Screenshot 2024 02 27 20 21 14 990 com.android.chrome edit 4

ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ടും മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തില്‍ ആവശ്യപ്പെട്ടു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്റെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ തിരിച്ച് നിക്ഷേപിക്കാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സംസ്ഥാനത്തെ കൊടുംചൂട് ക്ഷീര മേഖലയേയും ബാധിച്ചെന്ന് മില്‍മ. . പാല്‍ ഉല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാലെത്തിച്ചാണ് നിലവിലെ പ്രതിസന്ധി മറികടക്കുന്നത്. പ്രതിദിനം ആറര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

കടുത്ത ചൂടിനിടയില്‍ കൊല്ലം ജില്ലയില്‍ ശക്തമായ വേനല്‍ മഴ. ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഓണമ്പലം സെന്റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരന്‍ തുളസീധരന്‍ പിള്ള (65) ആണ് മരിച്ചത്.

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 ന് പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നുമാണ് ആരോപണവുമായി ദല്ലാള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവില്‍–ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ നോട്ടീസ് അയച്ചത്.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ കൈ തരിപ്പ് മാറ്റാന്‍ പറ്റിയ ചീര്‍ത്ത കവിളുകള്‍ ഉള്ളവര്‍ ബിജെപിയില്‍ തന്നെയുണ്ടെന്നും അവരുടെ ചെകിട്ടത്ത് അടിച്ച് ശോഭ കൈയുടെ തരിപ്പ് തീര്‍ത്താല്‍ മതിയെന്നും തന്റെ കരണകുറ്റിക്ക് അടിക്കുമെന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം . ഒരു കരണത്ത് അടിക്കുമ്പോള്‍ മറുകരണം കാണിച്ച് തരുന്നവരല്ല ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്.

ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ സിഐടിയു. മെയ് 2 മുതല്‍ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്‌ക്കാരം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാന്‍ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ് .

മെയ് രണ്ട് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനത്തില്‍ എണ്‍പതിനായിരം അധ്യാപകര്‍ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളില്‍ പ്രയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രായോഗിക പരിശീലനം നല്‍കി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നില്‍ കാഴ്ച വയ്ക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

പ്രചാരണ കാലത്തെ പരാമര്‍ശങ്ങളൊന്നും മനപൂര്‍വ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും പന്ന്യന്‍ രവീന്ദ്രനെ ഫോണില്‍ വിളിച്ച് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. ചില പരാമര്‍ശങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നായിരുന്നു പന്ന്യന്റെ മറുപടിയെന്നും റിപ്പോര്‍ട്ടുകള്‍.

നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന നവകേരള ബസ് മെയ് അഞ്ച് മുതല്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാന്‍ പാകത്തില്‍ രൂപമാറ്റം വരുത്തി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ റിലീസ് കാത്ത് കിടക്കുകയാണ് ബസ് ഇപ്പോള്‍. പുലര്‍ച്ചെ നാലു മണിക്കായിരിക്കും കോഴിക്കോട് നിന്ന് പുറപ്പെടുക. രാവിലെ 11.35ന് ബെംഗളൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്കുശേഷം 2.30ന് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. 1171 രൂപയാണ് ബെംഗളൂരുവരെയുള്ള ടിക്കറ്റ് നിരക്ക്.

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്തിനെന്ന് സുപ്രീംകോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തര്‍ മേഖലയില്‍ മാത്രം ഈ വര്‍ഷം 88 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

വെടിനിര്‍ത്തലിലെത്തുകയും ബന്ദികളെ വിട്ടയക്കലുമാണ് ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. റിയാദില്‍ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *