Screenshot 2024 02 27 20 21 14 990 com.android.chrome edit 1

49 മണ്ഡലങ്ങളിലേക്കുള്ള   ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ.  തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കം,  തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി.കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സമൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

എഎപിയുടെ വളര്‍ച്ച മോദിയെ ഭയപ്പെടുത്തുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിന്റെ അറസ്റ്റിനെതിരായി ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നേതാക്കളെയും മോദിക്ക് അറസ്റ്റ് ചെയ്യാമെന്നും താൻ ആദ്യം പോകുമെന്നും കെജ്രിവാള്‍ പറഞ്ഞു. എഎപിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വൈകാതെ മരവിപ്പിക്കും. എഎപിയ്ക്കുള്ളില്‍ ഒരു ഓപ്പറേഷൻ ചൂല്‍ നടപ്പാക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ടും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 22 ഓടെ സീസണിലെ ആദ്യ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും, തുടർന്ന് വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഒറ്റമഴയിൽ പെയ്ത വെള്ളത്തിൽ മുങ്ങി തലസ്ഥാനം. സ്മാർട്ട്റോഡ് നിർമാണം നടക്കുന്ന ഇടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ചാല കമ്പോളത്തിലെ കടകളിൽ വെള്ളംകയറി. ഉള്ളൂർ, മുക്കോലയ്ക്കൽ, കുളത്തൂർ, കുമാരപുരം ഉൾപ്പെടെയുള്ള വീടുകളിൽ വെള്ളംകയറി. കൂടാതെ ചാലയിൽ കടകളിലേക്ക് വെള്ളംകയറിയതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ശ്രീവരാഹം മുക്കോലയ്ക്കൽ റോഡിലെ വീടുകളിലും കുമാരപുരത്തും കുളത്തൂരിലുമുള്ള വീടുകളിലും വെള്ളംകയറി.

കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിർദേശങ്ങൾ നൽകി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

 

മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു വ്യക്തമാക്കി. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കയ്യിലെ ആറാം വിരല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ചികിത്സാപിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. ബിജോണ്‍ ജോണ്‍സനെ ഉടൻ ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രൻ പറഞ്ഞു. നാളെ മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ടെന്നും അതിനുശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യുകയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

കണ്ണൂരിൽ ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരക മന്ദിരം പണിയുന്നത് വിവാദമായതോടെ എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. എംവി ഗോവിന്ദനും, ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന് അറിയിച്ചു.

കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ സഹകരണ വകുപ്പ് ക്രമക്കേടുകൾ കണ്ടെത്തി. പ്രതിദിനം 15 കോടിയോളം രൂപയുടെ വിൽപ്പനയും വാങ്ങലും നടക്കുന്ന സ്ഥാപനമായ കൺസ്യൂമർ ഫെഡിൽ കഴിഞ്ഞ 6 വർഷമായി ഓഡിറ്റിങ്ങ് നടന്നിട്ടില്ല. എത്ര രൂപക്ക് സാധനങ്ങളെടുത്തെന്നോ എത്ര രൂപക്ക് വിൽപ്പന നടത്തിയെന്നോ ചോദിച്ചാലും കൃത്യമായ കണക്കോ മറുപടിയോ ഇല്ലെന്നാണ് കണ്ടെത്തൽ.

സോളാര്‍ സമരം പെട്ടന്ന് അവസാനിപ്പിച്ചതിന് പിന്നില്‍ ഔത്തുതീര്‍പ്പെന്ന ആരോപണങ്ങളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സമരത്തിൽ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ല, എത്രകാലമായി ഇൻക്വിലാബ് വിളിക്കുന്നു. എന്നിട്ട് വിപ്ലവം ജയിച്ചോ അതുപോലെ എല്ലാം പെട്ടെന്ന് നടക്കണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പാലാ നഗരസഭയിൽ നിന്ന് കാണാതായ വിവാദ എയർപോഡ്സ് തിരികെ കിട്ടിയതായി പാലാ പൊലീസ് അറിയിച്ചു. എയർപോഡ്സ് സ്റ്റേഷനിൽ എത്തിച്ചത് ആരെന്ന് വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു. സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം എയർപോഡ്സ് മോഷ്ടിച്ചെന്നായിരുന്നു കേരള കോൺഗ്രസ് എം കൗൺസിലറായ ജോസ് ചീരംകുഴിയുടെ പരാതി.

മംഗലപുരത്തെ പാചക വാതക ടാങ്കർ അപകടവുമായി ബന്ധപ്പെട്ട് ഇൻവെർട്ടർ പ്രവർത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് പ്രദേശവാസികൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വെളുപ്പിനാണ് പാചക പാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞത്.

അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്.

ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി. കേരളാ പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ച് രക്ഷപെട്ടത്. പത്തനംതിട്ട സൈബർ പൊലീസ് പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ പീഡന കേസിലെ പ്രതിയാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് വിവരം.

കാലാവസ്ഥാ വ്യതിയാനം മൂലം തൃശൂര്‍ ജില്ലയില്‍ നെല്ലുത്പാദനം പകുതിയായി കുറഞ്ഞതായി കേരള കര്‍ഷക സംഘം. നെല്ലുത്പാദനത്തില്‍ മാത്രം 150 കോടിയിലേറെ നഷ്ടമാണ് തൃശൂര്‍ ജില്ലയില്‍ തന്നെ സംഭവിച്ചിട്ടുള്ളത്. ഇതുമൂലം വൈക്കോല്‍ മാത്രം ആശ്രയിച്ചു മുന്നോട്ടു നീങ്ങുന്ന നാട്ടിൻപുറങ്ങളിലെ ക്ഷീര കര്‍ഷകരും ദുരിതത്തിലായി. പുതിയ വര്‍ഷം കൃഷി ആരംഭിക്കുന്നതിനുമുമ്പായി നഷ്ടപരിഹാരം ലഭ്യമായില്ലെങ്കില്‍ മുന്നോട്ടു പോകാനാവില്ലെന്നും കർഷകർ വ്യക്തമാക്കി.

ഇടുക്കിയിൽ 171 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ പകർച്ച വ്യാധികളാണ് ഇടുക്കിയിലും കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം നാലു പേ‍ർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 25 പേർ എലിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്. ഡെങ്കിപ്പനിയും മലമ്പനിയും പരത്തുന്ന കൊതുകുകൾ പെറ്റുപെരുകാതിരിക്കാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ല മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ അനധികൃതമായി ശമ്പളയിനത്തിൽ കൈപ്പറ്റിയത് ഒരു കോടിയോളം രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവർത്തനമെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടനം കഴിഞ്ഞ് സംസാരിക്കുകയായിരുന്നു തങ്ങൾ. വളരാൻ വേണ്ടി സുപ്രഭാതം നടത്തുന്ന മത്സരത്തിൽ ചിലർക്ക് അസൂയ സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം ഗൾഫിൽ എത്തുന്ന ചടങ്ങ് ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു.

തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്ത. സഭയ്ക്ക് ഒരു പോറലും ഏൽക്കില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. സസ്പെൻഷൻ സ്റ്റേ ചെയ്തതിന് പിന്നാലെ റാന്നി ക്നാനായ വലിയ പള്ളിയിൽ ശുശ്രൂഷകൾ നടത്തിയതിന് ശേഷമാണ് കരഞ്ഞുകൊണ്ട് മെത്രാപ്പൊലീത്ത പ്രതികരിച്ചത്.

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ മൃതദേഹം അമേരിക്കയിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെ കൊച്ചിയിൽ എത്തിച്ചു. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് ഏറ്റുവാങ്ങി.

മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് രാവിലെ നടന്ന അപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കാസർകോട് ബേത്തൂർപാറയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ബന്തടുക്ക സ്വദേശി കുഞ്ഞികൃഷ്ണൻ, ഭാര്യ ചിത്ര എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് 18 വയസുകാരനാണ് മരിച്ചത്. കുന്നുംപുറം എആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

പത്തനംതിട്ടയിൽ കനത്ത മഴയ്ക്കിടെ പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിൽ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. എന്നാൽ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍, ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണു വയോധികന് ദാരുണാന്ത്യം. ചാക്ക പരക്കുടി ലെയ്നിൽ വിക്രമനാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിക്രമൻ ഒറ്റക്ക് ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളത്തിൽ കാൽതെറ്റി വീണതിനെ തുടർന്ന് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം.

 

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്‍റെ മോചനത്തിനായുള്ള ദിയ ധനം ഏത് സമയവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പണം എങ്ങനെ കുടുംബത്തിന് കൈമാറണം എന്നത്‌ സംബന്ധിച്ച മാർഗനിർദേശം നൽകണമെന്ന് ഗവർണറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എഎപി പ്രതിഷേധത്തിന് എതിരെ സ്വാതി മലിവാൾ എംപി. 12 വർഷം മുമ്പ് എല്ലാവരും നിർഭയക്ക് വേണ്ടി തെരുവിലിറങ്ങി. എന്നാൽ ഇന്ന് തെളിവുകൾ നശിപ്പിച്ച ഒരു വ്യക്തിക്ക് വേണ്ടി തെരുവിൽ ഇറങ്ങുന്നുവെന്ന് സ്വാതി മലിവാൾ കുറ്റപ്പെടുത്തി. മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു എന്നും സ്വാതി മലിവാൾ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.

ദില്ലിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 44 ഡിഗ്രി വരെയായി ഉയർന്നേക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സ്ഥിതി ഒരാഴ്ചയോളം തുടരുമെന്നും പ്രവചനമുണ്ട്.

യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണ ടാര്‍ഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങള്‍ വ്യാജ സ്വദേശി നിയമനങ്ങള്‍ നടത്തിയത്. നിയമങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോക‌്‌സഭ തെരഞ്ഞെടുപ്പ് റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ പ്രസംഗം നിര്‍ത്തിവച്ച് നിര്‍ദേശം നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബംഗാളിലെ ബാങ്കൂര ജില്ലയിലെ തൃണമൂലിന്‍റെ തെരഞ്ഞെടുപ്പ് റാലിയില്‍ ശനിയാഴ്‌ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം. കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം. അല്ലാത്തപക്ഷം നിയമനടപടി നേരിേടണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മുകശ്മീരിൽ മുൻ സാർപഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അനന്ത് നാഗിൽ രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ജമ്മുകശ്മീരില്‍ ഇപ്പോഴും ഭീകരവാദം ഉണ്ടെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയതോടെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിയെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ല. ബാരിക്കേഡുകള്‍ മറികടന്നും പ്രവര്‍ത്തകര്‍ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തതോടെ നേതാക്കള്‍ റാലി വെട്ടിച്ചുരുക്കി വേദിവിടുകയായിരുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ ഖർഗെയുടെ മുന്നറിയിപ്പിന് ശേഷവും മമത ബാനർജിക്ക് നേരെ അധിക്ഷേപം തുടർന്ന സാഹചര്യത്തിൽ അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത് നൽകിയേക്കും. കോൺഗ്രസിനെ തകർക്കാൻ നടക്കുന്ന മമതയെ ഇന്ത്യ സഖ്യവുമായി സഹകരിപ്പിക്കാനാവില്ലെന്നും മമത അവസരവാദിയാണെന്നും, വിശ്വസിക്കാൻ കൊള്ളില്ലെന്നും ചൗധരി വിമർശിച്ചു.

 

അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കേ മുംബൈ നഗരത്തില്‍ കനത്ത സുരക്ഷ. മുംബൈയിലെ ലോക്‌സഭ മണ്ഡലങ്ങളില്‍ നാളെയാണ് പോളിംഗ്. ഇതിനാല്‍ നഗരത്തിലെ ഹൈവേകളിലും റോഡുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത വാഹനപരിശോധനയാണ് നടക്കുന്നത്. മൊബൈല്‍ സ്ക്വാഡുകളുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായ കിർഗിസ്താനിലെ ബിഷ്കേക്കിൽ സ്ഥിതി പൂർണ്ണമായും ശാന്തമായെന്ന് കിർഗ് സർക്കാർ അറിയിച്ചു. നഗരത്തിൽ വിദേശ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി 2700 പൊലീസുകാരെ അധികമായി നിയോഗിച്ചതായി സർക്കാർ അറിയിച്ചു. വിദ്യാർത്ഥികളെ ഇപ്പോൾ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ട്. ഇറാൻ വിദേശകാര്യമന്ത്രിയും ഹെലികോപ്റ്ററിൽ ഒപ്പമുണ്ടായിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *