Screenshot 2024 02 27 20 21 14 990 com.android.chrome edit 1

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്    കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന്   നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത് ഷാ യുടെ വിമര്‍ശനത്തിനുള്ള മറുപടിയാണ് കോടതി നൽകിയത്. ജൂൺ ഒന്ന് വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന  സംഭവത്തെപ്പറ്റി അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാൻ  മന്ത്രി നിര്‍ദേശം നല്‍കി.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക്  നല്‍കുക എന്ന ലക്ഷ്യത്തിന്റെ  ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു.കലാലയങ്ങളില്‍ നൈപുണ്യ വികസന സെന്ററുകള്‍ ആരംഭിക്കുമെന്നും സംവാദാത്മകമായ ക്ലാസ് മുറികള്‍ ഉണ്ടാകണമെന്നും മന്ത്രി ബിന്ദു പറഞ്ഞു. താല്‍പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും. നാലുവര്‍ഷ ബിരുദം സംബന്ധിച്ച്  അവബോധം നല്‍കാനായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ജേഴ്‌സി അഴിക്കുമെന്ന് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തീരുമാനം അറിയിച്ചത് . 2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിച്ച ശേഷം 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു.2011ല്‍ അര്‍ജുന അവാര്‍ഡും, 2019ല്‍ പത്മശ്രീയും, ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ വ്യാപക  വെള്ളക്കെട്ട്. ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം ആരംഭിച്ച കനത്ത മഴയില്‍ തലസ്ഥാനത്തെ പ്രധാനയിടങ്ങളെല്ലാം വെള്ളത്തിലായി. 9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്.

 

റേഷൻ കടകളുടെ പ്രവർത്തന സമയം മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.

ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വനിതാ കമ്മിഷന്‍. അതിജീവിത മരിച്ചത് കഴുത്തു ഞെരിഞ്ഞ് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.

സ്‌കൂള്‍ തുറക്കുന്നതിന് മുൻപുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടിയന്തിര നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.

കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മറ്റു മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു . മുഖ്യപ്രതി കെ. രതീശൻ്റെ റിയൽ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്. സൊസൈറ്റി സെക്രട്ടറി രതീശൻ ഈ സംഘാംഗങ്ങൾക്ക് തുക കൈമാറിയ ബാങ്ക് ഇടപാടുകൾ പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

സംസ്‌ഥാനത്തു കനത്ത വരൾച്ചയിൽ 257 കോടി രൂപയുടെ കൃഷി നാശം . കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇടുക്കിയിൽ വൻതോതിൽ കൃഷി നാശമുണ്ടായ പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. കൃഷി മന്ത്രി പി പ്രസാദിനൊപ്പം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ എന്ന പേരിൽ രാവിലെ 11 മണി മുതലാണ് പരിശോധന നടന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ആണ് പരിശോധന നടന്നത്.

അമീബിക് മസ്തിഷ്കജ്വരo ഉണ്ടോയെന്ന് സംശയത്തിൽ നിരീക്ഷണത്തിൽ ആയിരുന്ന 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. ഇതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അഞ്ച് വയസുകാരിക്ക്മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.

റോഡിൽ വാട്ടര്‍ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് പാലക്കാട് വടക്കന്തര സ്വദേശി സുധാകരന് ദാരുണാന്ത്യം . പാലക്കാട് പറക്കുന്നത്ത് ഇന്നലെ രാത്രിയാണ് സംഭവം.സ്കൂട്ടര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

പെരുമ്പാവൂര്‍ വേങ്ങൂരിലെ മഞ്ഞപ്പിത്തബാധയില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് .ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ ജല അതോറിറ്റിയുടെ വീഴ്ചയാണ് വ്യാപക മഞ്ഞപ്പിത്തബാധയ്ക്ക് കാരണമെന്ന് കണ്ടെത്തി. എന്നാല്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. വേങ്ങൂർ പഞ്ചായത്തിൽ 200ൽ അദധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടർ ആര്‍.ഡി.ഒയ്ക്ക് നിര്‍ദേശം നല്‍കി.

ഗുണ്ടകള്‍ക്കും, സാമൂഹികവിരുദ്ധര്‍ക്കും,ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാനത്ത് പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിൽ 243 പേര്‍ അറസ്റ്റിലായി. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും , വാറണ്ട് കേസിലെ പ്രതികളുമാണ് അറസ്റ്റിൽ ആയത്.സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിർദ്ദേശം നൽകി.

ജാമ്യം ലഭിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പ്രസ്താവന ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് കെജ്‌രിവാള്‍ പറഞ്ഞത്.

പശ്ചിമബംഗാളിലെ മാള്‍ഡയിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു. ആണ് മരിച്ചത്. രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ തീപിടുത്തം. ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വൻ ദുരന്തമാണൊഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

40 അടിയിൽ കൂടുതൽ വലുപ്പത്തിൽ ഉള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ മുംബൈയിൽ ബിഎംസി നിർദേശം നൽകി . ഘാട്കോപ്പറിൽ കഴിഞ്ഞ ദിവസമാണ് പെട്രോൾ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള ബോർഡ് വീണ് 16 പേർ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. ഇതിനെ തുടർന്നാണ് നടപടി .

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *