ത്താവ് സത്യപാലനുമായി പിരിഞ്ഞ് കഴിയുകയാണ് അമ്പിളി.
◾വര്‍ക്കല അയിരൂരില്‍ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍. വര്‍ക്കല അയിരൂര്‍ വില്ലേജില്‍ കിഴക്കേപ്പുറം ഈപി കോളനിയില്‍ ചരുവിള വീട്ടില്‍ ചപ്പു എന്ന ആഷിഖ് (24)ആണ് പിടിയിലായത്.
◾സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കുന്ന നീറ്റ് പിജി കൗണ്‍സിലിംഗ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നീറ്റ് പിജി പരീക്ഷയുടെ ഉത്തരസൂചികയും ചോദ്യപേപ്പറും പുറത്തുവിടാത്ത നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ പൊരുത്തക്കേടുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. പുനര്‍മൂല്യനിര്‍ണയം അനുവദിക്കണമെന്നും അതുവരെ കൗണ്‍സലിംഗ് നിര്‍ത്തിവയ്ക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
◾കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹര്‍ജികള്‍ തിങ്കളാഴ്ച്ച കേള്‍ക്കും. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിനെ കോടതി വിമര്‍ശിച്ചു. താല്‍പ്പര്യമുള്ള ബെഞ്ചിലേക്കു ഹര്‍ജി മാറ്റിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
◾ഡല്‍ഹി നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ഓപ്പറേഷന് താമര നീക്കവും വിവാദമായിരിക്കേയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിശ്വാസവോട്ടു നേടുന്നത്. വിശ്വാസവോട്ടു നേടിയാല്‍ ആറുമാസത്തേക്കു ആശങ്കപ്പെടേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് കേജരിവാള്‍. അഴിമതി ആരോപണങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനുളള അടവാണ് വിശ്വാസവോട്ടെന്ന് ബിജെപി ആരോപിച്ചു.
◾ഫൈവ് ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിറകേ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സിക്സ് ജി സേവനങ്ങള്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എത്തുമെന്നു പ്രഖ്യാപിച്ചു. 2030 ന് മുന്‍പ് 6 ജി എത്തുമെന്നാണ പ്രഖ്യാപനം. സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ 2022 ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷ ഇന്ത്യയില്‍ പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പ്ലാന്റ് തുറക്കുന്നു. 18,000 കോടി രൂപയുടെ വന്‍ പദ്ധതിയാണു ആരംഭിക്കുന്നത്. ഗുജറാത്തിലെ ഹന്‍സല്‍പൂരില്‍ ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണ പ്ലാന്റ്, ഹരിയാനയിലെ ഖര്‍ഖോഡയില്‍ മാരുതി സുസുക്കിയുടെ മാരുതി സുസുക്കിയുടെ പുതിയ മാനുഫാക്ചറിംഗ് പ്ലാന്റ് എന്നിവ സ്ഥാപിക്കും.
◾ബ്രിട്ടനിലെ അന്തരിച്ച ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കാര്‍ 6.50 ലക്ഷം പൗണ്ടിന് ലേലത്തില്‍ വിറ്റു. ആറു കോടി രൂപയ്ക്കു കാര്‍ വാങ്ങിയത് പേരു വെളിപെടുത്താത്ത ബ്രിട്ടീഷുകാരന് കോടീശ്വരനാണ്. 1980 കളില്‍ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കറുത്ത ‘ഫോര്‍ഡ് എസ്കോര്‍ട്ട് ആര്.എസ് ടര്‍ബോ സീരീസ് 1 കാറാണ് ലേലത്തില്‍ വിറ്റത്. 1985 മുതല്‍ 1988 വരെ ഡയാന എസ്കോര്‍ട്ട് ഓടിച്ചിരുന്നു.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3890 രൂപയാണ്.
◾ഇന്ത്യയുടെ വിദേശ നാണയശേഖരം രണ്ടുവര്‍ഷത്തെ താഴ്ചയിലെത്തി. തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും കൂപ്പുകുത്തിയ ശേഖരം ആഗസ്റ്റ് 19ന് സമാപിച്ചവാരത്തില്‍ 668.7 കോടി ഡോളര്‍ ഇടിഞ്ഞ് 56,405.3 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കി. ജൂലായ്ക്കുശേഷം കുറിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. നടപ്പു സാമ്പത്തികവര്‍ഷം (2022-23) ഇതുവരെ ശേഖരത്തിലുണ്ടായ ഇടിവ് 4,330 കോടി ഡോളറും 2022 ജനുവരി മുതല്‍ ഇതുവരെ ഇടിവ് 5,280 കോടി ഡോളറുമാണ്. ഇക്കാലയളവില്‍ വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 7,180 കോടി ഡോളര്‍ ഇടിഞ്ഞ് 50,100 കോടി ഡോളറുമായി.
◾പുതുമുഖങ്ങളെ അണിനിരത്തി സുദീപ് ഇ.എസ് സംവിധാനം ചെയ്യുന്ന ‘2BHK’ എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി. അനോജ് മേനോന് എഴുതിയ വരികള്‍ക്ക് സി വി കൃഷ്ണകുമാര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന് ആലപിച്ച ‘ മഴ പെയ്തു തോര്‍ന്നൊരു….’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. കുടുംബ ബന്ധങ്ങളുടെ വൈകാരികമായ വശങ്ങളെ അനാവരണം ചെയ്യുന്ന ചിത്രത്തില്‍ വൈഷ്ണവി കല്യാണി, ബിന്ദു കൃഷ്ണ, ശിഖ മനോജ്, വിനിജ, ശേഖര്‍ നാരായണ്‍, നവീന്‍ കുമാര്‍, കലാഭവന്‍ സതീഷ്, അനൂപ് കൃഷ്ണ, റംഷാദ് മണ്ണാര്‍ക്കാട്, സുനില്‍ സുന്ദര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ശേഖര്‍ നാരായണ്‍ന്റെ കഥയ്ക്ക് ശേഖര്‍ നാരായണും എം.എസ്. കൊളത്തൂരും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. നീലാംബരി മൂവി ക്ലബ്ബിന്റെ ബാനറില്‍ സി വി കൃഷ്ണകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ കെ ചാമി നിര്‍വ്വഹിക്കുന്നു.
◾നടന് വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ലാത്തി’. എ വിനോദ്കുമാര്‍ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്ടെയ്നര് ആയിട്ടാണ് ചിത്രം എത്തുക. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. വിശാലിന്റേതായി ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രമായ ‘മാര്‍ക്ക് ആന്റണി’ സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രന്‍ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ചിത്രീകരിക്കുന്നത്.
◾പെര്‍ഫോമന്‍സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി 4.04 കോടി രൂപ എക്സ്-ഷോറൂം വിലയില്‍ ഹുറാകാന് ടെക്നിക്കയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹുറാകാന് ഇവോ ആര്‍ഡബ്ളിയുഡി, ഹുറാകാന് എസ്ടിഒ എന്നീ മോഡലുകള്‍ക്ക് ഇടയിലാണ് പുതിയ മോഡല്‍ സ്ഥാനം പിടിക്കുന്നത്. ഹുറാകാന് ഇവോയെക്കാള്‍ 6.1 സെന്റീമീറ്റര്‍ നീളമുള്ളതാണ് വാഹനം. അതേസമയം ഉയരവും വീതിയും നിലനിര്‍ത്തിയിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത എഞ്ചിന് ഹുഡ് ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിക്കുന്നു. വ്യത്യസ്ത ഡ്രൈവിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, വാഹനം സ്ട്രാഡ, സ്പോര്‍ട്, കോര്‍സ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
◾വീരകഥകളാല്‍ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം. ഒതേനനും ഉണ്ണിയാര്‍ച്ചയുമൊക്കെ കുഞ്ഞുങ്ങള്‍ക്കു പോലും പരിചിതരാണ്. എന്നാല്‍ പതിവായി കേട്ടുവരുന്ന നായകകഥകള്‍ക്കപ്പുറത്ത് വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്രങ്ങളുണ്ട്. ആദ്യത്തെ കര്ഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയന്‍ തോറ്റത്തിലെ വെള്ളയനെ പോലുള്ളവര്‍ മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകള്‍ കണ്ടെത്തി കുട്ടികള്‍ക്കുകൂടി ആസ്വദിക്കാവുന്ന ഭാഷയില്‍ സരളമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. ‘നാടോടി വീരകഥകള്‍’. ഡോ. ശശീധരന് ക്ലാരി. ഗ്രീന്‍ ബുക്സ്. വില 104 രൂപ.
◾വീട്ടില്‍ നിന്ന് മുടങ്ങാതെ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടാകുമെന്ന് പഠനം. സ്പെയ്നിലെ കാസ്റ്റില-ലാ മാന്‍ച സര്‍വകലാശാലയാണ് നാലിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഗവേഷണം നടത്തിയത്. ഇതിനായി 2017ലെ സ്പാനിഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വേ ഡേറ്റ ഗവേഷകര്‍ ഉപയോഗപ്പെടുത്തി. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാത്രമല്ല വീട്ടില്‍ നിന്നല്ലാതെ പ്രഭാതഭക്ഷണം കഴിക്കുന്നതും കുട്ടികളിലും കൗമാരക്കാരിലും മാനസികാരോഗ്യ, പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാള്‍ പോഷകങ്ങള്‍ കുറഞ്ഞതാണ് പുറത്തു നിന്ന് കഴിക്കുന്ന ഭക്ഷണങ്ങളെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആത്മവിശ്വാസക്കുറവ്, മൂഡ് വ്യതിയാനങ്ങള്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന കുട്ടികളില്‍ പ്രധാനമായും കാണപ്പെട്ടത്. പാല്, ചായ, കാപ്പി, ചോക്ലേറ്റ്, കൊക്കോ, യോഗര്‍ട്ട്, ബ്രെഡ്, ടോസ്റ്റ്, ധാന്യങ്ങള്‍, പേസ്ട്രികള്‍ എന്നിവ കഴിക്കുന്നതുമായി ബന്ധപ്പെട്ട് പെരുമാറ്റ വൈകല്യങ്ങള്‍ക്ക് സാധ്യത കുറവാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ മുട്ട, ചീസ്, ഹാം എന്നിവയുമായി ബന്ധപ്പെട്ട് അത്തരം പ്രശ്നങ്ങളുടെ സാധ്യത കൂടുതലാണ്. വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ശ്രദ്ധയും മാനസികാരോഗ്യത്തില്‍ നിര്‍ണായകമാകാമെന്നും പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാലും ധാന്യങ്ങളും ഉള്‍പ്പെടുന്നതും സാച്ചുറേറ്റഡ് കൊഴുപ്പ്, കൊളസ്ട്രോള്‍ എന്നിവ കുറഞ്ഞതുമായ പ്രഭാതഭക്ഷണങ്ങള്‍ കുട്ടികളിലെ മാസികാരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 3772 കുട്ടികളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫ്രോണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 80.06, പൗണ്ട് – 93.40, യൂറോ – 79.60, സ്വിസ് ഫ്രാങ്ക് – 82.61, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.89, ബഹറിന്‍ ദിനാര്‍ – 212.36, കുവൈത്ത് ദിനാര്‍ -259.76, ഒമാനി റിയാല്‍ – 207.87, സൗദി റിയാല്‍ – 21.31, യു.എ.ഇ ദിര്‍ഹം – 21.79, ഖത്തര്‍ റിയാല്‍ – 21.98, കനേഡിയന്‍ ഡോളര്‍ – 61.25
1