കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കേന്ദ്രം രംഗത്തിറക്കിയിരിക്കുകയാണെന്നും കാനം ആരോപിച്ചു. സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എല്ലാ വകുപ്പിലും കൈകടത്തുകയാണെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സില്‍വര്‍ ലൈനും കെ വി തോമസും തിരിച്ചടിയായെന്നും ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
നെഹ്റു ട്രോഫി വള്ളംകളിക്കു മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനു പിറകില്‍ വന്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. എന്നാല്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ് അമിത് ഷാ എത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ വള്ളംകളിക്കു ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍.
ചികില്‍സയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്തിയേക്കും. ഇതടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ സിപിഎം കമ്മിറ്റി ഇന്നും നാളേയും തിരുവനന്തപുരത്തു നടക്കും. കേന്ദ്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു കല്ലേറു നടത്തിയത് എബിവിപി പ്രവര്‍ത്തകരാണെന്നു പൊലീസ്. സിസിടിവി പരിശോധനയില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. മൂന്നുപേര്‍ ആറ്റുകാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ചെലവു കണക്ക് നല്‍കാതിരുന്ന 9,016 സ്ഥാനാര്‍ത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി. അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത. നിലവിലെ അംഗങ്ങള്‍ ആരും പട്ടികയിലില്ല. 436 പേര്‍ കോര്‍പ്പറേഷനുകളിലേക്കും 1266 പേര്‍ മുനിസിപ്പാലിറ്റികളിലേക്കും 71 പേര്‍ ജില്ലാപഞ്ചായത്തുകളിലേക്കും 6653 പേര്‍ ഗ്രാമപഞ്ചായത്തുകളിലേക്കും മത്സരിച്ചവരാണ് നടപടി നേരിട്ടത്.
കെഎസ്ആര്‍ടിസി സര്‍വീസ് പുനക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ജോലിക്കു വരാതിരുന്ന ജീവനക്കാരില്‍നിന്ന് നഷ്ടം സംഭവിച്ച ഒമ്പതര ലക്ഷം രൂപ തിരിച്ചു പിടിക്കുന്നു. നഷ്ടമുണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അഞ്ചു തുല്യ ഗഡുക്കളായി ഇത്രയും തുക തിരിച്ചുപിടിക്കാനാണ് കെഎസ്ആര്‍ടിസി ഉത്തരവിട്ടത്. ജൂണ്‍ 26 ന് പണിമുടക്കിയ തിരുവനന്തപുരത്തെ മൂന്നു ഡിപ്പോകളിലെ ജീവനക്കാരാണ് ഇങ്ങനെ കുടുങ്ങിയത്.
റേഷന്‍കാര്‍ഡുകളിലുള്ള എല്ലാ അംഗങ്ങളും ആധാറുമായി ബന്ധിപ്പിച്ച ആദ്യ ജില്ലയായി മലപ്പുറം. 10,20,217 കാര്‍ഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാര്‍, റേഷന്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡ് അംഗങ്ങളും മലപ്പുറം ജില്ലയിലാണ്.