സ്‌കൂളുകള്‍ക്കു നാളെ അവധിയില്ല. മഴമൂലം സ്‌കൂളുകള്‍ക്കു അവധി നല്‍കിയിരുന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാളെ പ്രവൃത്തിദിവസമാക്കിയത്. പരീക്ഷ 24 ന് ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12 ന് സ്‌കൂള്‍ തുറക്കും.

രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് അടക്കം നാലു കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്തു. എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസുകാരാണ് ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചതെന്ന് എസ്പി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം സംഘര്‍ഷഭരിതം. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു. വിഴിഞ്ഞത്തെ തുറമുഖ സമരത്തില്‍ സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയിലേക്കു തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ചര്‍ച്ചയ്ക്കുണ്ടാകണം. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തീരത്തിനടുത്തുതന്നെ പുനരധിവാസം ഒരുക്കണം. അദ്ദേഹം നിര്‍ദേശിച്ചു. (ജീവന്മരണ പോരാട്ടം- ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/QqrdL_ow7O0 )

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. റാങ്കുപട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാടു കടത്താന്‍ നീക്കം. പതിനഞ്ച് കേസുകളില്‍ പ്രതിയാണെന്ന് ആരോപിച്ചാണ് പോലീസ് കാപ്പ ചുമത്താന്‍ നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് ഫര്‍സീന്‍ മജീദ് പറഞ്ഞു.

ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍. ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കിറ്റ് നല്‍കുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പിങ്ക് കാര്‍ഡുകാര്‍ക്ക്. 29 മുതല്‍ 31 വരെ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നുവരെ വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും. ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാത്തവര്‍ക്കു നാലാം തിയതി മുതല്‍ ഏഴാം തിയതിവരെ കിറ്റ് നല്‍കും. ഓണത്തിനുശേഷം കിറ്റ് വിതരണമില്ല.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

താന്‍ സിപിഎമ്മുകാരനാണെന്ന് പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ്. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിക്കുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. പ്രതികളായ വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണെന്ന പോലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സ്വപ്നയുടെ ഹര്‍ജി തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി.

‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസ് എടുക്കാത്തതിനെതിരേ പരാതിയുമായി അഭിഭാഷകന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. അഭിഭാഷകന്‍ ജിഎസ് മണി പോലീസില്‍ നല്‍കിയ പരാതിയില്‍ ജലീലിനെതിരേ കേസെടുക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തില്ലെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്.

കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. വിചാരണ സിബിഐ കോടതിയില്‍നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം.

ഓണക്കാലത്തു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കാന്‍ ഒരുങ്ങുന്നു. ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉല്‍സവബത്ത തുടങ്ങിയവ നല്‍കാന്‍ എണ്ണായിരം കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ചെലവാക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ കടമെടുക്കാനാകൂ.

മലയാളികളായ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ നേടിയവര്‍ക്കു സമ്മാനങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക നല്‍കിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കൊല്ലം താന്നിയില്‍ ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തങ്കശ്ശേരിയില്‍നിന്നു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി. പണം നല്‍കിയില്ലെങ്കില്‍ അഭിഭാഷകന്‍ പിന്‍വാങ്ങുമോയെന്നു ശങ്കയുണ്ട്. ഫീസ് കിട്ടാത്തതിനാല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന പി ഗോപിനാഥ് പിന്‍വാങ്ങിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാസിസ്റ്റാണെന്നും അധികാരത്തില്‍നിന്നു പുറത്താക്കാന്‍ പോരാട്ടം തുടരുമെന്നും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പിസി ജോര്‍ജ്. ഈ പോരാട്ടം ഗൂഢാലോചനയാണെില്‍ ആ ഗൂഢാലോചന തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഡാലോചന ആരോപിച്ചുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോര്‍ജിന്റെ ഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കേയാണ് ഈ പ്രതികരണം.

ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുള്ള കമ്മീഷന്‍ ഉടനേ വേണമെന്നു റേഷന്‍ വ്യാപാരികളുടെ സംഘടന. കുടിശികയായ 60 കോടി രൂപ നല്‍കാത്ത സര്‍ക്കാരിനെതിരെ നിയമ നടപടി തുടരുകയാണ്. കൊവിഡ് കാലത്ത് 11 മാസം കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ വിതരണം ചെയ്തിട്ടില്ല.

പറവൂരില്‍ യുവാവിനെ കത്തികൊണ്ടു കുത്തി പരിക്കേല്‍പ്പിച്ച ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി സ്വദേശി ടിന്റു ആണ് പിടിയിലായത്. ടിന്റു മകന്‍ ഫര്‍ഹാനെതിരേ (20) കത്തി വീശിയതു കണ്ട പിതാവ് ഫോര്‍ട്ട്കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീന്‍ (54) കുഴഞ്ഞുവീണു മരിച്ചിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ കണ്ണാടി കോഴിക്കോട് – വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ എന്ന ബസ് തകര്‍ത്തതു ചോദ്യം ചെയ്തതിനാണ് ആക്രമണം.

ആലപ്പുഴ പുന്നപ്രയില്‍ ട്രെയിനിടിച്ച് നന്ദു എന്ന യുവാവു മരിച്ച സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ കേസ്. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികളില്‍ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദിച്ചെന്നാണ് എഫ്ഐആറിലുള്ളത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടയില്‍ നന്ദു ട്രെയിന്‍ ഇടിച്ചു മരിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കൊച്ചിയില്‍ ഫ്ളാറ്റുകള്‍ക്കു പോലീസ് നിയന്ത്രണം. എല്ലാ ഫ്ളാറ്റിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. താമസക്കാരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സൂക്ഷിക്കണം. വാടകയ്ക്കു നല്‍കുന്നതിനു മുമ്പ് പോലീസിന്റെ ക്ളിയറന്‍സ് നേടണമെന്നും പൊലീസ് കമ്മീഷണര്‍. പാലിക്കാത്തവരെ കേസില്‍ പ്രതികളാക്കുമെന്നും മുന്നറിയിപ്പ്.

കാട്ടിക്കുളത്ത് മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള അടിപിടിക്കിടെ മധ്യവയസ്‌കന്‍ തലയിടിച്ചു വീണു മരിച്ചു. ചേലൂര്‍ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരി പുത്രനായ രാജ്മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിമാന മാര്‍ഗം ലഹരി കടത്തിയ സംഭവത്തില്‍ രണ്ടു യുവാക്കള്‍ തൃശൂരില്‍ അറസ്റ്റില്‍. കേച്ചേരി സ്വദേശികളായ ദയാല്‍ (27) , അഖില്‍ (22) എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിലോ എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു.

സുല്‍ത്താന്‍ ബത്തേരിയിലെ അല്‍ഫോണ്‍സാ കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പതിമൂന്നു പേര്‍ക്ക് പരിക്ക്. ജൂണിയര്‍ വിദ്യാര്‍ത്ഥികളുമായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.

കുട്ടിയെ സ്‌കൂളിലേക്കയക്കാന്‍ ബസ് കയറ്റിവിട്ട് റോഡരികിലൂടെ നടക്കുകയായിരുന്ന യുവതി ടിപ്പറിടിച്ച് മരിച്ചു. താമരശേരി ചുങ്കത്ത് ഫാത്തിമ സാജിദയാണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ടിപ്പര്‍ ലോറിയേയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രോഗിയെ എടുക്കാന്‍ പോയ 108 ആംബുലന്‍സ് തടഞ്ഞ് ജീവനക്കാരെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘാടകര്‍ ആക്രമിച്ചെന്ന് പരാതി. കൊല്ലം കാവനാട്ടാണ് സംഭവം. കൊല്ലം ജില്ലാ ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു രോഗിയെ കൊണ്ടുപാകാന്‍ വരുന്നതിനിടെയാണ് ആക്രമണം.

ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി ഏക്സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധനയുണ്ട്. മദ്യവില്‍പന സ്വകാര്യവത്കരിച്ചതിനു പിറകില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വകാര്യവത്കരണം പിന്നീടു റദ്ദാക്കി. നേരത്തെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും റെയ്ഡ് നടത്തി മന്ത്രിയെ അറസ്റ്റു ചെയ്തിരുന്നു.

മുംബൈ തീരത്ത് ആയുധങ്ങളടക്കമുള്ള ബോട്ട് കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണം. ബോട്ടിന്റെ ഉടമസ്ഥയായ ഓസ്ട്രേലിയന്‍ പൗരയുടെ മൊഴി രേഖപ്പെടുത്തും. ജൂണ്‍ 26 നാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് ബോട്ട് കടലില്‍ ഉപേക്ഷിച്ച് കൊറിയന്‍ നേവിയുടെ കപ്പലില്‍ സ്ത്രീയും ഭര്‍ത്താവും അടങ്ങുന്ന സംഘം ഒമാനിലേക്കു പോയത്.

ബിഹാര്‍ മഹാസഖ്യത്തില്‍ കല്ലുകടി. അഴിമതിക്കേസില്‍ കുടുങ്ങിയ ആര്‍ജെഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തികേയ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി ജെഡിയുവും കോണ്‍ഗ്രസും രംഗത്ത്. മന്ത്രി സ്ഥാനം ലഭിക്കാത്തതിനാല്‍ രാജിഭീഷണി മുഴക്കി ജെഡിയു എംഎല്‍എ ബിമ ഭാരതി രംഗത്തുണ്ട്.

മുംബൈ മാട്ടുംഗയിലെ ബാലസദനത്തിലെ അന്തേവാസിയായ പതിനാറുകാരനെ തല്ലിക്കൊന്നു. ഡേവിഡ് സസൂണ്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ നാലു കുട്ടികള്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഹാസ്വാന്‍ രാജ്കുമാര്‍ നിഷാദ് എന്ന പതിനാറുകാരനാണ് കൊല്ലപ്പെട്ടത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാറ്റ്ന ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. തെരഞ്ഞെടുപ്പിലെ ജനവിധിക്കെതതിരാണ് പുതിയ സഖ്യമെന്ന് ആരോപിച്ചാണ് ഹര്‍ജി.

ഹിന്ദുക്കളോടു ന്യൂനപക്ഷ വിവചേനം ഇല്ലെന്നും ന്യൂനപക്ഷമാണെന്നു ചിന്തിക്കരുതെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യാവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ധാക്കയിലെ ധാകേശ്വരി മന്ദിറില്‍ നടന്ന പരിപാടിയില്‍ വിര്‍ച്വലായി പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന്10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,950 രൂപയാണ്.

മലയാളി സ്റ്റാര്‍ട്ടപ്പായ ‘സെല്ലര്‍ആപ്പി’ല്‍ ഫ്ലിപ്കാര്‍ട്ടിന്റെ നിക്ഷേപക വിഭാഗമായ ഫ്ലിപ്കാര്‍ട് വെഞ്ചേഴ്സ് ഏകദേശം 4 കോടി രൂപയുടെ (5 ലക്ഷം ഡോളര്‍) നിക്ഷേപം നടത്തി. രാജ്യമാകെ 6 സ്റ്റാര്‍ട്ടപ്പുകളിലാണ് ഫ്ലിപ്കാര്‍ട് നിക്ഷേപം നടത്തിയത്. ഫ്ലിപ്കാര്‍ട്ടിനു പുറമേ കോണ്‍ഗ്ലോ വെഞ്ചേഴ്സ് അടക്കമുള്ള നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നുള്ള തുക കൂടി കണക്കാക്കിയാല്‍ ഏകദേശം 15 കോടിയോളം രൂപയാണ് ഈ റൗണ്ടില്‍ ബെംഗളൂരു ആസ്ഥാനമായ സെല്ലര്‍ആപ്പിനു ലഭിച്ചത്. ഹരിപ്പാട് സ്വദേശിയായ ദിലീപ് വാമനനാണ് കമ്പനിയുടെ സ്ഥാപകന്‍. ഇകൊമേഴ്സ് ശൃംഖലകളില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന സെല്ലര്‍മാര്‍ക്ക് ഡേറ്റ അധിഷ്ഠിതമായ പിന്തുണ നല്‍കുന്ന സ്ഥാപനമാണ് 2017ല്‍ ആരംഭിച്ച സെല്ലര്‍ആപ്പ്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നച്ചത്തിരം നഗര്‍ഗിരത്’. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘നച്ചത്തിരം നഗര്‍ഗിരതി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും. തന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ‘ആട്ടക്കത്തി’ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയാണിത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രണ്‍ബിര്‍ കപൂര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഷംഷേര. കരണ്‍ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയറ്ററില്‍ വന്‍ തിരിച്ചടിയായിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ രണ്‍ബിര്‍ ചിത്രം ‘ഷംഷേര’ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. ആരവങ്ങളൊന്നുമില്ലാതെ റിലീസ് തിയ്യതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ഇപ്പോള്‍ ചിത്രം സ്ട്രീം തുടങ്ങിയത്. മിഥുന്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. വാണി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് വില്ലനായി അഭിനയിച്ചത്.

ലംബോര്‍ഗിനിയുടെ എസ്യുവി മോഡലായ ഉറൂസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസില്‍. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്നതാണ് ഈ ആഡംബര എസ്യുവി. ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോര്‍ഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത് എന്നാണ് വിവരം. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ വി8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയറും ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഉണ്ട്.

മനുഷ്യകേന്ദ്രീകൃതമായ പ്രമേയങ്ങളില്‍നിന്നും മാറി ജീവജാലങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തെ ആവാഹിക്കുന്ന ഈ കഥകള്‍ വായനയുടെ ബോധാകാശത്തിലെ ഇലകളില്‍ കാറ്റിന്റെ സ്പര്‍ശമുണര്‍ത്തുന്നു. പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഇലകളില്‍ കാറ്റ് തൊടുമ്പോള്‍’. പി സുരേന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 142 രൂപ.

ഹാര്‍ട്ട് ഫെയ്ലിയറായാല്‍ അതിജീവിക്കുന്നവരുടെ എണ്ണം കാന്‍സര്‍ അതിജീവിതരെക്കാള്‍ കുറയുന്നതായും രാജ്യത്ത് ഏഴില്‍ ഒരാള്‍ ഹാര്‍ട്ട് ഫെയ്ലിയര്‍ സംഭവിച്ച് 90 ദിവസത്തിനുള്ളില്‍ മരിക്കുന്നതായും കണ്ടെത്തല്‍. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം പരിചരണ കുറവും മരുന്നുകള്‍ കൃത്യമായി കഴിക്കാത്തുമാണ് രോഗം മൂര്‍ച്ഛിക്കാനും മരണത്തിനും കാരണമാകുന്നത്. രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി 40 ശതമാനത്തില്‍ കുറയുമ്പോഴാണ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ ഉണ്ടാവുന്നത്. ഹൃദയാഘാതമാണ് ഇതിന് പ്രധാന കാരണം. വാല്‍വ് തകരാര്‍ ഉള്‍പ്പെടെ ഹൃദയത്തിന്റെ മറ്റ് രോഗാവസ്ഥകളും കാരണങ്ങളാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 2018 മുതല്‍ 2021വരെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഓരോ 23സെക്കന്‍ഡിലും ഒരു ഹാര്‍ട്ട് ഫെയ്ലിയര്‍ രോഗിയെന്ന നിലയില്‍ പ്രതിവര്‍ഷം രാജ്യത്ത് 14ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ 90,000 മുതല്‍ 1,20,000 വരെയാണ് രോഗികളുടെ എണ്ണം. ശ്രീചിത്രയിലെ പ്രൊഫ.ഡോ.ഹരികൃഷ്ണന്‍, അസോ.പ്രൊഫ.ഡോ.ജീമോന്‍ പന്യംമാക്കാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 21 സംസ്ഥാനങ്ങളിലെ 53 ആശുപത്രികളിലായി 11,000 പേരെയാണ് പഠനവിധേയമാക്കിയത്. പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഹാര്‍ട്ട് ഫെയ്ലിയര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ പത്തില്‍ ഏഴുപേര്‍ക്കും ഹാര്‍ട്ട് അറ്റാക്കാണ് ഹാര്‍ട്ട് ഫെയ്ലിയറിന് കാരണം. ശരാശരി 60വയസുള്ളവരെയാണ് പഠനവിധേയമാക്കിയത്. ജീവിത ശൈലിയും ഭക്ഷണക്രമവും കാരണം ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരില്‍ മാത്രമാണ് ഹാര്‍ട്ട് ഫെയ്ലിയര്‍ ഉണ്ടാകുന്നതെന്ന ധാരണ തെറ്റാണെന്നും പഠനത്തില്‍ കണ്ടെത്തി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.80, പൗണ്ട് – 94.92, യൂറോ – 80.50, സ്വിസ് ഫ്രാങ്ക് – 83.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.12, ബഹറിന്‍ ദിനാര്‍ – 211.71, കുവൈത്ത് ദിനാര്‍ -259.51, ഒമാനി റിയാല്‍ – 207.28, സൗദി റിയാല്‍ – 21.25, യു.എ.ഇ ദിര്‍ഹം – 21.73, ഖത്തര്‍ റിയാല്‍ – 21.92, കനേഡിയന്‍ ഡോളര്‍ – 61.50.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *