തൃശൂരിൽ യുദ്ധകാലാടിസ്ഥാനത്തിൽ തോടുകൾ വൃത്തിയാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് ജില്ലാ കളക്ടറുടെ നിർദേശം. മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കാനകൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിലെ അശ്വിനി ജങ്ഷൻ, ഇക്കണ്ടവാര്യർ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്നതിനെ തുടർന്ന് അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റി, മിനി ഐ സി യു ഉൾപ്പെടുന്ന താഴത്തെ നില വെള്ളത്തിലായി. തുടർന്ന് രോഗികളെ മുകളിലത്തെ നിലയിലേക്ക് മാറ്റേണ്ടി വന്നു. ആശുപത്രിയുടെ ഒരു വശത്തുകൂടി പോകുന്ന ഓട അടഞ്ഞതായിരുന്നു വെള്ളക്കെട്ടിന് കാരണമെന്നാണ് ആരോപണം. മഴക്കാല പൂർവ്വ പ്രവൃത്തി നടപ്പാക്കാത്ത കോർപ്പറേഷനാണ് വെള്ളക്കെട്ടിന് ഉത്തരവാദി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ കോർപ്പറേഷനിലേക്ക് കുളവാഴയുമായി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.