മുകേഷ് അംബാനിയും റിലയന്‍സും യു.പി.ഐ പേയ്മെന്റ് രംഗത്തേക്കും കൂടി എത്തിയതോടെ ഈ രംഗത്ത് മല്‍സരം കടുക്കും. ജിയോ ഫിനാന്‍സ് ആപ്പ് വഴി ഓണ്‍ലൈന്‍ പേയ്മെന്റ് മേഖലയിലും ആധിപത്യം സ്ഥാപിക്കാമെന്ന കണക്കുകൂട്ടലിലാണ് റിലയന്‍സ്. ജിയോ ഫിനാന്‍സ് സര്‍വീസിന്റെ കീഴിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാതരത്തിലുമുള്ള ഡിജിറ്റല്‍ പേയ്മെന്റ് ബാങ്കിംഗ് സംവിധാനങ്ങളെയും ഒരു കുടക്കീഴില് അണിനിരത്തിയ സൂപ്പര്‍ ആപ്പാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. ഗൂഗിള്‍ പേയിലും ഫോണ്‍പേയിലും നല്‍കിയിരുന്ന എല്ലാ സേവനങ്ങളും ഈ ആപ്പിലും ഉണ്ട്. നിലവില്‍ ബെറ്റ വേര്‍ഷന്‍ പരീക്ഷണത്തിലാണ്. ചില തെരഞ്ഞടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിലവില്‍ ലഭ്യമാണെങ്കിലും സേവനം എല്ലാവര്ക്കും നല്‍കുന്നില്ല. തെരഞ്ഞെടുത്ത ഉപയോക്താക്കളുടെ ഫീഡ്ബാക്ക് കൂടി അറിഞ്ഞ ശേഷമായിരിക്കും എല്ലാവരിലേക്കും എത്തിക്കുക. ജിയോ പേയുടെ വരവ് തിരിച്ചടിയാകുക ഗൂഗിള്‍ പേയ്ക്കും ഫോണ്‍പേയ്ക്കും ആകും. ഒട്ടുമിക്ക സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ നല്കാന് സാധിക്കുന്ന ജിയോയുടെ വരവ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പേയ്ടിഎമ്മിന്റെ വീഴ്ച തുടക്കത്തില്‍ മുതലാക്കി കുതിക്കാമെന്ന് ജിയോ കണക്കുകൂട്ടുന്നത്.