ദൈനംദിന ജീവിതത്തില്‍ യോഗ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നു. ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ’ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. 2014 സെപ്റ്റംബര്‍ 27ന് 69-മത് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോഗാദിനം. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചു. യോഗയുടെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഇത് യോഗ ഓരോരുത്തരുടെയും ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കും. വഴക്കം, കരുത്ത്, സഹിഷ്ണുത എന്നിവ വര്‍ധിപ്പിക്കുന്നതിന് യോഗ പരിശീലിക്കുന്നത് ഗുണകരമാണ്. നടുവേദന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങള്‍ തടയാനും നിയന്ത്രിക്കാനും യോഗയ്ക്ക് സാധിക്കും. ശാരീരിക ആരോഗ്യത്തിനപ്പുറം യോഗ മാനസിക ക്ഷേമത്തെയും മെച്ചപ്പെടുത്തുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും മാനസിക വ്യക്തത പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഉത്കണ്ഠയും വിഷാദവും നിയന്ത്രിക്കുന്നതിന് പ്രാണായാമം (ശ്വാസനിയന്ത്രണം), ധ്യാനം തുടങ്ങിയ പരിശീലനങ്ങള്‍ മികച്ചതാണ്. ആത്മീയതയില്‍ വേരൂന്നിയ യോഗ ആന്തരിക സമാധാനം നല്‍കുന്നു. വ്യക്തികളെ സ്വയം അവബോധത്തിലേക്കും സ്വയം തിരിച്ചറിവിലേക്കും നയിക്കുന്നു.