◾ഗവര്‍ണര്‍ യുദ്ധം. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗുണ്ടയെന്ന് ഗവര്‍ണര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ചരിത്ര കോണ്‍ഗ്രസ് സമ്മേളനത്തില്‍ തന്നെ ആക്രമിക്കാന്‍ ഇര്‍ഫാന്‍ ഹബീബും വൈസ് ചാന്‍ലസര്‍ ഗോപിനാഥ് രവീന്ദ്രനും ഗൂഡാലോചന നടത്തിയെന്നും തെളിവുകളുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. വൈസ് ചാന്‍സലറെ രണ്ടു ദിവസംമുമ്പ് ക്രിമിനലെന്നു പരാമര്‍ശിച്ചതു വിവാദമായിരുന്നു. ഇതേസമയം ഗവര്‍ണര്‍ക്കെതിരേ സിപിഎം സംഘടനകള്‍ ഇന്നു കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ യൂണിവേഴ്സിറ്റി സംരക്ഷണ സമ്മേളനം നടത്തുന്നുണ്ട്.
◾ലോകായുക്ത നിയമ ഭേദഗതി നിയമം പുതിയ നിര്‍ദേശങ്ങളോടെ ഇന്നു വീണ്ടും നിയമസഭയിലേക്ക്. ഇന്നലെ ബില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരുന്നു. സബ്ജക്ട് കമ്മിറ്റി ഇന്നലെത്തന്നെ ചേര്‍ന്ന് ബില്ലില്‍ പുതിയ നിര്‍ദേശങ്ങള്‍ ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത ഉത്തരവുണ്ടായാല്‍ നിയമസഭയും മന്ത്രിമാര്‍ക്കെതിരേ ഉത്തരവുണ്ടായാല്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരേ ഉത്തരവു വന്നാല്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാമെന്നാണു പുതിയ വ്യവസ്ഥ. നിയമഭേദഗതി ജൂഡീഷ്യറിയുടെ അധികാരാവകാശങ്ങളിലുള്ള കടന്നുകയറ്റവും ഭരണഘടനാ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ലെന്ന് നിയമമന്ത്രി പി. രാജീവ്.
◾താന്‍ ഒപ്പുവയ്ക്കാതെ ഒരു നിയമവും പ്രാബല്യത്തിലാകില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമായ ഒന്നിലും ഒപ്പുവയ്ക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലോകായുക്ത ബില്ലിന്റെ പേരെടുത്തു പറയാതെയായിരുന്നു പ്രതികരണം.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾ആസാദ് കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്ററേറ്റ് കോടതി. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് ഉത്തരവ്. കീഴ്വയ്പൂര്‍ എസ്എച്ച് ഒയ്ക്കാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
◾മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ ഷാര്‍ജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 സെപ്റ്റംബര്‍ 26 ന് രാവിലെ പത്തരയ്ക്കായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
◾മഴ ശക്തമായി തുടരും. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നത്. 27 വരെ വ്യാപകമായ മഴക്കു സാധ്യത.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾നിയമസഭയില്‍ കെ.ടി. ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍, ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോയെന്ന് മുന്‍ മന്ത്രി കെ.കെ ശൈലജ. ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ആത്മഗതമായി ശൈലജ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം. ജലീലിനെക്കുറിച്ചല്ല പറഞ്ഞതെന്നു പിന്നീട് ശൈലജ വിശദീകരിച്ചു.
◾എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ടിനു മൂന്നുമാസം കൂടി സാവകാശം തേടിയിട്ടുണ്ട്. 15 കോടി രൂപ വായ്പയെടുത്തു ക്രമക്കേട് നടത്തിയെന്നാണ് പരാതി.
◾അബുദാബിയില്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കി. ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷരിഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫാണ് ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികള്‍ മൊഴി നല്‍കിയിരുന്നു.
◾ഇ പോസ് മെഷീനുകളും സെര്‍വറുകളും തകരാറിലായതുമൂലം സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആദ്യ ദിനം തന്നെ മുടങ്ങി. സംസ്ഥാനത്തെ പല ജില്ലകളിലും റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി പ്രതികരിച്ചു.
◾സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബര്‍ കോടതിയിലേക്കാണ് മാറ്റം. എസ്. മുരളീകൃഷ്ണനാണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി.
◾ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിലിനോടു തട്ടിക്കയറിയ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരിലാലിനെ സ്ഥലംമാറ്റി. മന്ത്രിയുമായി തര്‍ക്കിച്ചതിന്റെ ഓഡിയോ പ്രചരിച്ചതിനു പിറകേയാണു നടപടി. ഒരു കുടുംബ കേസില്‍ ഇടപെടാനായി നിര്‍ദേശിച്ചപ്പോള്‍ ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇന്‍സ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
◾ആധാരത്തിന്റെ പകര്‍പ്പു നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്റ് കൂടരഞ്ഞി സ്വദേശി ഷറഫുദ്ദീനാണ് പിടിയിലായത്.
◾സിപിഎമ്മിനും പൊലീസ് വകുപ്പിനുമെതിരെ വിമര്‍ശനവുമായി സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം. അലന്റേയും താഹയുടെയും അറസ്റ്റും അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും ഇടതുപക്ഷ നയങ്ങള്‍ക്കു വിരുദ്ധമാണെന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
◾സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരം, വ്യവസായം വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം. ആഭ്യന്തരവകുപ്പ് പരാജയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. കരിമണല്‍ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സല്‍ ഗ്ലാസ് പൂട്ടല്‍, കയര്‍ രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാര്‍ ഉചിതമായ നടപടികളെടുത്തില്ലെന്നും ആരോപണം.
◾എറണാകുളം ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ച് പഞ്ചായത്ത് മെമ്പര്‍. എല്‍ഡിഎഫ് അംഗം ഫസല്‍ റഹ്‌മാനാണ് പഞ്ചായത്ത് സെക്രട്ടറിയുമായുള്ള തര്‍ക്കത്തിനിടെ ഓഫീസ് തല്ലിത്തകര്‍ത്തത്. വാര്‍ഡിലെ കാനനിര്‍മ്മാണവുമായി ബന്ധപ്പെട്ട ബില്ല് മാറാന്‍ വൈകുന്നതിലാണ് തര്‍ക്കമുണ്ടായത്.
◾മരണവീട്ടില്‍ മൃതദേഹത്തോടൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ച് ഇരിക്കുന്ന ഫോട്ടോയെ പരിഹസിച്ച സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മല്ലപ്പള്ളി പനവേലില്‍ വീട്ടില്‍ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷമുള്ള ‘ചിരി ചിത്രം’ മാതൃകയാണെന്നു മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. സന്തോഷത്തോടെ ജീവിച്ചവര്‍ക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നല്‍കുന്നതിനേക്കാള്‍ സന്തോഷകരമായി മറ്റെന്താണ് ഉള്ളതെന്നു മന്ത്രി ചോദിച്ചു. നെഗറ്റീവ് കമന്റുകള്‍ അല്ല വേണ്ടതെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
◾തെരുവു നായയുടെ കടിയേറ്റതിനു വാക്സിനെടുത്തിട്ടും കോഴിക്കോട്ട് കൂത്താളി സ്വദേശിനി ചന്ദ്രിക മരിച്ചത് പേവിഷ ബാധയേറ്റല്ലെന്ന് പരിശോധനാഫലം. എന്നാല്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചിരുന്നു. പനിയും അണുബാധയുമാണു ഗുരുതരമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
◾തൃശൂര്‍ കൊടകര വെള്ളിക്കുളങ്ങരയില്‍ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടുകൊമ്പന്‍ ചരിഞ്ഞു. പോത്തന്‍ചിറയില്‍ വനാതിര്‍ത്തിയിലെ ആള്‍ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്. ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ മുഖം കുത്തി വീഴുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കംചെയ്തു.
◾പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കിയില്‍ പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരിച്ചത്.
◾തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ കെ എസ് യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിനു ഹെല്‍പ്പ് ഡസ്‌ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തു.
◾കോന്നിയില്‍ ഹോട്ടലിനു മുന്നിലെ പാര്‍ക്കിഗ് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ പൊലീസ് എസ്ഐയെ മര്‍ദിച്ചെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റു ചെയ്തു. കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിനെ ആക്രമിച്ചതിന് എലിയറക്കല്‍ സ്വദേശി മാഹീനെയാണ് അറസ്റ്റു ചെയ്തത്.
◾ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്.
◾പതിമ്മൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ പാസ്റ്റര്‍ തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശ് (51) കുറ്റക്കാരനെന്ന് കോടതി. ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ത്ഥിച്ച് മാറ്റാമെന്നും വിശ്വസിപ്പിച്ചായിരുന്നു പീഡനം. പെരിന്തല്‍മണ്ണയില്‍ നടന്ന പെന്തക്കോസ്ത് കണ്‍വെന്‍ഷനിലായിരുന്നു സംഭവം.
◾തിരുവനന്തപുരം ആര്യനാട് ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം നടത്തിയ രണ്ടു തമിഴ് വനിതകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ആര്യനാടിനടുത്ത് തോളൂര്‍ ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗത്തിനിടെയാണ് വ്യാപകമായി മാല മോഷണം നടന്നത്.
◾എറണാകുളം പട്ടിമറ്റത്ത് വീട്ടിനുള്ളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം വലമ്പൂര്‍ സ്വദേശി ജെയ്സനാണ് പിടിയിലായത്. വീട്ടില്‍നിന്ന് 16 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
◾ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. മദ്യനയം പിന്‍വലിച്ച ആംആദ്മി പാര്‍ട്ടി കുറ്റസമ്മതം നടത്തിക്കഴിഞ്ഞെന്ന് ബിജെപി തിരിച്ചടിച്ചു. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം ലഭിച്ചെന്ന് മനീഷ് സിസോദിയ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ആംആദ്മി പാര്‍ട്ടി ഈ ആരോപണം ഉന്നയിച്ചത്.
◾പ്രവാചക നിന്ദ കേസില്‍ അറസ്റ്റിലായ ടി രാജാ സിംഗ് എംഎല്‍എയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവാണ് സസ്പെന്‍ഷനിലായത്.
◾സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും, ജഡ്ജിമാര്‍ക്കും വിരമിച്ച് ഒരു വര്‍ഷം വരെ സുരക്ഷയും രണ്ടു ജീവനക്കാരുടെ സേവനവും നല്‍കാനുള്ള വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്ത് ഇറക്കിയത്.
◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് അറസ്റ്റു ചെയ്തേക്കും. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിസോദിയക്കെതിരെ കേസെടുത്തു. മദ്യലൈസന്‍സിനായി സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍നിന്നു കോടികള്‍ കോഴ വാങ്ങിയെന്നാണ് സിബിഐ കേസ്.
◾കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനിലേക്കു തൊടുത്ത സംഭവത്തില്‍ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാന്‍ഡര്‍മാര്‍ക്കുമെതിരായാണ് നടപടി.
◾ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി മറ്റു മതവിശ്വാസികളുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് നിര്‍ത്താന്‍ പള്ളികളോട് ഉത്തരവിടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, ‘ശബ്ദ മലിനീകരണ നിയമങ്ങള്‍’ നടപ്പാക്കാനും പാലിക്കാനും കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
◾ഉത്തര്‍പ്രദേശിലെ ഹുക്ക ബാറുകളില്‍ മയക്കുമരുന്നും അനധികൃത പ്രവര്‍ത്തനങ്ങളും. പോലീസ് നടത്തിയ റെയിഡില്‍ 785 പേര്‍ പിടിയിലായി. 18 ജില്ലകളിലായി 342 ഇടങ്ങളിലാണ് തെരച്ചില്‍ നടത്തിയത്. ആറു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സൗജന്യങ്ങള്‍ കൊടുക്കുന്നതിലല്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെക്കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെക്കുറിച്ചും നദ്ദ വിവരിച്ചു.
◾ഖജനാവില്‍നിന്ന് 14 ലക്ഷം രൂപ കാമുകിക്കു നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരനേയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക ജീവനക്കാരന്‍ എം.കെ. പ്രകാശ് (39), കാഞ്ചന (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങുന്നു. ഇതോടൊപ്പം 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാനുള്ള വാഗ്ദാനവും നല്‍കും. ഇതേസമയം, ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് തങ്ങളെ അറിയിക്കാതെയാണെന്ന് എന്‍ഡിടിവി സ്ഥാപക-പ്രൊമോട്ടര്‍മാരായ രാധികയും പ്രണോയ് റോയിയും പറയുന്നു.
◾കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്തു വിവാദത്തിലായ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന മാരിനു പിന്തുണയുമായി ഫിന്‍ലാന്‍ഡിലെ മാത്രമല്ല, ലോകമെങ്ങുമുള്ള വനിതകള്‍. സോളിഡാരിറ്റി വിത്ത് സന എന്ന ഹാഷ് ടാഗ് ലോകമെങ്ങും ട്രെന്‍ഡിംഗായി. (സ്വീറ്റ് ബോക്സ് : https://youtu.be/oS7pgL38gRQ )
◾ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ്. ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡ് ഉണ്ടാകില്ലെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദ്രാവിഡ് എഷ്യ കപ്പില്‍ നിന്ന് പിന്‍മാറിയാല്‍ വി.വി.എസ്. ലക്ഷ്മണന്‍ ടീമിനൊപ്പം ചേരാനാണ് സാധ്യത.
◾പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപകര്‍ക്കായി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ പിഎന്‍ബി വണ്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് പലിശയിളവും പ്രഖ്യാപിച്ചു. കാല്‍ ശതമാനത്തിന്റെ പലിശയിളവാണ് അനുവദിച്ചത്. ബാങ്കിന്റെ ശാഖയില്‍ പോകാതെ തന്നെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം. പിഎന്‍ബി വണില്‍ കയറി ഏതാനും ക്ലിക്കുകളും ഒറ്റ ഒടിപി നല്‍കലും നിര്‍വഹിച്ചാല്‍ ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു. ഇതിന് പുറമേ പുതിയ ഫീച്ചറുകളുമായി പ്രീ ക്വാളിഫൈഡ് ക്രെഡിറ്റ് കാര്‍ഡും ബാങ്ക് അവതരിപ്പിച്ചു. ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
◾ഐഡിബിഐ ബാങ്ക് 6.7% പലിശ നല്‍കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി അമൃത് മഹോത്സവ് അവതരിപ്പിച്ചു. 500 ദിവസ കാലയളവിലേക്കുള്ള ഈ പദ്ധതിയില്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപം നടത്താം. ഇതിനു പുറമേ വിവിധ കാലാവധി നിക്ഷേപങ്ങളുടെ പലിശയും ബാങ്ക് പുതുക്കി നിശ്ചയിച്ചു. വിവിധ കാലയളവുകളിലേക്കുള്ള പലിശ നിരക്ക് 6.55% വരെയാണ്. പുതിയ പലിശനിരക്ക് ഇന്നലെ പ്രാബല്യത്തിലായി.
◾ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ലെ ഒരു വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തെത്തി. ‘ഉടല്‍ കൊണ്ട സ്വരമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നാരായണന്‍ ടി കെ, ഹരിത ഹരിബാബു എന്നിവര്‍ ചേര്‍ന്നാണ്. ഭൂമിയുടേതാണ് സംഗീത സംവിധാനം. സിതാര കൃഷ്ണകുമാറും ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
◾അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ജയിലര്‍’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കണ്ണുകളില്‍ ഗൗരവം നിറച്ച് നടന്നടുക്കുന്ന ലുക്കിലായിരുന്നു രജനീകാന്ത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ജയിലറില്‍ മലയാള താരം വിനായകന്‍ അഭിനയിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വില്ലന്‍ കഥാപാത്രത്തെ ആകും വിനായകന്‍ കൈര്യം ചെയ്യുകയെന്നാണ് വിവിരം. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍.
◾ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി കാറുകളുടെ വില വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ മുതല്‍ എല്ലാ മോഡല്‍ കാറുകള്‍ക്കും 2.4 ശതമാനം വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ മോഡലിനും ഏകദേശം 84,000 രൂപയിലധികം അധികം വില നല്‍കേണ്ടി വരും. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് ഇന്ത്യയില്‍ എല്ലാ മോഡല്‍ കാറുകളുടെയും വില ഉയര്‍ത്താന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. ഓഡി എഫോര്‍, ഓഡി എസിക്‌സ്, ഓഡി ക്യൂസെവന്‍ തുടങ്ങി നിരവധി മോഡലുകളാണ് ഇന്ത്യയില്‍ കമ്പനി വിറ്റഴിക്കുന്നത്. കമ്പനി ഇലക്ട്രിക് കാറുകളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്. അടുത്തിടെയാണ് ക്യൂത്രീ മോഡല്‍ കമ്പനി പുറത്തിറക്കിയത്. ഇതിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നി രണ്ട് കാറ്റഗറിയിലാണ് മോഡല്‍ അവതരിപ്പിച്ചത്.
◾ജൂള്‍സ് വെര്‍നയുടെ ലോകപ്രശസ്ത ക്ലാസിക് നോവലാണ് ‘ലോകം ചുറ്റിയ എണ്‍പത് ദിവസം’. എണ്‍പത് ദിവസങ്ങള്‍ കൊണ്ട് ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് തിരികെ എത്തുക എന്ന പന്തയത്തില്‍ വിജയിക്കുവാന്‍ തന്റെ സഹായിയോടൊപ്പം പുറപ്പെടുന്ന ഫിലിയസ് ഫോഗ് എന്നയാളുടെ കഥയാണിത്. സാഹസികതയുടെ ആത്മാവിനെ തൊട്ടറിയുന്ന ഉജ്ജ്വല കഥ. പരിഭാഷ – സ്മിത ടി.കെ. രണ്ടാം പതിപ്പ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 294 രൂപ.
◾വിറ്റാമിന്‍ ബി12 ന്റെ കുറവ് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ സ്ഥിരമായ നാഡി തകരാറിന് കാരണമാകും. ഇത് കൈകളിലും കാലുകളിലും മരവിപ്പിന് കാരണമാകും. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഹൃദയാരോഗ്യത്തിനും ചുവന്ന രക്താണുക്കള്‍ക്കും ഡിഎന്‍എ രൂപീകരണത്തിനും ആവശ്യമായ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ബി 12. രക്തത്തിലെ വിറ്റാമിന്‍ ബി 12 അളവ് കുട്ടികളിലും മുതിര്‍ന്നവരിലും പൊണ്ണത്തടി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു. 19 നും 64 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനും കുറവ് പരിഹരിക്കാനും ഒരു ദിവസം ഒന്നര മൈക്രോഗ്രാം വിറ്റാമിന്‍ ബി 12 ആവശ്യമാണ്. ഓര്‍മ്മക്കുറവ്, കാഴ്ച പ്രശ്നങ്ങള്‍, വന്ധ്യത, നാഡീവ്യവസ്ഥയുടെ തകരാറ്, ക്ഷീണം, ശ്വാസതടസ്സം എന്നിവായാണ് വിറ്റാമിന്‍ ബി 12 കുറവിന്റെ ലക്ഷണങ്ങള്‍. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാക്യുലര്‍ ഡീജനറേഷന്‍ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായവരില്‍ മാക്യുലര്‍ ഡീജനറേഷന്‍ സാധാരണമാണ്. സന്തോഷകരമായ ഹോര്‍മോണുകളില്‍ ഒന്നാണ് സെറോടോണിന്‍. സെറോടോണിന്‍ ഉല്‍പാദനത്തില്‍ വിറ്റാമിന്‍ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത് മികച്ച മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ് പാലുല്‍പ്പന്നങ്ങള്‍. പാല്‍, തൈര്, ചീസ് മുതലായവ ദിവസവും കഴിക്കാന്‍ ശ്രമിക്കുക.വിറ്റാമിന്‍ ബി 12 ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷണമാണ് മുട്ട.
*ശുഭദിനം*
*കവിത കണ്ണന്‍*
യുദ്ധരംഗത്തു വച്ച് ക്ഷിപ്രകോപിയായ രാജാവിന്റെ ഒരു കണ്ണിന് പരിക്ക് പറ്റി. മുറിവേറ്റ കണ്ണ് വികൃതമാണെങ്കിലും കാലക്രമേണ അദ്ദേഹം അതിനോട് പൊരുത്തപ്പെട്ടു. വികൃതമായ കണ്ണിന്റെ കാര്യം രാജാവ് മറന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ കൊട്ടാരത്തില്‍ കൂടി നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പൂര്‍വ്വികരായ രാജാക്കന്മാരുടെ മനോഹരമായ ചിത്രങ്ങള്‍ ചുവരില്‍ ഇരിക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹത്തിനും തന്റെ മനോഹരമായ ഒരു ചിത്രം വരയ്ക്കണമെന്നു ആഗ്രഹം തോന്നി. അങ്ങനെ തന്റെ ഒരു മനോഹര ചിത്രം വരയ്ക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. അങ്ങനെ ധാരാളം ചിത്രകാരന്‍മാര്‍ കൊട്ടാരത്തില്‍ എത്തി. പക്ഷെ വികൃതമായ ഒരു കണ്ണ് കൂടി വരക്കുമ്പോള്‍ അതിനു ഒട്ടും ഭംഗി ഉണ്ടാകില്ലെന്ന് ചിത്രകാരമാര്‍ക്കു മനസ്സിലായി. അങ്ങനെ അവര്‍ എല്ലാവരും പിന്മാറി. ഇത് രാജാവിനെ വളരെ അധികം ദുഃഖിപ്പിച്ചു. അപ്പോള്‍ ഒരു ചിത്രകാരന്‍ മുന്നോട്ട് വന്നു. അയാള്‍ രാജാവിന്റെ ചിത്രം വരക്കാമെന്ന് ഏറ്റു. പക്ഷെ മറ്റു ചിത്രകാരന്മാര്‍ അയാളോട് പറഞ്ഞു,’ വികൃതമായ ഒരു കണ്ണ് ഉള്ള രാജാവിന്റെ ചിത്രം വരച്ചാല്‍ ആ ചിത്രം കാണാന്‍ വളരെ മോശമായിരിക്കും. അങ്ങിനെ രാജാവിന്റെ അതൃപ്തിക്കു നീ ഇരയാകും’. പക്ഷെ ആ ചിത്രകാരന്‍ അതില്‍നിന്നു പിന്മാറാന്‍ തയാറായില്ല. അദ്ദേഹം ചിത്രം വരയ്ക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം രാജാവിന്റെ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ താന്‍ വരച്ച ചിത്രം പൂര്‍ത്തിയായെന്നും രാജാവിനെ അറിയിച്ചു. ചിത്രം കാണാന്‍ രാജാവും കൂട്ടരും മറ്റു ചിത്രകാരന്മാരും വന്നു. ചിത്രകാരന്‍ താന്‍ വരച്ച രാജാവിന്റെ ചിത്രം അവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് യുദ്ധഭൂമിയില്‍ ശത്രുവിന് നേരെ ഒരു കണ്ണ് അടച്ചു പിടിച്ചു കൊണ്ട് അമ്പും വില്ലും ഉപയോഗിച്ച് ഉന്നം പിടിക്കുന്ന ചിത്രമായിരുന്നു ചിത്രകാരന്‍ വരച്ചത്. വൈകൃതം ഉള്ള ആ കണ്ണ് അടച്ചു കൊണ്ട് ഒരു കണ്ണ് കൊണ്ട് ഉന്നം പിടിക്കുന്ന രാജാവിന്റെ അതി മനോഹരമായ ചിത്രം. നമ്മുടെ ജീവിതത്തിലും ഇങ്ങനെ തന്നെയാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ട്. പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ പ്രശ്നങ്ങളിലേക്ക് നോക്കി ദുഃഖിച്ചിരിക്കാതെ അത് എങ്ങനെ പരിഹരിക്കാമെന്ന് നമുക്ക് ചിന്തിക്കാന്‍ സാധിക്കട്ടെ – ശുഭദിനം.