ട്രയംഫ് സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400 എക്‌സ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് ഒമ്പത് മാസത്തിലേറെയായി. ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ ബൈക്കുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നിവയുടെ വിലയില്‍ 1500 രൂപ വര്‍ധിച്ചു. വിലവര്‍ദ്ധനവിന് ശേഷം മോട്ടോര്‍സൈക്കിളുകളുടെ വില യഥാക്രമം 2,34,497 രൂപയും 2,64,496 രൂപയുമാണ്. ട്രയംഫ് സ്പീഡ് 400 2.33 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയപ്പോള്‍ ആദ്യ 10,000 ബുക്കിംഗുകളുടെ പ്രാരംഭ വില 2.23 ലക്ഷം രൂപയായിരുന്നു. സ്‌ക്രാമ്പ്‌ളര്‍ 400എക്‌സ് 2,62,996 രൂപയ്ക്ക് പുറത്തിറക്കി. കെടിഎമ്മിനെ അപേക്ഷിച്ച് ട്രയംഫ് 400 സിസി മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോഴും താങ്ങാനാവുന്ന വിലയാണ്. ഇത് നിര്‍മ്മിക്കുന്നതും ബജാജാണ്. 398 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 39.5 ബിഎച്പി കരുത്തും 37.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്വിച്ചുചെയ്യാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയവ ബൈക്കിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.