മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി. ഞായറാഴ്ച വൈകീട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുകയാണ്.
മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകുമെന്നും, പത്ത് വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താൽപര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടയിലാണ് ഇന്ന് കേന്ദ്രമന്ത്രിയാക്കുമെന്ന തീരുമാനം പുറത്ത് വരുന്നത്.
അപകീർത്തി കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. 40% കമ്മീഷൻ സർക്കാർ എന്ന് ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്.
ചണ്ഡിഗഡ് വിമാനത്താവളത്തിൽ കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യൂവെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. ഔദ്യോഗികമായി കങ്കണ പരാതി നൽകിയിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി.
കർഷകരെ അനാദരിച്ചതിലാണ് കങ്കണ റണാവത്തിനെതിരെ താൻ പ്രതികരിച്ചതെന്ന് ചണ്ഡീഗഡ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ. കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്നും, കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് അവർ പറഞ്ഞു. അവർ ഇങ്ങനെ പറയുമ്പോൾ എൻ്റെ അമ്മ അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നുവെന്ന് കുൽവീന്ദർ പറഞ്ഞു.
നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്റംഗ് പൂനിയ. കങ്കണ വനിതാ കർഷകരെ അപമാനിച്ചപ്പോൾ, ഇപ്പോള്‍ മര്യാദ പഠിപ്പിക്കാൻ വരുന്നവർ എവിടെ ആയിരുന്നുവെന്ന് ബജ്റംഗ് പൂനിയ ചോദിച്ചു. ഇപ്പോൾ കർഷകയുടെ മകൾ കങ്കണയുടെ കവിൾ ചുവപ്പിച്ചപ്പോൾ മര്യാദ പഠിപ്പിക്കാൻ വരുന്നു. കർഷകരെ അടിച്ചമർത്തുന്ന സർക്കാർ ഇതിൽ നിന്നും പാഠം പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. ചണ്ഡിഗഡ് എയർപോർട്ടിൽ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ കുല്‍വീന്ദര്‍ കൗറിനെതിരെ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് കര്‍ഷക നേതാക്കള്‍ പിന്തുണ നൽകിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.
ഷാഫി പറമ്പിലിന്‍റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നു. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് ലീഗ് നേതാവ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടരി ഷാഹുല്‍ ഹമീദിന്‍റേതാണ് സന്ദേശം.
പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായെന്ന് സിപിഐഎമ്മിനെ വിമർശിച്ചും ലീഗിനെ പുകഴ്ത്തി യും ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്കിടയിലാണ് മുഖപ്രസംഗം വന്നിരിക്കുന്നത്. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്‍റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
എൽഡിഎഫിൽനിന്ന് നേരിടുന്നത് കടുത്ത അവഗണനയെന്ന് ആർജെഡി നേതാവ് ശ്രേയാംസ്കുമാർ. അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. രാജ്യസഭാ സീറ്റുമായാണ് മുന്നണിയിലേക്ക് എത്തിയത്. എന്നാൽ നിലവിൽ രാജ്യസഭാ സീറ്റില്ലാത്ത അവസ്ഥയാണ്. എന്തുകൊണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള അർഹത ആർജെഡിക്ക് ഉണ്ട്. രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യം എൽഡിഎഫിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുകയും അവരെ പൊതുജനമധ്യേ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ ഉയർന്ന പരാതികളിലാണ് മന്ത്രിയുടെ ഇടപെടൽ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്ന് സിപിഎം നേതാവിന്റെ ഭീഷണി. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്.
വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നൽകും എന്ന് തിരുവേഗപ്പുറ വിളത്തൂർ സ്വദേശി റഫീഖ് വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായി ബെറ്റ് വെച്ചിരുന്നു. ഫലം വന്നതോടെ വി കെ ശ്രീകണ്ഠന് ലഭിച്ച 75283 വോട്ട് ഭൂരിപക്ഷത്തിന് സമാനമായി 75283 രൂപ റഫീഖ് ആര്യക്ക് കൈമാറി. ആര്യ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങൾ എടുക്കാൻ വന്നപ്പോൾ ഉണ്ടായ രാഷ്രീയ ചർച്ചകൾ ആണ് ബെറ്റ് വരെ എത്തിയത്.
തൃശൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാവിലെ 9.25 നാണ് സംഭവം. പ്രതി മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് ആർപിഎഫ് അറിയിച്ചു.
വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം
നല്‍കി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം. കേസ് ഈ മാസം 13 ലേക്ക് മാറ്റി.
പത്തനംതിട്ടയിൽ യുവാക്കൾ വടിവാൾ കൊണ്ട് കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൈറലായി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസിന്റെ വ്യാപകമായ അന്വേഷണത്തിനൊടുവിൽ വടിവാൾ തടികൊണ്ട് ഉള്ളതാണെന്ന് കണ്ടെത്തി. സംഭവത്തിൽ കേസ് എടുക്കേണ്ട ആവശ്യം ഇല്ലെന്ന നിലപാടിലാണ് പൊലീസ്.
കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
തൃശൂർ പൂവത്തൂരിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. പൂവത്തൂർ രായം മരക്കാർ വീട്ടിൽ പ്ലസ്ടു വിദ്യാർത്ഥിയായ മുഹമ്മദ് സഫർ ആണ് മരിച്ചത്. കേച്ചേരി, മുല്ലശേരി റൂട്ടിലോടുന്ന വിഘ്നേശ്വര ബസിലാണ് ബൈക്കിടിച്ചത്.
കാസർകോട് തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് , പെരുമ്പ സ്വദേശി സുഹൈൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്. വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് എഴുതിയ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെടുത്തു. പോസ്റ്റമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എൻടിഎയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടിയിരിക്കുകയാണ്. എന്നാൽ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എൻടിഎ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ അട്ടിമറിയുണ്ടായിട്ടില്ലെന്ന് ഇന്നലെ എൻടിഎ വിശദീകരിച്ചിരുന്നു.
നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തിൽ വിദ്യാർത്ഥികളുടെ പരാതികൾ കേന്ദ്ര സർക്കാർ അവഗണിക്കുന്നതെന്തിനാണെന്ന് പ്രിയങ്ക ഗാന്ധി. വിദ്യാർത്ഥികളുടെ പരാതികൾക്ക് സർക്കാർ മറുപടി നൽകണമെന്നും, പരാതികൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്‍റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. കാസിം, മോനിസ്, ഷോയിബ് എന്നിവരാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു.
മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ലക്ഷ്യത്തിലെത്തി. പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചു. ഫ്ലോറിഡയിൽ നിന്ന് ഇന്നലെ വിക്ഷേപിച്ച സ്റ്റാർലൈനർ ഏകദേശം 27 മണിക്കൂർ യാത്ര ചെയ്താണ് നിലയത്തിൽ എത്തിയത്. ന്യൂ യോർക്ക് സമയം ഉച്ചക്ക് 1:34 നാണ് സ്റ്റാർലൈനർ ബഹിരാകാശ നിലയവുമായി ഡോക്കിങ് പൂർത്തിയാക്കിയത്.
വ്യാഴാഴ്ച സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. റിയാദിന് സമീപം ഹരീഖിലാണ് പിറ ദൃശ്യമായത്. ഇതോടെ ഈ മാസം 16 നായിരിക്കും ബലിപെരുന്നാൾ. വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. അറഫ സംഗമം ഈ മാസം 15നും.
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യവാസികളോട് ആഹ്വാനം ചെയ്തിരുന്നു.
പാകിസ്ഥാന്‍ ഗായകന്‍ ചാഹത് ഫത്തേ അലി ഖാന്റെ ഗാനം ബഡോ ബാഡി യുട്യൂബ് നീക്കം ചെയ്തു. ഇതിഹാസ ഗായിക നൂർ ജെഹാന്‍റെ ക്ലാസിക് ട്രാക്കിന്‍റെ കവർ ആയ ഈ ഗാനം വളരെയധികം ജനപ്രീതി നേടിയിരുന്നു. ഒരു മാസത്തിനുള്ളിൽ 28 ദശലക്ഷത്തിലധികം വ്യൂ ഈ ഗാനം നേടിയിരുന്നു. പകർപ്പവകാശ ലംഘന പ്രശ്‌നത്തിലാണ് ഗാനം നീക്കം ചെയ്തത് എന്നാണ് വിവരം.
അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്ലോറിഡയിലെ കീ വെസ്റ്റിന് സമീപത്തായി കടലിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിൽ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത് കോടികൾ വിലയുള്ള കൊക്കെയ്ൻ. കടലിൽ നൂറ് അടിയോളം താഴ്ചയിലാണ് ഒരു ഡസനിലേറെ കൊക്കെയ്ൻ പാക്കറ്റുകൾ കണ്ടെത്തിയത്. 25കിലോയോളം ഭാരമാണ് കണ്ടെത്തിയ മയക്കുമരുന്നിന്റെ ഭാരം.
അഭയാർത്ഥികൾ താമസിച്ചിരുന്ന ഗാസയിലെ യുഎൻ സ്കൂൾ ആക്രമിച്ചതിന് പിന്നാലെ 35ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ഇസ്രയേലിനോട് വ്യോമാക്രമണത്തിൽ സുതാര്യത പുലർത്തണമെന്ന ആവശ്യവുമായി അമേരിക്ക. വ്യാഴാഴ്ച രാവിലെയാണ് നസ്റത്തിലെ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.